Tuesday, June 23, 2009
ബ്ലോഗനയില്‍
കഥയല്ല നിജത്തിലെ സ്പാസ്മോ പ്രോക്സിവോണ്‍ എന്ന പോസ്റ്റ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ജൂണ്‍ 28 ലക്കത്തിലെ ബ്ലോഗനയില്‍. ഒറിജിനലിന്റെ ലിങ്ക് ഇവിടെ http://kadhyalla.blogspot.com
Friday, June 05, 2009
സ്പാസ്മോപ്രോക്സിവോണ്‍
തലക്കെട്ടു വായിച്ചിട്ട് ഒന്നും മനസിലാകാത്തവര്‍ അന്തംവിടണ്ട. പുതിയ ലോകചെസ് ചാമ്പ്യന്റെയോ മറ്റോ പേരാണെന്ന് തെറ്റിധരിക്കുകയും വേണ്ട. ഓര്മവെച്ച കാലം മുതല്‍ എന്നോടൊപ്പമുള്ള മൈഗ്രൈന്‍ എന്ന ചങ്ങാതി കൈവിട്ടു കളിക്കുമ്പോള്‍ മൂക്കുകയറിടാനുള്ള വേദനാസംഹാരിയാണ് കഥാനായകന്.
ചോദ്യചിഹ്നത്തിന്റെ ആകൃതിയിലുള്ള സ്വന്തം തല എന്റെ മുന്നില്‍ ഇടയ്ക്കിടെ ഒരു ചോദ്യചിഹ്നമാകാറുണ്ട്. പ്രത്യേകിച്ചും സാധാരണക്കാരുടെ തലയിലൂടെ കൂളായി കേറിപ്പോകുന്ന കൊന്ത, വെന്തിങ്ങ, മാല തുടങ്ങിയ സാമഗ്രികള്‍ ഈ ചോദ്യചിഹ്നത്തിനു മുന്നില്‍ പകച്ചു നില്ക്കുമ്പോള്. എന്തിനധികം പറയുന്നു? കുറെ ദിവസം മുമ്പ് ഒരു ഹെല്‍മെറ്റ് മേടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ട് പെട്ട പാട് എനിക്കേ അറിയൂ. പരമാവധി അഞ്ഞൂറു രൂപയായിരുന്നു ആദ്യ ബജറ്റ്. ചങ്ങനാശേരീല് നാലു കടേല് കേറിയപ്പം ട്രെന്‍ഡ് മനസ്സിലായി. അതോടെ എനിക്കു പറ്റിയ ഒരെണ്ണം കിട്ടാന്‍ എത്ര രൂപവേണേലും വീശാമെന്നായി.
``ചേട്ടാ ഈ തലയ്ക്കു പറ്റുന്ന ഒരെണ്ണം വേണം'' എന്നു പറയുമ്പോ ഇതുപോലെ എത്ര തലകണ്ടതാ മോനെ എന്ന ഭാവത്തോടെയാണ് കടക്കാരന് സാധനം നെരത്താന്‍ തൊടങ്ങുന്നത്. ഫുള്ളും ഹാഫും പകുതി മടക്കി പൊറകോട്ടു മറ്റാവുന്നതും ഒക്കെ. എന്നിട്ട് എന്തുകാര്യം! താടി അകത്തു കേറുമ്പോ തലേടെ പിന്നാമ്പുറം പുറത്താകും, പിന്നാമ്പുറം കേറുമ്പോള്‍ താടി പുറത്ത്! നേരത്തെ അവജ്ഞ കാട്ടിയ കടക്കാരന്റെ ഭാവം നിസ്സഹായതയ്ക്ക് വഴിമാറും.``ചേട്ടനു പറ്റുന്ന സാധനം കിട്ടുമെന്നു തോന്നുന്നില്ല. പോലീസു പടിച്ചാല് എന്റെ പൊന്നു സാറേ ഈ തല കേറുന്ന ഒരെണ്ണം മേടിച്ചു തന്നാ കാശ് എത്രവേണെലും തരാം എന്നു പറഞ്ഞാ മതി''-ഉപദേശം ചങ്ങനാശേരില്‍ ഏറ്റവുമധികം ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന കടേലെ സെയില്‍സ്മാന്റെ വക.
അന്വേഷണം കോട്ടയത്തും എറണാകുളത്തും എത്തിയിട്ടും സ്ഥിതി തഥൈവ. ഒടുവില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനു സമീപമുള്ള ഹോള്‍സെയില്‍ കടയിലുണ്ടായിരുന്ന വിരലിലെണ്ണാന്‍ പോന്ന എക്സ്ട്രാ ലാര്‍ജുകളില്‍ ഒന്നിലാണ് എന്റെ തല കീഴടങ്ങിയത്.

അങ്ങനെ സവിശേഷമായ ഈ തലയ്ക്ക് പണ്ടേക്കു പണ്ടേ തലവേദന വലിയൊരു തലവേദനയാണ്. കുഞ്ഞുന്നാളില്‍ പൂണ്ടു വിളയാടുന്നതിനിടയില്‍ ഭിത്തിയിലും കട്ടിലിന്റെ ക്രാസിയിലുമൊക്കെ ശിരോമുദ്രചാര്‍ത്തിയതിന്റെ ശേഷിപ്പാണ് വേദനയെന്നായിരുന്നു അമ്മയുടെ കണ്ടെത്തല്‍. ഭിത്തിയും ക്രാസിയുമൊക്കെപ്പോകട്ടെ, മലയാറ്റൂര്‍ മലേലെ തോമാശ്ലീഹായുടെ കാല്‍പ്പാടുപോലെ പാറയില്‍ തല പതിപ്പിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാകും? ഇത് എന്റെ വീട്ടിലുള്ള ദോഷൈകദൃക്കുകള്‍ ഉന്നയിക്കുന്ന ചോദ്യം. പക്ഷെ, ഒന്നും ബോധപൂര്‍വമായിരുന്നില്ല,റബര്‍തോട്ടത്തില്‍ അയല്പക്കക്കാരെല്ലാം സന്നിഹിതരായിരുന്ന ഒരു വെടിവെട്ടത്തിനു നടുവില്‍ സാക്ഷാല്‍ ജയനെ അനുകരിക്കാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ജയന്റെ മരണവും കോളിളക്കവുമൊക്കെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കുന്ന കാലം. ജയന് ചാടുന്നപോലെ ചാടാം എന്നു പറഞ്ഞ് അന്‍പതു മീറ്ററോളം ഓടിവന്ന് തോട്ടത്തിന്റെ സൈഡിലെ നാലു മീറ്റളോളം താഴ്ച്ചയുള്ള തൊണ്ടിന്റെ വക്കിലെത്തി ചാട്ടം അഭിനയിച്ച് വെറുതെ ഒന്ന് ഓങ്ങി മടങ്ങാനാരുന്നു പ്ലാന്‍.
പക്ഷെ, ഓട്ടത്തിന്റെ വേഗത്തില്‍ ടൈമിംഗ് പാളി, ബ്രേക്ക് പോയി. തലകുത്തി തൊണ്ടിലെ വലിയൊരു പാറയില്‍ ക്രാഷ്ലാന്റ് ചെയ്തു. ആയുസിന്റെ പുസ്തകത്തില്‍ താളു ബാക്കിയൊണ്ടാരുന്നകൊണ്ട് അന്ന് പരലോകത്ത് ജയനു കമ്പനി കൊടുക്കേണ്ടിവന്നില്ല.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ചികിത്സ തേടാത്ത ആഴ്ച്ചകള്‍ കുറവായിരുന്നു. എന്റെ തലവേദന കോട്ടയം ജില്ലയിലെ പല പ്രമുഖ ശിരോരോഗവിദഗ്ധര്‍ക്കും തലവേദനയായി മാറി. മറ്റു പലരെയുംപോലെ എനിക്കും തല വെട്ടിപ്പൊളിക്കുന്നതുപോലുള്ള വേദനയില്‍ ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അരോചകമായിതോന്നും. അതൊക്കെ പോട്ടെന്നു കരുതാം; കോളേജില്‍ പഠിക്കുമ്പോള്‍ ഉച്ചഭക്ഷണത്തിന് വീട്ടീന്നു തരുന്ന കാശ് പോക്കറ്റിലട്ട് പട്ടിണിനിന്ന് ജീവന്മരണപ്പോരാട്ടം നടത്തി ടിക്കറ്റ് സംഘടിപ്പിച്ച് സിനിമാ തിയേറ്ററിനുള്ളില്‍ കേറുമ്പോള്‍ തലവേദനയുണ്ടായാലത്തെ കാര്യം പറയാനൊണ്ടോ?
സംഗതി മൈഗ്രൈനെന്ന ഒഴിയാബാധയാണെന്ന് പറഞ്ഞത് ഒരു ഡോക്ടറാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെതന്നെ ട്രൈമോള്‍ എന്ന വേദനാസംഹാരിയെ ഞാന്‍ കൂടെക്കൂട്ടി. വര്‍ഷങ്ങളോളം അവളെ എനിക്കു പിറക്കതെപോയ മോളെപ്പോലെ കൊണ്ടുനടന്നു. യാത്രയിലും സിനിമാ തിയേറ്ററിലും പരീക്ഷാഹാളിലുമൊക്കെ ട്രൈമോള്‍ എന്റെ വേദയെ പിടിച്ചുകെട്ടി. വേദന വരുമ്പോള്‍ വായില്‍ കയ്യിട്ട് ഛര്‍ദ്ദിക്കുന്ന ചില മൈഗ്രൈനന്‍മാരോട് ഈ മോളെ പരീക്ഷിക്കാന്‍ ഞാന്‍ ഉപദേശിച്ചു.
2003ല്‍ വയറുവേദനയെ തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കിടന്നപ്പോഴാണ് ട്രൈമോള്‍ കള്ളിയങ്കാട്ട് നീലിയെക്കാള്‍ ഭയങ്കരിയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.
വൃക്കയില്‍ ക്രയാറ്റിനിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്റെ ആരോഗ്യ, ചികിത്സാ ചരിത്രങ്ങള്‍ ചികഞ്ഞുപോയ ഡോക്ടര്‍മാര്‍ ആ കുടലയുടെ ക്രൂരകൃത്യമാണിതെന്ന് ഒടുവില്‍ കണ്ടെത്തുകയായിരുന്നു. പക്ഷെ, ഒരുവെടിക്കുള്ള സംഗതിയില്ലാതെ എനിക്ക് മുന്നോട്ടു പോകാമ്പറ്റുവോ? അങ്ങനെയാണ് ട്രോമോള്ക്കു പകരം സ്പാസ്മോപ്രോക്സിവോണിന്റെ രംഗപ്രവേശം.
ഡോക്ടര്‍തന്നെയാണ് പുതിയ വേദനാസംഹാരി കുറിച്ചത്. നീലനിറത്തിലുള്ള സുന്ദരന്‍ ക്യാപ്സൂളാണ് കഥാനായകന്. വൃക്കയെയും മറ്റും ദ്രോഹിക്കുമെന്ന പേടിവേണ്ട. വേദന ദൂരേന്നു പുറപ്പെട്ടിട്ടുണ്ടെന്ന സിഗ്നല്‍ കിട്ടുമ്പോള്‍ അവനെ നൈസായി അകത്തോട്ടു വിടും. പിടിച്ചു നിര്‍ത്തിയപോലെ വേദന ക്ലോസ്!. അവിടംകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. പതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ ഒരു പെഗ് കഴിച്ച സുഖം. ചെറിയൊരു ഉന്മാദാവസ്ഥ, ശരീരത്തിനു കനം കുറയുകയും സ്വപ്നങ്ങള്‍ക്ക് നിറമേറുകയും ചെയ്യുന്നപോലെ. കക്കുസില്‍ പോയാല്‍ കൊള്ളാമെന്നൊരു തോന്നല്‍. രണ്ടെണ്ണം ഒന്നിച്ചുകഴിച്ചാല്‍ പിന്നെ ആലീസിന്റെ അത്ഭൂതലോകത്തോ തൃശൂര്‍ പൂരത്തിന്റെ കമ്പക്കെട്ടിനു നടുവിലോ ചെന്നെത്തിയ പ്രതീതി.
ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് ഞാന്‍ സ്പാസ്മോപ്രോക്സിവോണ്‍ കുറെ വാങ്ങി കരുതിവെച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്റ്റോക്ക് തീര്‍ന്നു, കുറിപ്പടി കാണാതെ പോയി. നോക്കണെ ഗതികേടു വരുന്ന വഴി. ഒരു ദിവസം എറണാകുളം നഗരത്തില്‍ സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തലവേദന സിഗ്നലിട്ടു. കലൂരിലെ ഒരു മെഡിക്കല്‍ ഷോപ്പിലേക്ക് ഓടിക്കയറി.
``ചേട്ടാ നാലു സ്പാസ്മോ പ്രോക്സിവോണ്‍''
``ഇല്ല''
മറുപടി പെട്ടെന്നായിരുന്നു. തൊട്ടടുത്ത കടയിലേക്ക് പാഞ്ഞു. അവിടെയും നോ രക്ഷ. ഇപ്പോള്‍ ആ ക്യാപ്സൂള്‍ എടുക്കുന്നില്ലെന്നും അടുത്തകാലത്തെങ്ങും വരില്ലെന്നും കടയുടമ വ്യക്തമാക്കി. ലിസി ജംഗ്ഷനിലെ മൂന്നു ഷോപ്പുകളിലും കഥാനായകന് ഇല്ലേയില്ല.
``വെറുതെ നമ്മക്ക് പണിയുണ്ടാക്കല്ലേ, പോ.. പോ''
കച്ചേരിപ്പടിയിലെ മെഡിക്കല്‍ ഷോപ്പുടമയുടെ വര്‍ത്തമാനത്തില്‍ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്.
``എന്താ ചേട്ടാ പ്രശ്നം. ഗുളിക ചോദിച്ചതിന് എന്തിനാ ചൂടാകുന്നത്?''
``ഞാന്‍ ഇവിടെ ഇരിക്കാന്‍ തൊടങ്ങീട്ട് കൊറെയായി. ഇതൊക്കെ ഒരുപാടു കണ്ടതാ''.
അയാള്‍ ഒടക്കു മുറുക്കുകയാണ്. തലവേദന കലശലായി. നേരത്തെ ഡോക്ടറുടെ കുറിപ്പ് കാണിച്ച് മരുന്നു വാങ്ങിയ ഷോപ്പിലെത്തി. ഇല്ലെന്നായിരുന്നു അവിടെയും ആദ്യ പ്രതികരണം. പത്രപ്രവര്ത്തകനാണെന്നും ഡോക്ടറുടെ കുറിപ്പുമായി നേരത്തെ വന്നിരുന്നെന്നും പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു. ഷോപ്പുടമയ്ക്ക് ദയനീയാവസ്ഥ ബോധ്യമായി.
``അത് സംഗതി അല്‍പ്പം പെശകാ. പിള്ളാരുസെറ്റ് കോളേല് കലക്കിക്കുടിക്കുന്ന സാധനാ. പൂസാകാനേയ്. അതോണ്ട് പ്രിസ്ക്രിപ്ഷന് ഇല്ലാതെ കൊടുക്കുന്നില്ല''
സംഗതീടെ കെടപ്പുവശം അപ്പഴാ പിടികിട്ടിയത്. ക്യാപ്സൂള്‍ കഴിച്ചശേഷമുള്ള ഉന്മാദാവസ്ഥയെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. രണ്ടോ മൂന്നോ ക്യാപ്സൂളിലെ പൊടി കൊക്കക്കോളയിലോ പെപ്സിയിലോ ഇട്ടു കഴിച്ചാല്‍ പിന്നെ പറയാനൊണ്ടോ?പിന്നീട് ഗൂഗിള്‍ സെര്‍ച്ചില്‍ പോയി സ്പാസ്മോപ്രോക്സിവോണ്‍ എന്ന് അടിച്ചപ്പോള്‍ കഥാനായകന്റെ അപദാനങ്ങളുടെ നീണ്ടനിര. മികച്ചൊരു വേദനാസംഹാരി എന്നതിലുപരി ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഏറെ.
പിറ്റേന്നുതന്നെ ഡോക്ടറെക്കണ്ട് വിവരം പറഞ്ഞ് ഒരു കുറിപ്പു വാങ്ങി മുന്‍കരുതലായി സൂക്ഷിച്ചു.കയ്യില്‍ ക്യാപ്സൂളും കുറിപ്പും ഇല്ലാത്ത വേളകളില്‍ തലവേദന വന്നപ്പോഴൊക്കെ കടക്കാരുടെ കാലുപടിക്കുകയും ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് ഇരക്കുകയുമൊക്കെ ചെയ്യാന്‍ ജാള്യം തീരെയില്ലാതായി.
``നിന്നെയൊക്കെപ്പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുയാണ് വേണ്ടത്''
അരിശത്തോടെ ആക്രോശിച്ച എറണാകുളം സൗത്തിലെ ഷോപ്പുടമ പ്രസ്കാര്‍ഡ് കണ്ടപ്പോള്‍ തണുത്തു. കാര്യം വിശദമാക്കിയപ്പോള്‍ ഒരു ക്യാപ്സൂള്‍ തന്നു.
കോളാവിദ്യയെക്കുറിച്ച് അറിവില്ലാഞ്ഞിട്ടാണോ എന്നെ അറിയാവുന്നതുകൊണ്ടാണോ എന്തോ നാട്ടിമ്പുറത്തെ ഷോപ്പുകളില്‍നിന്ന് ഒരിക്കലും ഇല്ല എന്ന വാക്ക് കേള്‍ക്കേണ്ടിവന്നിട്ടില്ല. 2006ല്‍ സൗദി അറേബ്യയിലേക്ക് പോകുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള സ്റ്റോക്ക് വാങ്ങിയത് അവിടുത്തെ രണ്ടു ഷോപ്പുകളില്‍നിന്നായാണ്.
എനിക്കൊപ്പം മൈഗ്രൈനും സൗദിയിലേക്ക് പോന്നിരുന്നു. മൂന്നു വര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച് വീണ്ടും എറണാകുളത്ത് വേരുറപ്പിക്കുമ്പോള്‍ ഡോക്ടറുടെ കുറിപ്പ് കരുതാന്‍ മറന്നു.നഗരം വെയിലില്‍ തിളച്ച ഒരു പകലില്‍ തലവേദനയില്‍ ഞാന്‍ പുളഞ്ഞു. ഗത്യന്തരമില്ലാതെ മെഡിക്കല്‍ ഷോപ്പിലേക്ക് നടക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു.നാലു ഷോപ്പുകളില്‍ കയറിയിറങ്ങി കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. എന്തെങ്കിലും ഒരു വേദനാസംഹാരി തന്നാല്‍ മതിയെന്ന എന്റെ യാചനയ്ക്കു മുന്നില്‍ നാലാമത്തെ ഷോപ്പിലെ സെയില്സ്മാന് കനിഞ്ഞു. എതോ ഒരു ഗുളിക കിട്ടി. അര മണിക്കൂറിനുള്ളില്‍ വേദന തെല്ലു ശമിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി നഗരമധ്യത്തിലെ ഒരു ലോഡ്ജില്‍ സ്നേഹിതന് രാജേഷിനെ സന്ദര്‍ശിക്കാനിടയായി. ലോഡ്ജിലെ ജൂനിയര്‍ താരങ്ങള്‍ ടെറസ്സില്‍ ഒരു മദ്യപാനസദിരിലാണ്. ഭൂരിഭാഗവും നഗരത്തില്‍ വിവിധ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍. രാജേഷിന്റെ സഹമുറിയനായ കണ്ണൂരുകാരന് എംബിഎ വിദ്യാര്‍ഥി ഫെലിക്സിന്റെ ക്ഷണം സ്നേഹത്തോടെ നിരസിച്ച് ഞങ്ങള്‍ മുറിയില്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫെലിക്സ് മുകളില്‍നിന്ന് മുറിയിലേക്കു വന്നു.
``ചേട്ടാ, സാധനം തീര്‍ന്നു. അവമ്മാര് ഒച്ചപ്പാടാ''.
``പന്ത്രണ്ടരയായി. ഇനി എവിടെ കിട്ടാനാ? ബാറും ഇപ്പം അടച്ചിട്ടൊണ്ടാകും''-രാജേഷ് പറഞ്ഞു.
``സാധനം കിട്ടത്തില്ല, അറ്റകൈ തന്നെ, അല്ലാതെന്തു ചെയ്യാനാ''-മേശവലിപ്പു തുറന്ന് പഴ്സ് എടുത്ത് ജീന്‍സിന്റെ പോക്കറ്റില്‍ തിരുകി ഫെലിക്സ് പുറത്തേക്കിറങ്ങി.
``അവന് തിരിച്ചുവരുന്നതുവരെ വെയ്റ്റ് ചെയ്താല്‍ നിനക്ക് ഡെസ്ക് ടോപ്പ് ഡിസ്റ്റിലറി കാണാം''-രാജേഷ് എന്നോടു പറഞ്ഞു.
പതിനഞ്ചു മിനിറ്റിനുള്ളില്‍ ഫെലിക്സ് രണ്ടു കുപ്പി പെപ്സിയുമായി തിരിച്ചെത്തി. മേശവലിപ്പില്‍നിന്ന് ഒരു പൊതിയെടുത്തു തുറന്നു. അതില്‍ എനിക്ക് സുപരിചിതമായ സ്പാസ്മോ പ്രോക്സിവോണ്‍ ക്യാപ്സൂളിന്റെ പത്തോളം സ്ട്രിപ്പുകള്‍. ഒരു കുപ്പിയിലെ പെപ്സി ഒരു പാത്രത്തിലേക്ക് പകര്‍ത്തിയശേഷം ക്യാപ്സൂളുകള് ഒന്നൊന്നായി പൊട്ടിച്ച് അതിലെ പൊടി കോളയിലേക്ക് ഇട്ടു. വീര്യമേറുന്നതിന്റെ സൂചനക നല്കി കോള വിറച്ചുയര്‍ന്ന് താഴുന്നു. പിന്നെ പാത്രത്തില്‍നിന്ന് കുപ്പിയിലേക്ക് പകര്‍ന്ന് ടെറസ്സിലേക്ക്.
തലപിളര്‍ക്കുന്ന വേദന പിടിച്ചുനിര്‍ത്താന്‍ ഒരു ക്യാപ്സൂളിനായി ഞാന്‍ യാചിക്കുന്ന നഗരത്തില്‍തന്നെയാണ് ഇതും നടക്കുന്നത്. മെഡിക്കല്‍ ഷോപ്പുകാരെ എന്തിനു പഴിക്കണം?.ഇതുവരെ അവരെ പ്രാകിയതിന് ഈശോ മറിയം ഔസേപ്പേ...!എന്നോടു പൊറുക്കണേ...
--------------------------------------------------
ഇതിലെ വരുന്നവരുടെ ശ്രദ്ധയ്ക്ക്
ഇതു വായിച്ചിട്ട് സ്പാസ്മോപ്രോക്സിവോണ്‍ നേരിട്ടോ കോള മുഖേനയോ പരീക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഈയുള്ളവന് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.

Subscribe to:
Posts (Atom)