
മുംബൈ ഓഹരി വിപണിയുടെ കുതിപ്പ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയാണ്. റോക്കറ്റു പോലെ ഉയര്‍ന്ന ഓഹരി വിപണിയുടെ നെറുകയിലായിരുന്ന മുകേഷ് അംബാനി ഒടുവില്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെപ്പോലും അട്ടിമറിച്ച് ലോക സന്പന്നരില്‍ ഒന്നാമനായാണ് ലാന്‍ഡ് ചെയ്തത്.
മുകേഷിന്റെ നേട്ടം ആഘോഷിക്കുന്നതില്‍ മാധ്യമങ്ങള്‍ ഒട്ടും പിശുക്കു കാട്ടിയില്ല. ഇത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തിനു വകനല്കുന്ന മുന്നേറ്റമാണ്. ശൂന്യതയില്‍നിന്നും റിലയന്‍സ് ഗ്രൂപ്പ് എന്ന മഹാപ്രസ്ഥാനം പടുത്തുയര്‍ത്തിയ ധീരുഭായ് അംബാനിയുടെ മകനല്ലേ? ഇതല്ല, ഇതിലപ്പുറവും നേടിയാലും അത്ഭുതമില്ല. കാലിച്ചായ കുടിക്കാന്‍ കയ്യില്‍ കാശില്ലെങ്കിലും ഏത് ഇന്ത്യക്കാരനും എവിടെയും, പ്രത്യേകിച്ച് വിദേശത്ത് നെഞ്ചു നിവര്‍ത്തി നിന്ന് പറയാം -ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്റെ നാട്ടുകാരനാണെന്ന്.
മുകേഷിന്റെ നേട്ടം ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദിവസമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള മുപ്പതിനായിരത്തോളം ഭൂരഹിതരായ പട്ടിണിപ്പാവങ്ങള്‍ ഒരുതുണ്ടു ഭൂമിക്കു വേണ്ടി യാചിച്ച് ദല്‍ഹിയില്‍ പ്രകടനം നടത്താന്‍ ഒരുങ്ങിയത്.
ഏകതാ പരിഷത്തിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും ഒരു മാസംകൊണ്ട് പദയാത്രയായി മൈലുകള്‍ താണ്ടിയെത്തിയ ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രതിഷേധിക്കാന്‍ പോലും അവസരം ലഭിച്ചില്ല. രാംലീല മൈതാനത്തുനിന്നും ജന്ദര്‍മന്ദിറിലേക്ക് പോകാന്‍ അനുവദിക്കാതെ അവരെ പോലീസ് തടയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഭൂപരിഷ്കരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിദഗ്ധ സമതി രൂപീകരിക്കുമെന്ന് ഗ്രാമവികസന മന്ത്രി രഘുവംശ പ്രസാദ് പ്രഖ്യാപിച്ചു.
പ്രകടനം നടന്നില്ലെങ്കിലും രാംലീല മൈതാനത്ത് കുത്തിയിരിപ്പു നടത്തിയ പ്രതിഷേധക്കാരില്‍ ഏറെപ്പേര്‍ക്കും ചെറിയൊരു ആശ്വാസമുണ്ടായിരുന്നു. സ്വദേശത്ത് തിരിച്ചെത്തുതുവരെ പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍ നല്കുന്ന ഭക്ഷണം കൊണ്ട് വിശപ്പടക്കാം. നാട്ടിലെത്തിയാല്‍ മുഴുപ്പണിയാണ്.
ആക്രോശങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മുതിര്‍ില്ലെങ്കിലും അവര്‍ നല്കിയ സന്ദേശം വ്യക്തമായിരുന്നു. ലോകം മുഴുവന്‍ ചര്‍ച്ചാവിഷമായ ഇന്ത്യയിലെ സാമ്പത്തിക മുന്നേറ്റേം രാജ്യത്തെ മഹാഭൂരിപക്ഷത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തെരുവുകളിലും ചേരികളിലും കഴിയുന്ന, കൃഷിയിടങ്ങളിലും പണിശാലകളിലും വിയര്‍പ്പൊഴുക്കുന്ന ലക്ഷക്കണക്കനാളുകളുടെ നീക്കിയിരിപ്പ് പട്ടിണിയാണ്. മുകേഷ് അംബാനിയുടെ വരുമാനം 6320 കോടി ഡോളറാണെങ്കില്‍ ഇന്ത്യയിലെ 450 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രതിദിനം ഒരു ഡോളര്‍ പോലും വരുമാനമില്ലെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു ഭാഗത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലകളൊരുക്കുന്നു. അതിനായി കര്‍ഷകരെ സ്വന്തം കിടപ്പാടങ്ങളില്‍നിന്ന് ബലമായി കുടിയൊഴിപ്പിക്കുന്നു. അംബാനിയും മിത്തലുമൊക്കെ ആഗോള ഭീമന്മാരായി മാറുമ്പോള്‍ ഡോളര്‍ കണക്കുകളുടെയും സെന്‍സെക്സ് നിരക്കിന്റെയും കാര്യത്തില്‍ നിരക്ഷരരായ ഭൂരിപക്ഷം അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കെല്‍പ്പില്ലാതെ നരകിക്കുന്നു. ഭൂപരിഷ്കരണം പഠിക്കുന്നതിന് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദഗ്ധ സമിതിക്കും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്.
ഭൂരിപക്ഷത്തിന്റെ ഗതികേടിന് അംബാനിയെയും മിത്തലിനെയുംപോലെയുള്ള സമ്പരെ പഴിച്ചിട്ടു കാര്യമില്ല. പരമ്പരകളായി കൈമാറിവന്ന സമ്പത്തിനൊപ്പം സ്വന്തം അധ്വാനവും ബിസിനസ് വൈഭവവുമാണ് അവരെ നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളിലേക്ക് നയിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ദാരിദ്യ്രം ഇല്ലാതാക്കിയിട്ട് ആര്‍ക്കെങ്കിലും ലോകത്തിലെ സമ്പന്നരുടെ നിരയില്‍ മുന്നിലെത്താനാകുമോ? ചില്ലറ വിപണി ഉള്‍പ്പെടെ സാധാരണക്കാരന്റെ ഉപജീവന മാര്‍ഗങ്ങളൊക്കെ കവര്‍ന്നെടുക്കപ്പെടുന്നത് ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതമായി കരുതി ആശ്വസിക്കുകയും ചെയ്യാം.
പക്ഷെ, മുകേഷ് അംബാനിയും ലക്ഷ്മി രത്തന്‍ മിത്തലും വിജയ് മല്യയുമൊക്കെ തങ്ങളെ പരിഹസിക്കുമ്പോള്‍ ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് സ്വന്തം ജന്മത്തെ പഴിക്കുകയല്ലാതെ എന്തു ചെയ്യാനാകും?
മുകേഷ് നൂറുകോടി ഡോളര്‍ ചെലവിട്ട് മുംബൈ നഗരമധ്യത്തില്‍ പടുത്തുയര്‍ത്തുന്ന മാളികതയൊണ് ഇന്ത്യയിലെ സന്പന്ന വര്‍ഗം താഴേക്കിടയിലുള്ളവരോടു നടത്തുന്ന വെല്ലുവിളിയുടെ ഉത്തമ ഉദാഹരണം. റിലയന്‍സ് സാമ്രാജ്യത്തിന്റെയും മുകേഷ് കുടുംബത്തിന്റെയും ആസ്ഥാനമാകാന്‍ പോകുന്ന അള്‍ട്ടാ മൌണ്ട് റോഡിലെ 27 നില സൌധത്തിന് (എല്ലാ നിലകളുടെയും സീലിംഗ് ഏറെ ഉയരത്തില്‍ സ്ഥാപിക്കുന്നതിനാല്‍ ഇതിന് സാധാരണ 60 നില കെട്ടിടത്തിന്റെ ഉയരം വരും) കഥകളിലെ സൌഭാഗ്യ ദ്വീപായ ആന്റിലയുടെ പേരാണ് നല്‍കിയിരിക്കുന്നത് ലക്ഷക്കണക്കിനാളുകള്‍ കിടപ്പാടമില്ലാതെ കഴിയുന്ന, ഒരു ചുവട് മണ്ണ് സ്വന്തമായി കിട്ടുന്നതുതന്നെ വലിയ ഭാഗ്യമായി കരുതപ്പെടുന്ന നഗരത്തിനു നടുവില്‍ മൂന്നു ഹെലിപ്പാഡുകള് ഉള്‍പ്പെടെ 48000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അംബരചുംബി കെട്ടിപ്പൊക്കാന്‍ കഴിയുന്നത് സൌഭാഗ്യമല്ലാത മറ്റെന്താണ്?. ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി നിയമം കാറ്റില്‍ പറത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അംബാനിക്ക് എന്തു നിയമം?.
നാളെ ഈ സൌഭാഗ്യ കൊട്ടാരത്തിന്റെ നെറുകയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ പുഴുക്കളെപ്പോലെ കഴിയുന്ന മനുഷ്യര്‍ മുംബൈ നഗരത്തിനും രാജ്യത്തിനും അപമാനമാണെന്ന് മുകേഷിന് തോന്നിയേക്കാം. ഓഫീസ് കം റസിഡന്‍സിനുള്ളില്‍തന്നെ ഹെലിപ്പാഡ് ഉള്ള സാഹചര്യത്തില്‍ അവരുടെ അറപ്പുളവാക്കുന്ന സാന്നിധ്യത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് ആകുലപ്പെടേണ്ടതില്ല.
ബിസിനസിലെ പോലെ പുതിയ വീടിന്റെ കാര്യത്തിലും വിമര്‍ശനം ഉന്നയിക്കുന്നത് അസൂയക്കാരും ശത്രുക്കളുമാണെന്ന് മുകേഷ് ചിന്തിക്കുക സ്വാഭാവികം. പ്രത്യേകിച്ചും സ്വന്തം സഹോദരന്‍തന്നെ ശത്രുപക്ഷത്തുള്ളപ്പോള്‍. ആര്ഭാടങ്ങള്ക്ക് ഒരു പരിധി വേണമെന്ന് പറയുന്നവര്‍ കമ്യൂണിസ്റ്റുകാര്‍ എക്കാലവും കട്ടന്‍ചായയും പരിപ്പുവടയുമായി കഴിയണമെന്ന് വാദിക്കുവരെപ്പോലെ പിന്തിരിപ്പന്മാരാണെന്ന് അദ്ദേഹത്തിന് തോന്നിയേക്കാം. എങ്കിലും തിരക്കിനിടയില്‍ അല്പം സമയം കണ്ടെത്തി സമ്പരുടെ പട്ടികയില്‍ തനിക്കു പിന്നില്‍ നാലാം സ്ഥാനത്തുള്ള വാറന്‍ ബഫറ്റ് എന്ന അമേരിക്കക്കാരനെക്കുറിച്ച് മുകേഷ് ഒരു അന്വേഷണം നടത്തുന്നത് നന്നായിരിക്കും.
പതിനൊന്നാം വയസില്‍ ബിസിനസില്‍ ചുവടുവെച്ച ബഫെറ്റിന് ഇപ്പോള്‍ പ്രായം 77. ബര്‍ക്ക്ഷയര്‍ ഹാത്തവേ എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്. അമേരിക്കയിലെ സന്പന്നരും വന്‍ വ്യവസായികളും താമസിക്കു വന്‍കിട നഗരങ്ങളില്‍നിന്ന് ഏറെ അകലെ ഒമാഹയിലെ ഫാര്‍നം സ്ട്രീറ്റില്‍ 48 വര്‍ഷം മുമ്പ് 31,500 ഡോളറിന് വാങ്ങിയ വീട്ടിലാണ് ബഫെറ്റിന്റെ താമസം. പതിനഞ്ചു വര്‍ഷത്തോളം ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പുതിയ കാഡിലാക് ഡി.ടി.എസ് വാങ്ങിയെങ്കിലും അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്യുത്. സാധാരണക്കാരുമായി ഇടപഴകാന്‍ ബഫെറ്റ് സമയം കണ്ടെത്തുന്നു. അഞ്ഞൂറു ഡോളറിലധികം വിലയുള്ള സ്യൂട്ടും മുന്നൂറു ഡോറളിലധികം വിലയുള്ള വാച്ചും ധരിക്കാറില്ല. ബഫെറ്റിന് അംഗരക്ഷകരുമില്ല.
ഇന്ത്യയെപ്പോലെ തെണ്ടികളുടെയും പട്ടിണിപ്പാവങ്ങളുടെയും ബാഹുല്യമില്ലാത്ത രാജ്യത്താണ് കഴിയുതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെച്ചത് മൂവായിരം കോടി ഡോളറാണ്. പക്ഷെ ആ പണം എങ്ങനെ ചെലവഴിക്കണമെന്ന് ബഫെറ്റിന് അറിയില്ലായിരുന്നു. അതുകൊണ്ട് ബില്‍ ഗേറ്റ്സും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന് കൈമാറി.
(2004ല്‍ മകളുടെ വിവാഹത്തിനായി 55 ദശലക്ഷം ഡോളര്‍ പൊടിച്ച ലക്ഷ്മി രത്തന്‍ മിത്തലിനോട് മുന്‍പൊരിക്കല്‍ ജീവകാരുണ്യ ഫണ്ടിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തനിക്ക് അതിന് പ്രായമായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മിത്തലിന് ഇപ്പോള്‍ പ്രായം 57. 48ആം വയസില്‍ വൃദ്ധനായെന്നു തോന്നിയതിനാലാകാം ബില്‍ ഗേറ്റ്സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം വാരിയെറിഞ്ഞത്!). ലോകത്തിലെ സമ്പരുടെ ഗണത്തില്‍ പല കാരണങ്ങള്‍കൊണ്ടും വേറിട്ടു നില്ക്കുന്ന ബഫെറ്റിന്റെ മാനേജ്മെന്റ് നയങ്ങളും സവിശേഷമാണ്. മാനേജര്‍മാരെ ഇടക്കിടെ മീറ്റിംഗിന് വിളിക്കുന്ന പതിവില്ല. നാളെ തങ്ങള്‍ ജീവനോടെയില്ലെങ്കില്‍ ഓഫീസില്‍ എന്തൊക്കയാണ് ചെയ്യാനുള്ളത് എന്ന് വ്യക്തമാക്കുന്ന ഒരു കത്ത് അവര്‍ ബഫെറ്റിന് അയക്കണം. അത് അദ്ദേഹം രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.
തന്റെ കാലശേഷം കമ്പനിയുടെ സാരഥ്യം ആരു വഹിക്കുമെന്ന കാര്യത്തില്‍ ആശങ്കയോ മക്കളെ ചുമതലയേല്‍പ്പിക്കാനുള്ള വ്യഗ്രതയോ ബഫെറ്റിനില്ല. "അടുത്തയിടെ കമ്പനി ഡയറക്ടര്‍ബോര്‍ഡ് ചേര്‍ന്ന് പുതിയ സാരഥിയാകാന്‍ കഴിവുള്ള മൂന്നുപേരെ തെരഞ്ഞെടുത്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരില്‍ ഒരാള്‍ എന്നെക്കാള്‍ നന്നായി സ്ഥാപനം മുന്നോട്ടു കൊണ്ടുപോകും''
ബഫറ്റിനെ കണ്ടുപടിക്കാന്‍ മുകേഷ് അംബാനിയോട് പറായനാവില്ല. കാരണം ഇപ്പോള്‍ മുകേഷ് ഒന്നാമനല്ലേ. 'പിശുക്കനും ദരിദ്രവാസിയുമായ ഈ വൃദ്ധന്' നാലാമനും.