Tuesday, May 17, 2011

അത്ഭുത രോഗശാന്തി - ഡാരന്‍ ബ്രൗണ്‍ പൊളിച്ചടുക്കുന്നു


ബ്രിട്ടനിലെ വിഖ്യാതമായ ചാനല്‍ ഫോര്‍ സംപ്രേഷണം ചെയ്ത  Miracles for sale എന്ന പരിപാടി അഞ്ചു ഭാഗങ്ങളായി യൂട്യൂബില്‍ വന്നതിന്‍റെ ലിങ്കുകള്‍ ചുവടെ. 


വെറുമൊരു സാധാരണക്കാരനെ രോഗശാന്തി ശുശ്രൂഷകനായി വളര്‍ത്തുന്ന
ഡാരന്‍ ബ്രൗണ്‍  നമ്മുടെ നാട്ടിലെ നാട്ടിലെ ചെറുതും വലുതുമായ
രോഗശാന്തികളുടെ ഉള്ളുകള്ളികള്‍ ഒരുപരിധിവരെ തുറന്നുകാട്ടുന്നു.






Sunday, July 25, 2010

ജോസഫ് പുലിക്കുന്നേലുമായി അഭിമുഖം

മധ്യകേരളത്തിലെ ക്രിസ്ത്യാനികള്‍ കേരളാകോണ്‍ഗ്രസല്ല
ജസ്റ്റിന്‍ പതാലില്‍
മാതൃഭൂമീ ആഴ്ച്ചപ്പതിപ്പ് 2010 ജൂലൈ 4ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

ജോസഫ്‌ പുലിക്കുന്നേല്‍
1932ല്‍ കോട്ടയം ജില്ലയിലെ ഇടമറ്റത്ത്‌ ജനനം. മൈസൂര്‍ സെന്റ്‌ ഫിലോമിനാസ്‌ കോളേജ്‌, മദ്രാസ്‌ ലെയോള കോളേജ്‌, മദ്രാസ്‌ പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1958 മുതല്‍ 1967 വരെ കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌ കോളേജില്‍ അധ്യാപകനായിരുന്നു. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ്‌ അംഗമായും, കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ്‌ സ്ഥാപക നേതാക്കളില്‍ ഒരാള്‍. കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദി എന്ന നിലയില്‍ അറിയപ്പെടുന്ന ഇദ്ദേഹം ഓശാന മാസികയുടെ സ്ഥാപക എഡിറ്ററും ഗുഡ്‌ സമരിറ്റന്‍ പ്രോജക്‌ട്‌്‌ ഇന്ത്യ, കാത്തലിക്ക്‌ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി, ഭാരതീയ ക്രൈസ്‌തവ പഠനകേന്ദ്രം എന്നിവയുടെ സ്ഥാപകനും ഓശാന മൗണ്ട്‌ സ്ഥാപനങ്ങളുടെ ഓണററി ഡയറക്‌ടറുമാണ്‌.




അടുത്തകാലംവരെ സര്‍ക്കാരിന്റെ ചില നയപരിപാടികള്‍ക്കെതിരായ ശക്തമായ നിലപാടുകളുടെ പേരിലാണ്‌ കേരളത്തിലെ കത്തോലിക്കാ സഭ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടത്‌. അതേസമയം ബിഷപ്പുമാര്‍ രാഷ്‌ട്രീയത്തില്‍ ചരടുവലി നടത്തുന്നു എന്നതാണ്‌ ഒടുവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. കേരളാ കോണ്‍ഗ്രസ്‌ മാണി, ജോസഫ്‌ വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ സഭയാണെന്നും ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ ശക്തമായ വര്‍ഗീയ ധ്രൂവീകരണത്തിന്‌ വഴിതെളിക്കുമെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും സഭയിലെ പരിഷ്‌കരണവാദിയുമായ താങ്കള്‍ ഈ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?


സത്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ ഒരു കത്തോലിക്കാ രാഷ്‌ട്രീയപ്പാര്‍ട്ടി എന്ന നിലയ്‌ക്ക്‌ രൂപീകരിച്ചതല്ല. ആരംഭകാലം മുതല്‍ ഈ പാര്‍ട്ടിയെ ശക്തമായി എതിര്‍ത്തിരുന്നത്‌ കത്തോലിക്കാ സഭയായിരുന്നു. അന്ന്‌ കേന്ദ്രത്തില്‍ അധികാരം കോണ്‍ഗ്രസിനായിരുന്നു. അധികാരത്തിലിരിക്കുന്നവരെ പിന്തുണയ്‌ക്കുക എന്നതായിരുന്നു എന്നും സഭയുടെ നയം. സര്‍ സി.പി. ഭരിച്ചപ്പോള്‍ സി.പിയെ പിന്തുണച്ചു. പിന്നെ ജനാധിപത്യ ഭരണം വരികയും കോണ്‍ഗ്രസിന്റെ കയ്യില്‍ അധികാരം കിട്ടുകയും ചെയ്‌തപ്പോള്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചു.

കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായതും കേരളാ കോണ്‍ഗ്രസ്‌ രൂപീകരിക്കപ്പെട്ടതും ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. ഏതു പ്രസ്ഥാനത്തിന്റെയും ജനനവുമായി ബന്ധപ്പെട്ട്‌ ഒരുപാട്‌ മിത്തുകളുണ്ടാകും. ആ മിത്തുകള്‍ ചില രീതിയില്‍ വളര്‍ത്തേണ്ടത്‌ ചിലരുടെ ആവശ്യമാണ്‌. കേരളം സൃഷ്‌ടിച്ചത്‌ പരശുരാമനാണെന്ന മിത്ത്‌ വളരെ മനോഹരമാണ്‌. ക്ഷത്രിയനായ പരശുരാമന്‍ മഴുവെറിഞ്ഞ്‌ കേരളമുണ്ടാക്കി ബ്രാഹ്‌മണര്‍ക്ക്‌ കൊടുത്തു എന്നത്‌ ബ്രാഹ്‌മണാധിപത്യം നിലനിര്‍ത്തുന്നതിനുവേണ്ടി സൃഷ്‌ടിക്കപ്പെട്ട ഒരു മിത്താണ്‌. വിഷ്‌ണു വാമനനായി വന്ന്‌ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി എന്ന മിത്തിന്റെ ലക്ഷ്യവും ബ്രാഹ്‌മണാധിപത്യമാണ്‌. അതുപോലെ കേരളാ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ ആരംഭംമുതല്‍ പല മിത്തുകളുമുണ്ടായി. അതിലൊന്നാണ്‌ കത്തോലിക്കാസഭയുടെ പിന്തുണയിലാണ്‌ പാര്‍ട്ടി ഉണ്ടായത്‌ എന്നത്‌.
രണ്ടാമത്തേത്‌ മന്നത്ത്‌ പത്മനാഭനാണ്‌ പാര്‍ട്ടി സ്ഥാപിച്ചത്‌ എന്നതാണ്‌.

കേരളാ കോണ്‍ഗ്രസ്‌ സ്ഥാപിച്ചത്‌ 1964 ഒക്‌ടോബര്‍ ഒന്‍പതാം തീയതിയാണ്‌. ഞാന്‍ അന്ന്‌ കോഴിക്കോട്ടുനിന്നുള്ള കെ.പി.സി.സി അംഗമാണ്‌. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി സ്ഥാപിക്കുകയായിരുന്നില്ല. പി.ടി. ചാക്കോയോട്‌ കോണ്‍ഗ്രസ്‌ സാമാന്യ മര്യാദപോലും കാണിച്ചില്ല എന്ന ഒരു വലിയ വികാരം കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ടായിരുന്നു. കത്തോലിക്കരേക്കാളുപരിയായി മറ്റു മതസ്ഥരുടെ ഇടയിലായിരുന്നു അത്‌ ശക്തം.

ആര്‍. ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്താങ്ങിയതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസില്‍നിന്ന്‌ പുറത്തായ പതിനഞ്ച്‌ എം.എല്‍.എ മാരുടെ പട്ടിക നോക്കിയാല്‍ അത്‌ നമുക്ക്‌ മനസ്സിലാക്കാം. അതിലുള്ള അഞ്ചു കത്തോലിക്കരില്‍ കെ.എം. ജോര്‍ജ്‌, സി.എ. മാത്യു, കുസുമം ജോസഫ്‌ എന്നിവര്‍ ചാക്കോയ്‌ക്ക്‌ എതിരുമായിരുന്നു.

1964 ഓഗസ്റ്റ്‌ ഒന്നിന്‌ ചാക്കോ മരിച്ചതോടെ പാര്‍ട്ടി അദ്ദേഹത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിനോടുള്ള പ്രതിഷേധം പ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ധിച്ചു. അടുത്ത ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പായിരുന്നു. ആരെല്ലാം സ്ഥാനാര്‍ത്ഥികളാകണം എന്ന്‌ തീരുമാനിക്കേണ്ടത്‌ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റിയാണ്‌. കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ എറണാകുളത്തു നടന്നു. ഞാനും പങ്കെടുത്തിരുന്നു. അതില്‍ ചാക്കോയെ പിന്തുണച്ചിരുന്ന വിഭാഗത്തിന്‌ പ്രാതിനിധ്യം കിട്ടിയതേയില്ല. അന്ന്‌ എല്ലാക്കാര്യങ്ങളും ചെയ്‌തിരുന്നത്‌ സി.എം. സ്റ്റീഫനാണ്‌. തനിക്ക്‌ അഭിമതരായവരെ മാത്രമേ സ്റ്റീഫന്‍ നിലനിര്‍ത്തൂ എന്ന്‌ അറിയാമായിരുന്നു. അങ്ങനെവരുമ്പോള്‍ തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടില്ലെന്ന്‌ എല്ലാവര്‍ക്കും മനസ്സിലായി. ഈ സാഹചര്യത്തിലാണ്‌ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതും ആര്‍.ശങ്കര്‍ മന്ത്രിസഭ വീഴുന്നതും. അന്നും ഒരു പാര്‍ട്ടി ഉണ്ടാക്കണമെന്ന്‌ ആര്‍ക്കും ഉദ്ദേശമുണ്ടായിരുന്നില്ല.

മന്ത്രിയായ പി.ടി. ചാക്കോക്കെതിരെ കോണ്‍ഗ്രസ്‌ എം.എല്‍.എ തന്നെയായ പ്രഹ്‌ളാദന്‍ ഗോപാലന്‍ നിസഭാമന്ദിരത്തിനു മുന്നില്‍ സത്യഗ്രഹമിരുന്നിട്ട്‌ അച്ചടക്ക നടപടിയെടുക്കാത്തത്‌ ശരിയല്ലെന്നും അതിന്റെപേരില്‍ ചാക്കോയെ ബലികഴിക്കുകയല്ല വേണ്ടതെന്നുമുള്ള വാദമുയര്‍ത്തി ഞാന്‍ ഒരു പ്രസ്‌താവനയിറക്കി. അതിനുപിന്നില്‍ യാതൊരു വര്‍ഗീയ ചിന്തയുമില്ലായിരുന്നു. അതിനെ തുടര്‍ന്ന്‌ എന്നെ പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. അക്കാലത്ത്‌ ഞാന്‍ രാഷ്‌ട്രീയം ഉപേക്ഷിച്ചുവരികയായിരുന്നു.

അധ്യാപകനായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയം ഒരു തൊഴിലായിരുന്നില്ല. എന്റെ രാഷ്‌ട്രീയം വേദികളിലായിരുന്നു. പ്രസംഗിക്കാന്‍ വിളിക്കും. കോണ്‍ഗ്രസിനുവേണ്ടി പ്രസംഗിക്കും. എന്നെ ഐകകണ്‌ഠ്യേന ഓരോ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കും. അതുകൊണ്ടുതന്നെ പാര്‍ട്ടി നടപടികള്‍ എന്നെ ബാധിച്ചതേയില്ല. കോണ്‍ഗ്രസില്‍നിന്ന്‌ പോന്നാല്‍ പോന്നു, അത്രേയുണ്ടായിരുന്നു. വാശിയോ വൈരാഗ്യമോ ഒന്നും തോന്നിയില്ല.

അവിശ്വാസപ്രമേയത്തിനൊപ്പം നിന്ന എം.എല്‍.എമാരില്‍ ആര്‍ക്കും കോണ്‍ഗ്രസുമായി ഭിന്നിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ ഇവര്‍ പതിനഞ്ചു പേരും പുറത്താക്കപ്പെട്ടതോടെ സാഹചര്യം മാറി. പി.ടി. ചാക്കോ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും ഒരിക്കലും സംഭവിക്കുമായിരുന്നില്ല. കപ്പലില്‍നിന്ന്‌ ചാടാന്‍ എളുപ്പമാണ്‌, എങ്ങനെ തുഴഞ്ഞുനീങ്ങും എന്ന്‌ അദ്ദേഹം ചോദിച്ചത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പി.ടി. ചാക്കോയുടെ കുടുംബത്തിന്‌ അന്ന്‌ ഒരു ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. എങ്ങനെയെങ്കിലും അവരെ രക്ഷിക്കുന്നതിന്‌ മരണാനന്തരം ഒരു കമ്മിറ്റിയുണ്ടാക്കി. ഒരു ലക്ഷം രൂപ പിരിക്കുകയും ചെയ്‌തു. അത്‌ പ്രധാനമായും തിരുവിതാംകൂര്‍ ഭാഗത്തുനിന്നായിരുന്നു. പണം കൈമാറുന്നതിനായി കോട്ടയം തിരുനക്കര മൈതാനത്ത്‌ ഒക്‌ടോബര്‍ ഒമ്പതിന്‌ ഒരു യോഗം സംഘടിപ്പിച്ചു. അതിനു മുന്നോടിയായി രാവിലെ ചാക്കോ അനുകൂലികളുടെ ഒരു യോഗം നടന്നു. പത്തു നൂറ്റയിരുപതു പേര്‍ അതില്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍നിന്നും പറത്തായ എംഎല്‍എമാരില്‍ എല്ലാവരും എത്തിയിരുന്നില്ല. കെ.എം. ജോര്‍ജും സി.എ മാത്യുവും മറ്റുമുണ്ടായിരുന്നു. അവരെല്ലാം രാഷ്‌ട്രീയമായി നിരാശരാണ്‌. പലര്‍ക്കും രാഷ്‌ട്രീയത്തില്‍ തുടരണമെന്നുതന്നെയില്ല. അവിടെവെച്ചാണ്‌ ഒരുപാര്‍ട്ടി ഉണ്ടാക്കണം എന്ന നിര്‍ദേശമുണ്ടായത്‌.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ളവര്‍ക്ക്‌ ഏതെങ്കിലും പാര്‍ട്ടിയില്ലാതെ പറ്റില്ല. കെ.എം. ജോര്‍ജിനൊക്കെ താല്‍പര്യമുണ്ട്‌. ബാലകൃഷ്‌ണപിള്ളക്ക്‌ അങ്ങേയറ്റം താല്‍പര്യമുണ്ട്‌. പാര്‍ട്ടി രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതും അതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചതും ഞാനാണ്‌. യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഞങ്ങളാണെന്നും ബഹുഭൂരിപക്ഷം വോട്ടര്‍മാരും ഞങ്ങള്‍ക്കൊപ്പമാണെന്നും കേന്ദ്ര നേതൃത്വത്തിന്‌ കാണിച്ചുകൊടുക്കുകയായിരുന്നു പാര്‍ട്ടി രൂപീകരണത്തിന്റെ ലക്ഷ്യം. 1965 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പായി. പുതിയ പാര്‍ട്ടിക്ക്‌ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ പോലും നിര്‍വാഹമില്ല. ഓരോരുത്തരെ വീട്ടില്‍ ചെന്ന്‌ വിളിച്ചുകൊണ്ടുവരണം. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ ചെലവിന്‌ കാശു കിട്ടും. പക്ഷെ, ഞങ്ങള്‍ക്ക്‌ അതില്ല. സ്വന്തം കൈമുടക്കിലേ മത്സരിക്കാമ്പറ്റൂ.കോണ്‍ഗ്രസിന്റെ പതാകയുടെ നടുവിലെ ചര്‍ക്ക നീക്കി കേരളാ കോണ്‍ഗ്രസിന്റെ കൊടിയാക്കാം എന്നു തീരുമാനിച്ചു. എന്ന്‌ കോണ്‍ഗ്രസ്‌ ഞങ്ങളെ സ്വീകരിക്കുന്നോ അന്ന്‌ ചര്‍ക്ക കൂട്ടിച്ചേര്‍ത്ത്‌ കോണ്‍ഗ്രസിന്റെ ഭാഗമായിത്തീരാം എന്നതുള്‍പ്പെയുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതും ഞാനാണ്‌. യോഗം അത്‌ കയ്യടിച്ച്‌ പാസാക്കി. ഇതിനു പിന്നില്‍ വേറെ ആരും ഇല്ലായിരുന്നു. ഇത്‌ എവിടെപ്പോയി നില്‍ക്കും എന്നൊരു ചിന്ത അപ്പോഴേ ഉണ്ടായിരുന്നു. പിന്നെ നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടേ എന്ന നിലയിലാണ്‌ ചെയ്‌തത്‌.

മന്നത്തു പത്മനാഭന്‍ ഈ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച്‌ അറിഞ്ഞതേയില്ല. അന്ന്‌ ഉച്ചകഴിഞ്ഞ്‌ തിരുനക്കരയില്‍ നടന്ന സമ്മേളനത്തിന്‌ മന്നം സ്റ്റേജില്‍ എത്തിയശേഷം പാര്‍ട്ടി രൂപീകരിച്ച കാര്യം കെ.എം. ജോര്‍ജ്‌ അദ്ദേഹത്തിന്റെ ചെവിയില്‍ പറയുകയായിരുന്നു. അദ്ദേഹം സമ്മേളനത്തില്‍ പാര്‍ട്ടിക്ക്‌ ആശംസ നേരുകയും പിന്തുണ പ്രഖ്യാപിക്കുകയുംചെയ്‌തു. ഞങ്ങളുടെ ഉദ്ദേശം തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിലേക്ക്‌ മടങ്ങുക എന്നതായിരുന്നു. തിരഞ്ഞെടുപ്പില്‍ 25 സീറ്റ്‌ കിട്ടി. അന്ന്‌ എല്ലാത്തിനും കുറേ കാശുമുടക്കിയത്‌ കേരളധ്വനി പത്രാധിപര്‍ ഡോ. ജോര്‍ജ്‌ തോമസാണ്‌. കോണ്‍ഗ്രസിന്‌ നിരുപാധികം പിന്തുണ നല്‍കാം എന്ന്‌ പ്രസ്‌താവിക്കണമെന്ന്‌ ഞാന്‍ കെ.എം. ജോര്‍ജിനോട്‌ പറഞ്ഞു. ജോര്‍ജ്‌ അങ്ങനെ ചെയ്‌തെങ്കിലും സ്റ്റീഫന്‌ അത്‌ ഇഷ്‌ടമായില്ല. കെ.സി.ഏബ്രഹാം ഡല്‍ഹിയില്‍ പോയി ഇതിന്‌ പാരവച്ചു. അങ്ങനെ തൂക്കുമന്ത്രിസഭയായി. അത്‌ പിരിച്ചുവിടപ്പെടുകയും ചെയ്‌തു. 25 സീറ്റ്‌ കിട്ടിയ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തിരിച്ചു കയറാനാവില്ലെങ്കില്‍ ഒറ്റക്ക്‌ നിന്നാല്‍ മതിയാകുമെന്ന്‌ എം.എല്‍.എ മാരില്‍ പലര്‍ക്കും തോന്നി. ഇതാണ്‌ കേരളാ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ചരിത്രം.

ആദ്യവര്‍ഷങ്ങളിലൊന്നും കേരളാ കോണ്‍ഗ്രസിന്‌ സഭയുടെ സഹായം ലഭിച്ചിട്ടില്ലേ?

അന്ന്‌ തിരുവിതാംകൂര്‍ ഭാഗത്ത്‌ സീറോ മലബാര്‍ സഭയ്‌ക്ക്‌ മൂന്നു മെത്രാന്‍മാരാണുള്ളത്‌. ചങ്ങനാശേരിയില്‍ മാര്‍ മാത്യു കാവുകാട്ട്‌, എണാകുളത്ത്‌ ജോസഫ്‌ പാറേക്കാട്ടില്‍, പാലായില്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ എന്നിവര്‍. മാര്‍ കാവുകാട്ട്‌ ഒരിക്കലും രാഷ്‌ട്രീയത്തെക്കുറിച്ച്‌ സംസാരിക്കുമായിരുന്നില്ല. അദ്ദേഹം തികഞ്ഞ ആദ്ധ്യാത്മികനായിരുന്നു. പിന്നെ വയലില്‍ മെത്രാനാണ്‌ അല്‍പ്പം രാഷ്‌ട്രീയമുണ്ടായിരുന്നത്‌. അദ്ദേഹമാകട്ടെ കേരളാ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്തിരുന്നു.

പാര്‍ട്ടി രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ചത്‌ കെ.എം. മാണിയാണ്‌.കോണ്‍ഗ്രസ്‌ നേതാവായിരുന്ന ആര്‍. വിതോമസിന്റെ ഭാര്യയായിരുന്നു മാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. അതുകൊണ്ടുതന്നെ അദ്ദേഹം കേരാളാ കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങുകതന്നെചെയ്‌തു.

1967ലും 1970ലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി എംഎം ജേക്കബായിരുന്നു. ബിഷപ്പ്‌ അന്നും മാണിയെ ശക്തമായി എതിര്‍ത്തു. അതാണ്‌ കേരളാ കോണ്‍ഗ്രസിന്‌ മെത്രാന്‍മാര്‍ നല്‍കിയ സംഭാവന. പിന്നീട്‌ മാണിയും കെ.എം. ജോര്‍ജുമൊക്കെ മന്ത്രിമാരായിക്കഴിഞ്ഞപ്പോള്‍ അധികാരത്തിലിരിക്കുന്നവരോട്‌ കാണിക്കുന്ന കൂറ്‌ സഭ കാണിച്ചു. കത്തോലിക്കരായതുകൊണ്ട്‌ അവരെ ഉപയോഗിക്കാം എന്നു കണ്ട്‌ പേട്രണൈസ്‌ ചെയ്യാന്‍ ശ്രമിച്ചു. കാര്യസാധ്യത്തിനായി പരസ്‌പരം സഹകരിക്കുമെങ്കിലും മെത്രാന്‍മാരുടെ മൂക്കുകയറിന്‌ വഴങ്ങുന്നയാളല്ല മാണി. മാത്രമല്ല, തന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മെത്രാന്‍മാരെ ഉപയോഗിക്കാമെന്നുകണ്ടാല്‍ ഉപയോഗിക്കുകയും ചെയ്യും. ഇപ്പോഴും അങ്ങനെതന്നെയാണ്‌.

ഇപ്പോഴത്തെ നിലയില്‍ പി.ജെ. ജോസഫിന്റെ മാര്‍ക്കറ്റ്‌ വില വളരെ ഇടിഞ്ഞിരിക്കുകയാണ്‌. ജോസഫ്‌ രണ്ടാമത്‌ മന്ത്രിയായതില്‍ അനുയായികള്‍ക്കും എതിര്‍പ്പുണ്ട്‌. ഇക്കാര്യം മനസ്സിലാക്കിയ മാണി രാഷ്‌ട്രീയ ശത്രുവായ ജോസഫിനെ ഒതുക്കാനുള്ള അവസരമായി ഇതിനെ കണ്ടു. ശത്രുവിന്റെ മകളെ കല്യാണം കഴിക്കുക എന്ന നയമനുസരിച്ചാണ്‌ ജോസഫിനെ പാര്‍ട്ടിയില്‍ കൊണ്ടുവന്നത്‌. ഇത്‌ അവര്‍ക്ക്‌ ഒരു ബാധ്യതയേയല്ല. വെറും ഒരു വര്‍ക്കിംഗ്‌ വൈസ്‌ പ്രസിഡന്റാണ്‌ ജോസഫ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ജോസഫ്‌ ജയിക്കില്ലെന്ന്‌ മാണിക്കറിയാം. ഈ നീക്കത്തിന്‌ ജോസഫ്‌ വഴങ്ങി. അതിന്‌ മെത്രാന്റെ സഹായം വേണ്ട.രണ്ടു പേര്‍തമ്മില്‍ കല്യാണം ഉറയ്‌ക്കുന്നു. അതിന്‌ കത്തോലിക്കര്‍ എന്താണ്‌ ചെയ്യുക? അച്ചനെ വിളിച്ച്‌ ആശീര്‍വദിപ്പിക്കും.അതുപോലെ ഏതോ ഒരു അച്ചനെക്കൊണ്ട്‌ ഏതോ രാത്രീല്‌ ആശിര്‍വദിപ്പിച്ചുകാണുമെന്നൊള്ളതല്ലാതെ ഒരു മെത്രാനും ഇതില്‍ ഇടപെട്ടിട്ടുണ്ടാവില്ല.

കേരളാ കോണ്‍ഗ്രസും കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട്‌ ആദ്യകാലത്തുയര്‍ന്ന ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണ്‌ ഇപ്പോഴത്തേത്‌ എന്നാണോ താങ്കള്‍ പറയുന്നത്‌? മധ്യകേരളത്തിലെ, പ്രത്യേകിച്ച്‌ കോട്ടയം ജില്ലയിലെ കത്തോലിക്കരുടെ രാഷ്‌ട്രീയം കേരളാ കോണ്‍ഗ്രസില്‍ കേന്ദ്രീകൃതമാണോ?

തീര്‍ച്ചയായും ഇത്‌ ആരോപണം മാത്രമാണ്‌. ക്രിസ്‌ത്യന്‍ ബെല്‍റ്റ്‌ മുഴുവന്‍ സ്വന്തമാക്കുകയാണ്‌ മാണിയുടെ ലക്ഷ്യം. ജോസഫ്‌ ലയിച്ച സാഹചര്യത്തില്‍ മാണിയുടേതായ സീറ്റുകള്‍ക്കൊപ്പം ജോസഫിന്റെ വിഹിതംകൂടി ബാര്‍ഗെയ്‌ന്‍ ചെയ്‌തു മേടിക്കാം. അങ്ങനെ കിട്ടുന്നത്‌ വിജയിക്കാവുന്ന സീറ്റുകളാണ്‌.മധ്യകേരളത്തിലെ ക്രിസ്‌ത്യാനികളുടെ രാഷ്‌ട്രീയം കേരളാ കോണ്‍ഗ്രസിലല്ല, കോണ്‍ഗ്രസില്‍ കേന്ദ്രീകൃതമാണെന്നു പറയാം.

എല്ലാ തെരഞ്ഞെടുപ്പുകളിലും മാണിയും കോണ്‍ഗ്രസും യോജിച്ചല്ലേ. കോണ്‍ഗ്രസുകാരായ അനേകം ക്രിസ്‌ത്യാനികള്‍ ഈ മേഖലയിലുണ്ട്‌. അവരുടെ പിന്തുകൂടി കിട്ടുമ്പോള്‍ മാണി ശക്തനാകും. ഈ മേഖലയില്‍ ജനങ്ങളുടെ മാനസിക പിന്തുണയുടെ ഭൂരിപക്ഷം കേരളാ കോണ്‍ഗ്രസിന്‌ കോണ്‍ഗ്രസിനേക്കാള്‍ അധികമില്ല. തിരുവിതാംകൂറിന്റെ സ്വന്തം പാര്‍ട്ടിയെന്ന ഇമേജൊക്കെ രാഷ്‌ട്രീയ നിലനില്‍പ്പിനായി ഫീഡ്‌ ചെയ്‌ത്‌ ഉണ്ടാക്കുന്നതാണ്‌. ഇവിടെയുള്ളത്‌ മിഡില്‍ക്ലാസുകാരുടെ വോട്ടുകളാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ജനാധിപത്യവും കമ്യൂണിസവും തമ്മിലുള്ള മത്സരം എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ വരുമ്പോള്‍ ഈ വോട്ടു മുഴുവന്‍ പിടിച്ച്‌ മാണിക്ക്‌ കോണ്‍ഗ്രസിനെ വീക്കാക്കാം. മാണിക്ക്‌ ലീഗില്‍നിന്ന്‌ ആളെക്കിട്ടില്ല. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്നും കിട്ടില്ല. പിന്നെ മാണിക്ക്‌ കരുണ്ടുതിന്നാവുന്നത്‌ കോണ്‍ഗ്രസിനെയാണ്‌. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പിടിച്ചെടുത്തശേഷം അയാം ദ സീനിയര്‍മോസ്റ്റ്‌ എന്നു പറഞ്ഞ്‌ എങ്ങനെയെങ്കിലും ലീഗിനേംകൂടി കൂട്ടിക്കൊണ്ട്‌ കോണ്‍ഗ്രസുമായി പിന്നീട്‌ വിലപേശാം. മാണിയുടെ ഇത്തരം നീക്കങ്ങളെ കമ്യൂണിസ്റ്റുകാര്‍ വര്‍ഗീയമായി എടുത്തു. അത്‌ അവരുടെ ആവശ്യം.

1982-87 കാലത്തെ കരുണാകരന്‍ മന്ത്രിസഭയുടെ നയരൂപികരണം മതമേലധ്യക്ഷന്‍മാര്‍ നടത്തിയതുകൊണ്ടാണ്‌ അക്കാലത്ത്‌ കേരളം തുടര്‍ച്ചയായി വര്‍ഗീയ കലാപങ്ങളുടെ നാടായി മാറിയതെന്ന്‌ സി.പി.എം വിലയിരുത്തുന്നുണ്ട്‌. കത്തോലിക്കാ സഭയിലുള്ള രണ്ടോ മൂന്നോ ബിഷപ്പുമാരാണ്‌ ജോസഫിനെ ഇടതു മുന്നണിയില്‍നിന്ന്‌ അടര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതെന്നും പാര്‍ട്ടി ആരോപിക്കുന്നു. സംസ്ഥാനത്ത്‌ മുസ്‌ലിം, ക്രിസ്‌ത്യന്‍ വര്‍ഗീയത വളരുകയാണെന്ന്‌ മുഖ്യമന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. എന്താണ്‌ താങ്കളുടെ അഭിപ്രായം?

രാഷ്‌ട്രീയ നേതാക്കന്‍മാര്‍ എല്ലാവരും പ്രസ്‌താവനയിറക്കുന്നതിന്‌ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്‌. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വേണ്ടത്‌ വോട്ടുകള്‍ സമാഹരിക്കുകയാണ്‌. മാണിയും ജോസഫും ചേര്‍ന്നു കഴിഞ്ഞസ്ഥിതിക്ക്‌ ഈ മേഖലയിലെ കത്തോലിക്കാ വോട്ടുകള്‍ അങ്ങോട്ടു പോകും. അങ്ങനെവരുമ്പോള്‍ എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി വോട്ടുകള്‍ സമാഹരിക്കണം. അതിന്‌ ഇങ്ങോട്ട്‌ കുത്തണം. അത്‌ പൊളിറ്റിക്കല്‍ ടാക്‌റ്റിക്‌സ്‌ മാത്രമാണ്‌.

 ഇതില്‍ ഏറ്റം നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്നത്‌ കോണ്‍ഗ്രസാണ്‌. വിമോചന സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ സീറ്റു കുറഞ്ഞു. പക്ഷെ, വോട്ട്‌ നാലു ശതമാനം കൂടുതലുണ്ടായിരുന്നു. സകല വര്‍ഗീയ പാര്‍ട്ടികളും ഒരുമിച്ചിട്ടും ഇതായിരുന്നു സ്ഥിതി. പിന്നെ കോണ്‍ഗ്രസ്‌ രക്ഷപ്പെട്ടത്‌ എവിടെയാണെന്നു ചോദിച്ചാല്‍ എ.കെ. ആന്റണിയെപ്പോലുള്ള യുവാക്കന്‍മാര്‍ വന്ന്‌ സെക്കുലറാക്കി. അച്ചന്‍മാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു പാര്‍ട്ടിയായി വളര്‍ന്നപ്പോഴാണ്‌ കോണ്‍ഗ്രസിന്‌ ഇവിടെ റൂട്ടുണ്ടായത്‌. പക്ഷെ, ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മതേതര രാഷ്‌ട്രീയം അപകടത്തിലായിരിക്കുന്നു.

ഇനി മന്ത്രിസഭയുണ്ടാക്കണമെങ്കില്‍ മാണി പറയുന്നത്‌ കേള്‍ക്കേണ്ടേ? മാണിയെ സംബന്ധിച്ചിടത്തോളം മെത്രാന്‍ പറയുന്നതു കേള്‍ക്കുന്നതുകൊണ്ട്‌ ഒരു നഷ്‌ടവും വരാനില്ല. അതേ അവസരത്തില്‍ കോണ്‍ഗ്രസിന്‌ നഷ്‌ടമുണ്ട്‌. സീറ്റ്‌ നഷ്‌ടമുണ്ട്‌. അതിന്റെ സെക്കുലര്‍ ബെയ്‌സു പോകുകയുംചെയ്യും. എല്ലാ മെത്രന്‍മാരുംകൂടി തല്ലിയതാ എ.കെ. ആന്റണിയെ. എന്നിട്ട്‌ എന്തു സംഭവിച്ചു? ആന്റണി ഇന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രിയാ. ഒരു അപകടവും ഉണ്ടായില്ല.

പരമ്പരാഗതമായി കോണ്‍ഗ്രസിന്‌ പിന്തുണ നല്‍കിയിരുന്ന ജനവിഭാഗം ആരോടൊപ്പം നില്‍ക്കുന്നു എന്ന്‌ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുക മാത്രമായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ജനന ലക്ഷ്യമെന്ന്‌ താങ്കള്‍ പറയുന്നു. കാര്യങ്ങള്‍ അതിനപ്പുറത്തേക്ക്‌ പോകുകയും ഒരു പാര്‍ട്ടിയായി മാറുകയും ചെയ്‌തെങ്കിലും തിരുവിതാംകൂറിനപ്പുറത്തേക്ക്‌ വളരാനും കത്തോലിക്കരുടെ പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍നിന്ന്‌ മാറാനും ഇന്നും കഴിഞ്ഞിട്ടില്ലല്ലോ?

തിരുവിതാംകുറിനപ്പുറത്തോക്ക്‌ വളരാന്‍ കേരളാ കോണ്‍ഗ്രസിന്‌ കഴിയില്ല. പക്ഷെ, രാഷ്‌ട്രീയ ശക്തിയുണ്ടാക്കാനാകും. കത്തോലിക്കരുടെ പാര്‍ട്ടി എന്ന ഇമേജ്‌ ഉണ്ടാക്കിയെടുത്തതാണ്‌. ഇന്നു ജീവിച്ചിരിക്കുന്നതിലെ ഏറ്റവും തന്ത്രജ്ഞനും കുശാഗ്രബുദ്ധിയും ലക്ഷ്യബോധമുള്ളവനുമായ രാഷ്‌ട്രീയ നേതാവ്‌ കെ.എം. മാണിയാണ്‌. മാണിക്ക്‌ ഹൈക്കമാന്‍ഡില്ല. മാണിതന്നെയാണ്‌ ഹൈക്കമാന്റ്‌.


കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നും അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിക്ക്‌ ഇവിടെ ശക്തമായ ഒരു നേതൃത്വം വരാന്‍ സാധ്യതയില്ലെന്നും ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ വീക്കാകുമെന്നും കേരളാ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചാല്‍ തെരഞ്ഞെടുപ്പില്‍ എവിടെ പോകും എന്ന പേടിയുണ്ടാകുമെന്നും മാണി വളരെ കാല്‍ക്കുലേറ്റ്‌ ചെയ്‌തു കണ്ടുപിടിച്ചു. ഇക്കാര്യം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തും. അതിനുള്ള വഴിയൊക്കെ അങ്ങേര്‍ക്കറിയാം. അങ്ങനെയായാല്‍ കൂടുതല്‍ സീറ്റ്‌ കിട്ടും. എല്ലാവരും എതിര്‍ക്കുമ്പോവും മാണിക്കറിയാം how to manipulate things എന്ന്‌.

പ്രത്യയശാസ്‌ത്രപരമായ ന്യൂനതയല്ലേ കേരളാ കോണ്‍ഗ്രസുകളെ വ്യക്തികളുടെ കൈപ്പിടിയില്‍ ഒതുക്കുകയും പിളര്‍പ്പുകളില്‍നിന്ന്‌ പിളര്‍പ്പുകളിലേക്ക്‌ നയിക്കുകയും ചെയ്‌തത്‌?

പ്രത്യശാസ്‌ത്ര ന്യൂനത ഇപ്പോഴുമുണ്ട്‌. ഈ രാജ്യത്തെ കര്‍ഷകരുടെ രക്ഷാകവചമാണെന്നും മറ്റും ചുമ്മാതെപറയും. അല്ലാതെ കര്‍ഷകര്‍ക്കുവേണ്ടി എന്താണ്‌ ചെയ്‌തത്‌? കേരളാ കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഉണ്ടാകുന്നത്‌ ഒരു മന്ത്രിക്കു ചുറ്റുമാണ്‌. എന്നാല്‍ മന്ത്രിയില്ലാതെ ഉണ്ടായ ഏകെ രാഷ്‌ട്രീയ പാര്‍ട്ടി കേരളാ കോണ്‍ഗ്രസാണ്‌.

അന്ന്‌ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഒരു മുന്‍മന്ത്രി പോലുമില്ലായിരുന്നു. കുറച്ചു മുന്‍ എംഎല്‍എമാരായിരുന്നു. അധികാരത്തിന്റെ ചുഴി സൃഷ്‌ടിച്ച്‌ അതില്‍ ബാര്‍ഗൈന്‍ ചെയ്‌തു നില്‍ക്കാമെന്ന്‌ ഇവര്‍ കണ്ടു. അതിനപ്പുറം ഒന്നുമില്ല.

കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന്‌ പറയുന്നതല്ലാതെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തമിഴ്‌നാട്ടിലെയും മറ്റും പ്രാദേശിക പാര്‍ട്ടികളെപ്പോലെ ഒരുപരിധിഇവരെയെങ്കിലും കരുത്താര്‍ജിക്കാന്‍ കേരളാ കോണ്‍ഗ്രസിന്‌ സാധിക്കുമായിരുന്നു എന്ന വിലയിരുത്തലിനെ എങ്ങനെ കാണുന്നു?

അതിന്‌ യാതൊരു സാധ്യതയുമില്ല. കാരണം, മദ്രാസില്‍ വര്‍ഗപരമായ ഒരു ഡിവിഷനുണ്ടായിരുന്നു. ബ്രാഹ്‌മണാധിപത്യത്തില്‍നിന്ന്‌ അധികാരം പിടിച്ചെടുക്കാന്‍ അണ്ണാദുരെ ദ്രാവിഡ വാദവുമായാണ്‌ വന്നത്‌. അതില്‍ ഒരു പ്രത്യയശാസ്‌ത്രമുണ്ടായിരുന്നു. അങ്ങനെ കത്തോലിക്കാവാദവുമായി കേരളാ കോണ്‍ഗ്രസ്‌ വരുന്നില്ല. അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ഥലത്തിനുവേണ്ടിയും വാദിക്കുന്നില്ല.

 കോട്ടയം ജില്ലയില്‍ മാണി ഒരുപാട്‌ ചെയ്‌തു എന്നു പറയുന്നു. പക്ഷെ, എല്ലാവരും ചെയ്യുന്നതുപോലെയൊക്കെത്തന്നെയുള്ളൂ. ഇപ്പോള്‍ കോട്ടയത്ത്‌ എല്ലാവര്‍ക്കും കറണ്ട്‌ കിട്ടുന്നത്‌ മാണിയുടെ അനുഗ്രഹത്താലെയാണെന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷെ, മറ്റെല്ലായിടത്തും കറണ്ട്‌ ഉണ്ട്‌. പിന്നെ, പാലാ മധ്യവര്‍ത്തി ജനതയ്‌ക്ക്‌ ഭൂരിപക്ഷമുള്ള മേഖലയാണ്‌. അവരുമായി ഇന്ററാക്ഷന്‍ ഉണ്ടാകാം. പാലായില്‍ ഇത്രയും സ്ഥാപനങ്ങളുണ്ടായത്‌ മാണി വല്ലതും ചെയ്‌തിട്ടാണോ? കോളേജുകള്‍ ഉണ്ടാക്കിയത്‌ മെത്രാന്‍മാരും അച്ചന്മാരും ജനങ്ങളും കൂടിയാണ്‌. എന്താണ്‌ മാണി ഉണ്ടാക്കിയെന്നു പറയുന്നത്‌? ഒന്നുമില്ല.

 പാലം പണിതു; എവിടെയാ പാലം പണിയാത്തത്‌? അതേയവസരത്തില്‍ പണ്ടത്തെസാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ കോഴിക്കോട്‌ മേഖലയിലോ തൊടുപുഴയിലോ ഒക്കെ ഉണ്ടായ പുരോഗമനത്തിന്റെ പകുതി പാലായ്‌ക്കുണ്ടായിട്ടില്ല. പിന്നെ മിത്തും മുദ്രാവാക്യവുമൊക്കെ ഉണ്ടാക്കാന്‍ രാഷ്‌ട്രീയക്കാര്‍ മിടുക്കരാണ്‌. പഴയതുപോലെ ഇന്ന്‌ കാശില്ലാതെ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്താനാവില്ല. ജനസേവനമൊന്നും ആരും നോക്കുന്നില്ല. ഞാന്‍ 1965ല്‍ കേരളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍നിന്ന്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒന്നും ആഗ്രഹിച്ചിട്ടല്ല, ഒരു പ്രത്യേക സാഹചര്യത്തില്‍ മത്സരിക്കാന്‍ ആളില്ലാതെ വന്നപ്പോഴാണ്‌. അന്ന്‌ കാര്യമായ ചെലവു വന്നില്ല. എങ്കിലും കുറെ വസ്‌തുവിറ്റു. അത്‌ ക്രിസ്‌ത്യന്‍ ഭൂരിപക്ഷ മണ്ഡലമായിരുന്നു. അവിടെ ബി. വില്ലിംഗ്‌ടണ്‍ മത്സരിക്കുകയും വടക്കനച്ചന്‍ ശക്തമായി വില്ലിംഗ്‌ടണെ പിന്തുണക്കുകയുംചെയ്‌തപ്പോള്‍ അച്ചന്‍മാരെല്ലാം ആ വഴിക്കുപോയി. ഇത്തരം കാല്‍ക്കുലേഷന്‍സൊന്നും എനിക്കില്ലായിരുന്നു. അതിനു നേരവുമില്ലായിരുന്നു. അവസാനഘട്ടത്തിലാണ്‌ നോമിനേഷന്‍ കൊടുത്തത്‌. കോളേജുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം ലീവ്‌ കിട്ടിയില്ല. അതുകൊണ്ട്‌ ഏഴു ദിവസത്തേക്ക്‌ പ്രചാരണത്തിന്‌ പോകാനായില്ല. അതൊക്കെ എന്റെ ഭാഗ്യം.

ഇന്ന്‌ പാര്‍ട്ടികളുടെ പണച്ചെലവിന്റെ കാര്യം നോക്കുക. മാണി-ജോസഫ്‌ ലയനത്തിനുള്ള പോസ്റ്ററുകള്‍ക്കു മാത്രം എത്ര ലക്ഷം രൂപ മുടക്കിയിട്ടുണ്ട്‌? അന്ന്‌ കേരളാ കോണ്‍ഗ്രസുണ്ടാക്കിയപ്പോള്‍ ആരുടെയും പോസ്റ്ററടിക്കാനായില്ല. പി.ടി. ചാക്കോയുടെ ഒരു കലണ്ടറടിക്കാന്‍ ശ്രമിച്ചിട്ട്‌ ഞങ്ങള്‍ക്കു സാധിച്ചില്ല. ഇപ്പോള്‍ പൊളിറ്റിക്‌സ്‌ പണത്താലാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌. ഒരു പാര്‍ട്ടിയിലല്ല, എല്ലാ പാര്‍ട്ടികളിലും.ഈ മേഖലകളിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ചില്ലറ ആവശ്യങ്ങളേയുള്ളു; നികുതി ഇളവും മറ്റും. ദരിദ്രകര്‍ഷകരാണെങ്കില്‍ വികാരം ഇളക്കാം. ഇവിടെ അത്‌ സാധ്യമല്ല. റബറിന്‌ നല്ല വിലയുള്ളപ്പോള്‍ അതിന്റെ പേരില്‍ വികാരമുണ്ടാകുമോ? ഇപ്പോള്‍ റബര്‍കര്‍ഷകരോട്‌ സംഘടിക്കാന്‍ പറഞ്ഞാല്‍ ആരെ കിട്ടും? കിലോക്ക്‌ 150 രൂപയായി. അവര്‍ പോകാന്‍ പറയും. അങ്ങനെ ഒരു വികാരമുണ്ടാകണമെങ്കില്‍ സഫര്‍ ചെയ്യുന്നു എന്നു പറയുന്ന ആളുകള്‍ക്ക്‌ യഥാര്‍ത്ഥ സഫറിംഗ്‌ ഉണ്ടാകണം. അത്‌ ഇന്ന്‌ ഒരു സെക്‌ടറിലുമില്ല.

പഴയതുപോലെ നിങ്ങള്‍ക്ക്‌ അണ്ടിത്തൊഴിലാളികളെ കിട്ടുമോ? ഇല്ല. കയര്‍ തൊഴിലാളികളെ കിട്ടുമോ? ഇല്ല. അവര്‍ക്കും വിദ്യാഭ്യാസമായി. അവര്‍ ഓരോ യൂണിയനില്‍ നില്‍ക്കുന്നത്‌ അവരുടെ ബുദ്ധിയിലാണ്‌. നേതാക്കന്‍മാരുടെ ബുദ്ധിയിലല്ല. അവരുടെ കാര്യം നേടാന്‍ നേതാവിനെ പിടിക്കുകയാണ്‌. Whole scenario changed.

തുടക്കം മുതല്‍ ഇങ്ങോട്ട്‌ പാര്‍ട്ടിക്കുണ്ടായ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു. അദ്യകാലത്തെയും ഇപ്പോഴത്തെയും നേതാക്കളുടെ സമീപനം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

അന്ന്‌ കോണ്‍ഗ്രസില്‍ ചേരാം, അവര്‍ എടുക്കും എന്ന ധാരണയായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്‌. ഇന്നത്തെ കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക്‌ പരിധിയുണ്ട്‌. എല്ലാം മാണിയുടെ കൗശലത്തെ ആശ്രയിച്ചിരിക്കുന്നു. He is playing the game. പിളര്‍പ്പുകള്‍ ആവര്‍ത്തിക്കപ്പെടാം. ചിലപ്പോള്‍ ഇത്‌ തകരാം. മാണിക്ക്‌ എഴുപത്തെട്ടുവയസിനടുത്തായി. എത്രകാലം അദ്ദേഹത്തിന്‌ മുന്നോട്ടുപോകാനാകും?.

മകന്‍ രംഗത്തുണ്ട്‌ എന്നതിലൊന്നും കാര്യമില്ല. ടാക്‌ടിക്കല്‍ മാനുപ്പുലേഷനാണ്‌ പ്രധാനം. മാണി രാഷ്‌ട്രീയത്തിനുവേണ്ടി ജനിച്ചയാളാണ്‌. സാധാരണ എല്ലാവരും കുറെക്കഴിയുമ്പോള്‍ ഇട്ടിട്ടുപോകും. മന്ത്രിയൊക്കെയായിക്കഴിയുമ്പോള്‍ തീര്‍ന്നില്ലേ. മാണിയെപ്പോലെ ഇത്രയും പെര്‍സിവിയറന്‍സുള്ള രാഷ്‌ട്രീയ നേതാവ്‌ കരുണാകരന്‍ ഒഴിച്ച്‌ ആരുമില്ല.

ഒരു തരത്തില്‍ പറഞ്ഞാല്‍ പി.ടി. ചാക്കോയുടെ മരണമാണ്‌ കേരളാ കോണ്‍ഗ്രസിന്റെ പിറവിക്ക്‌ വഴിതെളിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ മകന്‍ പി.സി. തോമസ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ലൂടെ രാഷ്‌ട്രീയ രംഗത്തെത്തി. പക്ഷെ, പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയം വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്‌. ഇത്‌ എങ്ങനെ വിലയിരുത്തുന്നു?

അതിനേക്കുറിച്ച്‌ എന്നോട്‌ ചോദിക്കരുത്‌. ഞാന്‍ മിണ്ടുന്നില്ല. ചാക്കോയോട്‌ ബഹുമാനമുള്ളതുകൊണ്ട്‌ അദ്ദേഹത്തിന്റെ മകനെക്കുറിച്ച്‌ ഒന്നും പരസ്യമായി പറയുന്നില്ല. കേരളാ

കോണ്‍ഗ്രസുമായും സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനവുമായുള്ള താങ്കളുടെ ബന്ധം 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റിലെ പരാജയത്തോടെ അവസാനിച്ചു എന്ന്‌ പറയുന്നു. ഇപ്പോഴത്തെ രാഷ്‌ട്രീയ നിലപാട്‌ എന്താണ്‌?

ഞാന്‍ എന്നും കോണ്‍ഗ്രസിന്റെ തത്വങ്ങളില്‍ വിശ്വസിക്കുന്നയാളാണ്‌. കോണ്‍ഗ്രസിനോട്‌ വിയോജിക്കുമ്പോഴും താത്വികവിയോജനമുണ്ടായിരുന്നില്ല. പ്രാവര്‍ത്തിക മണ്ഡലത്തില്‍ നേതൃത്വം കാണിച്ച കൊള്ളരുതായ്‌മയോട്‌ പ്രതികരിക്കുക എന്നതില്‍ കവിഞ്ഞ്‌ യാതൊന്നും അന്ന്‌ ഉദ്ദേശിച്ചിരുന്നില്ല.ഇന്നും മനസ്സുകൊണ്ട്‌ ഒരു കോണ്‍ഗ്രസുകാരനാണ്‌. എന്നുവെച്ചാല്‍ കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യുന്നയാള്‍ എന്ന അര്‍ത്ഥത്തിലല്ല. ഗാന്ധിജി ഡവലപ്‌ ചെയ്‌തതും നെഹ്‌റു കൊണ്ടുവന്നതുമായ സെക്കുലറിസത്തെയും സോഷ്യലിസ്റ്റ്‌ വീക്ഷണത്തെയും കോണ്‍ഗ്രസിന്റെ വിദേശനയത്തെയും അനുകൂലിക്കുന്നു. ഇവയൊക്കെയാണ്‌ ഭാരതത്തിന്റെ ഭാവിക്ക്‌ ഏറ്റവും ആവശ്യം. ഇതൊക്കെ തുടരണം എന്ന്‌ ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍.

മാറ്റങ്ങള്‍ ആവശ്യമാണ്‌, വിപ്ലവത്തിലൂടെയല്ല, അതിന്‌ നിയമനിര്‍മാണം വേണം. അതേ അവസരത്തില്‍ ഞാന്‍ കമ്യൂണിസ്റ്റ്‌കാരനാണെന്നും പറയാറുണ്ട്‌. കമ്യൂണിസ്റ്റുകാര്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ നമ്മള്‍ പിന്തുണക്കും. വിദ്യാഭ്യാസ ബില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്‌ നടപ്പാക്കാന്‍ ഉദ്ദേശിച്ച പല നയങ്ങളും കമ്യൂണിസ്റ്റുകാരാണ്‌ നടപ്പാക്കിയത്‌. കോസിനെയാണ്‌ നമ്മള്‍ നോക്കേണ്ടത്‌.

കത്തോലിക്കാ സഭയിലെ പരിഷ്‌കരണ വാദി എന്ന നിലയിലാണ്‌ താങ്കള്‍ കേരളത്തില്‍ കൂടുതല്‍ സുപരിചിതനായത്‌. ഒട്ടേറെ മതങ്ങളെക്കുറിച്ച്‌ പഠിച്ചിട്ടുണ്ടെങ്കിലും പരിഷ്‌കരണ വാദം കത്തോലിക്കാസഭയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുത്‌ എന്തുകൊണ്ടാണ്‌?

വിദ്യാഭ്യാസമാണല്ലോ കത്തോലിക്കാസഭയുടെ ഏറ്റവും വലിയ പ്രവര്‍ത്തനമണ്ഡലം. ഞാന്‍ കോളേജ്‌ അധ്യാപകനായിരുന്നപ്പോഴും അതിനു മുമ്പും വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അനീതികളുമായി ബന്ധപ്പെട്ട്‌ പല അനുഭവങ്ങളുമുണ്ടായി.എം.പി.പോള്‍, മുണ്ടശ്ശേരി, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരാരും എന്റെ അറിവില്‍പെട്ടിടത്തോളം ദൈവവിരോധികളോ സഭാവിരോധികളോ ആയിരുന്നില്ല. പുരോഹിതന്‍ പറയുന്ന എല്ലാക്കാര്യങ്ങളും വിശ്വാസികള്‍ അനുസരിക്കണം. അല്ലെങ്കില്‍ അവര്‍ ഏതു വിധേനയും നശിപ്പിക്കും. വിശ്വാസികളില്‍ ആരും വളര്‍ന്നുവരാന്‍ അവര്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. അതുകൊണ്ട്‌ തുടരെ നേതൃഹത്യ നടത്തുകയായിരുന്നു. രാഷ്‌ട്രീയം ഉപേക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച്‌ പഠിക്കാന്‍ തുടങ്ങി. സഭയുമായി അഭിപ്രായവ്യത്യാസമുള്ളവരെ മുച്ചൂടും നശിപ്പിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ജനം അതേ വിശ്വസിക്കൂ. മുണ്ടശ്ശേരി, എം.പി. പോള്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഇതാണ്‌ സംഭവിച്ചത്‌. ഈ അനീതിക്കെതിരെ എന്തു ചെയ്യാനാകും? എന്റെ കര്‍മമണ്ഡലം ഏതാണ്‌. രാഷ്‌ട്രീയമാണോ? ഞാന്‍ ആലോചിച്ചു.മുണ്ടശേരി രാഷ്‌ട്രീത്തിലൂടെ കറക്‌ട്‌ ചെയ്യാന്‍ കുറച്ചു ശ്രമിച്ചു. നടന്നില്ല, നടക്കില്ല. കാരണം നിയമനിര്‍മാണത്തിന്റെ പ്രശ്‌നമാണ്‌.

ഏതു സമുദായത്തിലും മാറ്റം വരുത്തണമെങ്കില്‍ ആ സമുദായത്തിന്റെ ഉള്ളില്‍നിന്നും മാറ്റത്തിന്‌ ദിശാബോധമുണ്ടാകണം. അതാണ്‌ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും മറ്റു പല സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ചെയ്‌തത്‌. എന്തുകൊണ്ട്‌ ആ മാര്‍ഗം സ്വീകരിച്ചുകൂടാ എന്നു ഞാന്‍ ചിന്തിച്ചു. വളരെ ബുദ്ധിമുട്ടേറിയ മാര്‍ഗമാണതെന്ന്‌ അറിയാമായിരുന്നു. ആരും സഹായിക്കാനുണ്ടാവില്ല. എങ്കിലും അതുകൊണ്ട്‌ പ്രയോജനമുണ്ടാകുമെന്നു കണ്ടു. അങ്ങനെയാണ്‌ എഴുത്തു തുടങ്ങിയത്‌. അതിന്‌ ഞാന്‍ ബൈബിള്‍ നന്നായി പഠിച്ചു. ഏതു മതപരിഷ്‌കരണത്തിനും അതിന്റെ അടിസ്ഥാന ഗ്രന്ഥം പഠിക്കേണ്ടതുണ്ട്‌. ലോകചരിത്രവും കേരള സഭയുടെയും ആഗോളസഭയുടെയും ചരിത്രവും പഠിച്ചു. ഇത്‌ ഒരു ലൈഫ്‌ മിഷനാക്കണമെന്നു തീരുമാനിച്ചു.

അന്ന്‌ വീട്ടുകാരും നാട്ടുകാരും എതിരായിരുന്നു. അതിനു മുമ്പും ചെറിയ ചെറിയ ഇഷ്യൂസില്‍ നിലപാട്‌ സ്വീകരിച്ചിരുന്നു. ഫൈറ്റ്‌ ചെയ്‌തു. അന്നൊക്കെ അതൊക്കെ ചില വൈദികരുടെ കുറ്റമാണെന്നാണ്‌ കരുതിയത്‌. പിന്നാണ്‌ ഘടനയുടെ കുറ്റമാണെന്ന്‌ കണ്ടെത്തിയത്‌. ഒരു ബ്രാഹ്‌മണന്‍ മറ്റൊരുത്തനെ തല്ലുന്നത്‌ അവന്റെ കുറ്റമല്ല. ബ്രാഹ്‌മണ്യം ആരോപിക്കപ്പെട്ട ഹിന്ദുമതത്തിന്റെ തെറ്റാണ്‌. ഹിന്ദുമതത്തിന്‌ ബ്രാഹ്‌മണ്യമില്ലെന്ന്‌ സ്ഥാപിക്കപ്പെട്ടാലെ ഈ സ്ഥിതി മാറൂ. അതാണ്‌ ശ്രീനാരായണന്‍ ചെയ്‌തത്‌. ഇവരെല്ലാം ദൈവം എന്ന സത്തയെ വച്ചുകളിക്കുകയാണ്‌.എന്റെ വീട്ടില്‍ ഒരു എലി ചത്തുകിടക്കുന്നു. കുറച്ചുമാറി ഒറു പോത്തു ചത്തുകിടക്കുന്നു. എന്റെ മുക്കിലടിക്കുന്നത്‌ എലിയുടെ ദുര്‍ഗന്ധമാണ്‌. അതു മാറ്റുകയാണ്‌ എന്റെ ആദ്യ ലഷ്യം. എന്നുതപോലെയാണ്‌ എന്റെ സമൂദായത്തിന്റെ എല്ലാ വളര്‍ച്ചക്കും തടസ്സമായ ഘടനക്കെതിരെ ഞാന്‍ പ്രതികരിച്ചുതുടങ്ങിയത്‌.

യേശു അങ്ങനെ ഒരു ഘടന ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ല. എല്ലാ മതസ്ഥാപകരെയും കുറിച്ച്‌ ഞാന്‍ പഠിച്ചു. എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ ക്രിസ്‌തുവാണ്‌. അതുവരെ വികൃതമായിരുന്ന ഈശ്വരന്റെ മുഖം ദൈവം ഏകമാണ്‌, പിതാവാണ്‌ എന്നൊക്കെപ്പറഞ്ഞ്‌ മാറ്റിയത്‌ ക്രിസ്‌തുവാണ്‌. ആ നിലക്ക്‌ ഞാന്‍ ക്രിസ്‌തുവിനെ ഏറെ ഇഷ്‌ടപ്പെടുന്നു. `സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലാനാണ്‌ ക്രിസ്‌തു എല്ലാവരോടും പറഞ്ഞത്‌. അവിടുന്ന്‌ അതിബുദ്ധിമാനായിരുന്നു. പ്രാര്‍ത്ഥന ചൊല്ലാന്‍ പഠിപ്പിക്കണമേ എന്ന്‌ ശിഷ്യന്മാര്‍ പറഞ്ഞപ്പോഴാണ്‌ അതു പഠിപ്പിച്ചത്‌. ഞങ്ങളോട്‌ തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ എന്നാണ്‌ അതില്‍ പറയുന്നത്‌. നിങ്ങള്‍ക്ക്‌ മനഃസാക്ഷിയോടെ ആ പ്രാര്‍ത്ഥന ചൊല്ലാമോ?ആരാണ്‌ ഇങ്ങനെ ക്ഷമിച്ചിട്ടുള്ളത്‌? വിശുദ്ധ കുര്‍ബാന ചൊല്ലുന്ന ആരെങ്കിലും ക്ഷമിക്കുന്നുണ്ടോ?. അപ്പോള്‍ ആ പ്രാര്‍ത്ഥന ചൊല്ലാന്‍ നമ്മള്‍ ആരും അര്‍ഹരല്ല. അതായാത്‌ ദൈവത്തോട്‌ ഒന്നും ചോദിക്കാന്‍ നീ യോഗ്യനല്ല എന്നാണ്‌ ക്രിസ്‌തു പറഞ്ഞത്‌. നീ ചോദിക്കുന്നതിനു മുമ്പേ നിന്റെ ആവശ്യം ദൈവം അറിയുന്നു എന്നും നിന്റെ ഉള്ളിലുള്ള ദൈവം നിനക്ക്‌ എല്ലാം തരുമെന്നും അവിടുന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാതെ ദൈവം നിന്റെ കാലിലെ ചൊറി മാറ്റുമെന്നോ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനാണെന്നോ ഒന്നും പറഞ്ഞിട്ടില്ല. ദൈവം എല്ലാം കാണുന്നു. ദൈവഹിതമനുസരിച്ച്‌ നീ പെരുമാറുമ്പോള്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക്‌ സനേഹമുണ്ടാകും. അങ്ങനെ അവരും പെരുമാറും. കരുണാനിധിയും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്ന്‌ ഖുറാനില്‍ എത്രയോ പ്രാവശ്യം ആവര്‍ത്തിക്കുന്നു. നിന്നെ സൃഷ്‌ടിച്ചത്‌ കരുണാമയനും കരുണാവാരിധിയുമായ അല്ലാഹുവാണെങ്കില്‍ നിന്നിലുണ്ടാകേണ്ട ഏറ്റവും വലിയ ഗുണം ഏതാണ്‌? കരുണ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കോണ്‍ട്രിബ്യൂഷന്‍ ഇതാണ്‌.

 അഞ്ചു നേരം നമസ്‌കരിക്കണമെന്ന്‌ നബി പറഞ്ഞത്‌ ദൈവത്തിന്‌ നമസ്‌കാരംകൊണ്ട്‌ എന്തെങ്കിലും കിട്ടാന്‍ വേണ്ടിട്ടാണെന്ന്‌ കരുതുന്നുണ്ടോ? നബി പറഞ്ഞത്‌ ഒരു ദിവസം അഞ്ചു പ്രാവശ്യമെങ്കിലും ആ അല്ലാഹുവിനെ നീ സ്‌മരിക്കുമ്പോള്‍ അഞ്ചു പ്രാവശ്യവും നിന്റെ ഹൃദയത്തില്‍ കരുണയുണ്ടാകും എന്നാണ്‌. ശ്രീനാരായണഗുരു ശിവപ്രതിഷ്‌ടനടത്തി. He doesn't want to quarrel with the Brahmins. At the same time complete violation of the Brahminical rules. ഗാന്ധിജി ഒന്നാംതരം ഹിന്ദുവായിരുന്നു പക്ഷെ ഒരു കുംഭമേളയ്‌ക്കും ഒരു ക്ഷേത്രത്തിലും അദ്ദേഹം പോയിട്ടില്ല. ഈശ്വരവിശ്വാസത്തെ റിച്വലസത്തിന്റെയും പാരമ്പര്യത്തിന്റെയും ബന്ധനത്തിലാക്കുന്നതിനെയാണ്‌ ഞാന്‍ എതിര്‍ത്തത്‌.

മാര്‍തോമാ ശ്ലീഹാ കേരളത്തില്‍ വന്നത്‌ ഒരു മിത്തായി ശേഷിക്കുന്നു എന്ന്‌ താങ്കള്‍ പറയുന്നു. ഈ വാദഗതിയുടെ അടിസ്ഥാനം എന്താണ്‌?

മാര്‍തോമ ഇവിടെ വന്നിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ അങ്ങേര്‌ ബ്രാഹ്‌മണരെ മാമ്മോദീസാ മുക്കി എന്ന അവകാശവാദമാണ്‌. അന്ന്‌ ബ്രാഹ്‌മണര്‍ ഈ നാട്ടിലെങ്ങുമില്ല. ക്ഷേത്രങ്ങളില്ല. ആര്യന്‍മാര്‍ വന്ന്‌, ബ്രാഹ്‌മണിസം വന്നശേഷമാണ്‌ ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നത്‌. മാര്‍തോമ ഇങ്ങോട്ടു വന്നിറങ്ങി, പൂണിലിട്ട കുറെ നമ്പൂതിമാരെ കണ്ടു, അമ്പലത്തില്‍ കയറി വെള്ളം മേലോട്ടുയര്‍ത്തി നിര്‍ത്തി. അത്ഭുതം കണ്ട്‌ നമ്പൂതിരിമാര്‍ മാനസാന്തരപ്പെട്ടു എന്നൊക്കെപ്പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? മാര്‍ത്തോമ വന്നിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ ഈ അത്ഭുതങ്ങളുടെ പട്ടികയാണ്‌.

മുക്കുവനായ തോമ അന്നത്തെ കാലത്ത്‌ ഇവിടെ വന്നാല്‍ എങ്ങോട്ടാണ്‌ പോകുക? മീനിന്റെ മണം പിടിച്ച്‌ മുക്കുവന്റെ കുടിലിലോട്ട്‌ പോകും. ഞാന്‍ പണ്ട്‌ ഭോപ്പാലില്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ ഒരു വീടിന്റെ പരിസരത്ത്‌ കപ്പയും വാഴയും നില്‍ക്കുന്നതുകണ്ടു കയറിച്ചെന്നു. മലയാളിയാളികളാണ്‌ അവിടെ താമസിച്ചിരുന്നത്‌. മലയാളിക്ക്‌ എപ്പോഴും മലയാളിയോടല്ലേ കൂറ്‌. മാര്‍തോമാശ്ലീഹാ നമ്പൂതിരമാരുടെയെല്ലാം വീടുകളില്‍ചെന്ന്‌ വെള്ളമൊഴിച്ച്‌ അവരുടെ ആത്മാക്കളെ രക്ഷിച്ചു എന്ന്‌ പറയുന്നത്‌ അദ്ദേഹം ഇവിടെ വന്നിട്ടില്ല എന്നതിന്റെ ഏറ്റും വലിയ തെളിവാണ്‌. ഇതും മിത്താണ്‌.

ഏറെ ആരോപണങ്ങള്‍ ഉയരുമ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസം, ആതുര സേവനം, സാമൂഹ്യ സേവനം, തുടങ്ങിയ മേഖലകളില്‍ ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍, പ്രത്യേകിച്ച്‌ സീറോ മലബാര്‍ സഭ നല്‍കിയ സംഭാവനകള്‍ വിസ്‌മരിക്കാനാകുമോ?

കത്തോലിക്കാ സഭയുടെ സംഭാവനയല്ല, കത്തോലിക്കരുടേതാണ്‌. ഈ പള്ളിക്കൂടങ്ങളൊക്കെ പണിതത്‌ ആരാണ്‌? മെത്രാന്‍മാരാ? സ്ഥലം ഉള്‍പ്പെടെ എല്ലാം കൊടുത്തത്‌ നാട്ടുകാരാണ്‌. എന്റെ ഇടവകപ്പള്ളി നിര്‍മിക്കാന്‍ എന്റെ വല്യപ്പന്‍ ആറേക്കറോളം സ്ഥലം കൊടുത്തു. ഇങ്ങനെ ഓരോരുത്തരുടെ സംഭാവനകളാണ്‌. വിശ്വാസികള്‍ തനിയെ കല്ലുചുമന്നാണ്‌ ഇതൊക്കെ നിര്‍മിച്ചത്‌. സഭ നേതൃത്വം കൊടുത്തു എന്നുമാത്രം. സമൂദായത്തെ അത്രമേല്‍ സ്‌നേഹിക്കുന്ന ഒരു ജനതയായിരുന്നു ഇത്‌. ഇതു മുഴുവന്‍ ഇന്ന്‌ മെത്രാന്റേതായി.

അന്ന്‌ ഈ നാട്ടില്‍ മെത്രാന്‍മാരുണ്ടായിരുന്നില്ല. ഇവിടുത്തെ ബ്രാഹ്‌മണര്‍ ഹൈന്ദവരുടേതായ എല്ലാ സമ്പത്തും കയ്യടക്കിയതുപോലെ സഭയും കയ്യടക്കുകയായിരുന്നു. ഇവിടെ ആരാ വിദ്യാഭ്യാസം തുടങ്ങിയത്‌? പ്രോട്ടസ്റ്റന്റുകാരാണ്‌. അവര്‍ നല്ലവരായിരുന്നു. അവര്‍ പുലപ്പള്ളിക്കൂടങ്ങളും അടിമപ്പള്ളിക്കൂടങ്ങളുമൊക്കെ നടത്തി. കത്തോലിക്കാസഭ ഇത്‌ ഒരു ബിസിനസാക്കി മാറ്റുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയോ ആണ്‌ ഇതൊക്കെ സംഭവിച്ചത്‌. അന്ന്‌ ഇവിടുത്തെ ഗവണ്‍മെന്റാണ്‌ ഈ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം സൃഷ്‌ടിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരെയാണ്‌ നമിക്കേണ്ടത്‌.

ഇവിടെ മീനച്ചില്‍ മേഖലയില്‍ എന്റെ ചെറുപ്പത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അഞ്ചു പ്രൈമറി സ്‌കൂളുകളുണ്ടായിരുന്നു. ഭരണങ്ങാനത്തെ ആദ്യ സ്‌കൂള്‍ ഗവണ്‍മെന്റിന്റേതായിരുന്നു. അന്നൊന്നും കത്തോലിക്കര്‍ ഈ രംഗത്തില്ല. മാത്രമല്ല, മെത്രാന്‍മാര്‍ ഇതിന്‌ എതിരുമായിരുന്നു. ഇംഗ്ലീഷ്‌ പഠിച്ചാല്‍ പ്രോട്ടസ്റ്റന്റ്‌ ആകുമെന്നായിരുന്നു പേടി. സി.എം.എസ്‌ കോളേജില്‍ പഠിക്കാന്‍ ആരെയും സമ്മതിക്കില്ല. ഗ്രാന്റ്‌ കിട്ടാന്‍ തുടങ്ങിയപ്പഴാണ്‌ കത്തോലിക്കാസഭ ഈ രംഗത്തെത്തിയത്‌. അതും മെത്രാനല്ല, നിധീരിക്കല്‍ മാണിക്കത്തനാരുമൊക്കെയാണ്‌ സമുദായം മുന്നോട്ടു പോകണമെങ്കില്‍ പള്ളിക്കൂടങ്ങള്‍ വേണം എന്ന ആശയവുമായി മുന്നോട്ടുവന്നത്‌. യാക്കോബായക്കാരെല്ലാം ഇംഗ്ലീഷൊക്കെ പഠിച്ച്‌ സിങ്കപ്പൂരിലുംമറ്റും പോയി ജോലി നേടി. നമ്മള്‍ അന്നേരവും കപ്പയിട്ടോണ്ടിരിക്കുകയായിരുന്നു.

ഇതിന്‌ നേതൃത്വം എടുത്തതും പള്ളിക്കൂടങ്ങള്‍ നടത്തിയതും മുഴുവന്‍ ഇവിടുത്തെ ജനങ്ങളാണ്‌. അവരെ മുഴുവന്‍ അവഗണിച്ചുകൊണ്ടാണ്‌ ഇന്ന്‌ ഭരണം നടത്തുന്നത്‌. ഏതെങ്കിലും സ്‌കൂളിന്റെ മാനേജ്‌മെന്റില്‍ യഥാര്‍ത്ഥ ഉടമകളായ സാധാരണ വിശ്വാസികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഈ മേഖലയില്‍ ആദ്യം ഒരു സ്വകാര്യ ആശുപത്രി തുടങ്ങിയത്‌; ഭണങ്ങാനത്താണ്‌; മേരിഗിരി ആശുപത്രി. മദര്‍ ഡെങ്കല്‍ എന്ന വിദേശ കന്യാസ്‌ത്രീ ഇവിടെയുള്ളവരുടെ സഹകരണത്തോടെയാണ്‌ അതു തുടങ്ങിയത്‌. അതിനും നാട്ടുകാര്‍ സ്ഥലം കൊടുത്തു. മെത്രാന്‍മാര്‍ ഒന്നും ചെയ്‌തില്ല.പിന്നെ ഇത്‌ ഒരു വ്യവസായമായിക്കഴിഞ്ഞപ്പം ഇവര്‍ ഈ രംഗത്തെത്തി. അപ്പോള്‍ ക്യാപ്പിറ്റല്‍ വേണം. എത്ര ചോദിച്ചാലും കൊടുക്കാന്‍ കമ്യൂണിറ്റി തയാറായിരുന്നു. പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ പണിയുന്നതിന്‌ മെത്രാസനത്തില്‍നിന്ന്‌ ഒരു രൂപയും ഉണ്ടാക്കിയില്ല. ആ സ്ഥലം മുഴുവന്‍ സൗജന്യമായി കിട്ടിയതാണ്‌. പിന്നെ സര്‍ക്കാരില്‍നിന്ന്‌ ഗ്രാന്റ്‌ കിട്ടാന്‍ തുടങ്ങി. ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലും പള്ളിയിലും ലക്ഷക്കണക്കിന്‌ രൂപ വരുന്നു. ഇത്‌ എങ്ങോട്ടു പോകുന്നു?. ഭരണങ്ങാനത്തുകാര്‍ക്കറിയില്ല . കര്‍മലീത്ത മഠംകാര്‍ക്കും അറിയില്ല. പാവം അല്‍ഫോന്‍സാമ്മ പട്ടിണി കിടന്ന്‌ മരിച്ചു.

ഭരണങ്ങാനം പള്ളിക്കൂടത്തില്‍ പഠിക്കവേ അല്‍ഫോന്‍സാമ്മയുടെ സംസ്‌കാരച്ചടങ്ങ്‌ കണ്ടയാളാണ്‌ ഞാന്‍. ഇരുപഞ്ചോളം പേര്‍ മാത്രമാണ്‌ അന്നുണ്ടായിരുന്നത്‌. ഒരു സാധു കന്യാസ്‌ത്രീ. നല്ലവളായിരുന്നെന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ട്‌. എന്റെ കൂടെ പഠിച്ചവരുടെയൊക്കെ പെങ്ങന്‍മാര്‍ക്ക്‌ നേരിട്ടറിയമായിരുന്നു. തലവേദനയുണ്ടെന്ന്‌ അവര്‍ പറയുമ്പോള്‍ പ്രാര്‍ത്ഥിക്കാമെന്ന്‌ അല്‍ഫോന്‍സാമ്മ പറയും. കുറേക്കഴിയുമ്പോള്‍ തലവേദന പോകുമ്പോള്‍ അല്‍ഫോന്‍സാമ്മ കാരണമാണെന്ന്‌ വിശ്വസിക്കും. അങ്ങനെ പിന്നീട്‌ ആളു കൂടുകയായിരുന്നു.

ന്യൂനപക്ഷാവകാശ ലംഘനത്തിന്റെ പേരില്‍ സഭ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെ എങ്ങനെ കാണുന്നു?

ന്യൂനപക്ഷാവകാശം ആര്‍ക്കുള്ളതാണ്‌? ഭരണഘടനാനുസൃതമായി ന്യൂനപക്ഷമായ കമ്യൂണിറ്റിക്കാണ്‌. ഇന്ന്‌ സമുദായം നടത്തുന്ന ഒറ്റ സ്‌കൂളോ കോളേജോ ഉണ്ടോ?. അങ്ങനെയെങ്കില്‍ മംഗളം കോളേജിനും ഡിസിയുടെ സ്ഥാപനത്തിനുമൊക്കെ കിട്ടണമല്ലോ ന്യൂനപക്ഷാവകാശം. എല്ലാ കോളേജുകളുടെയും മെഡിക്കല്‍ കോളേജുകളുടെയും മാനേജിംഗ്‌ ബോര്‍ഡില്‍ അച്ചന്‍മാരും കന്യാസ്‌ത്രീകളും മാത്രം. അത്‌ മൈനോരിറ്റിയാവില്ല. മതസമൂഹത്തിന്റെ അവകാശം എതാനും പേര്‍ക്കുമാത്രമായി കയ്യാളാനാകുമോ? It is not a religious right. കുര്‍ബാന ചൊല്ലാന്‍ അച്ചന്‍മാര്‍ക്കേ അധികാരമുള്ളു. It is a religious right.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശമാണ്‌. അവര്‍ തനതായ സംസ്‌കാരം സംരക്ഷിക്കുന്നുണ്ടോ? യൂറോപ്യന്‍ കള്‍ച്ചറല്ലേ വളര്‍ത്തുന്നത്‌? കള്‍ച്ചര്‍ കമ്യൂണിറ്റി കമ്മോഡിറ്റിയാണ്‌. ഒരാള്‍ ഉണ്ടാക്കുന്നതല്ല. ഈ വിദ്യാലയങ്ങളുടെ മുഴുവന്‍ ഉടമാവകാശം കമ്യൂണിറ്റിക്ക്‌ കൈമാറണം. അതാണ്‌ ഇപ്പോള്‍ കൃഷ്‌ണയ്യര്‍ കമ്മീഷന്‍ പറയുന്നത്‌. പണ്ട്‌ പള്ളീടെ ഈ സ്വത്തു മുഴുവന്‍ ഇടവകക്കാരാണ്‌ ഭരിച്ചിരുന്നതെന്ന്‌ എല്ലാ ചരിത്രകാരന്‍മാരും പറയുന്നു.സ്ഥാപനങ്ങളും വസ്‌തുവകകളും കമ്യൂണിറ്റി കൈകാര്യം ചെയ്‌താല്‍ അധികാരവടംവലി ഉണ്ടാകുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌?അവിടെയാണ്‌ മോറല്‍ കറേജ്‌. അച്ചന്‍മാരില്ലാതെ എത്രയോ ലിമിറ്റഡ്‌ കമ്പനികള്‍ നല്ല നിലക്ക്‌ നടക്കുന്നു. രണ്ടായിരം കൊല്ലക്കാലമായി ഇവിടെയുളുള്ള കമ്യൂണിറ്റിയില്‍ കത്തനാര്‍മാര്‍ക്കുമാത്രമേ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റി ഉള്ളൂ എന്ന്‌ പറഞ്ഞാല്‍ നടക്കുമോ?. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ട്‌ I prefe the rule of hundred fools than a dictator എന്ന്‌. കാരണം ഏകാധിപതിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം മുഴുവന്‍ തകരും. നൂറുപേരുണ്ടെങ്കില്‍ അതില്‍ രണ്ടുപേരെങ്കിലും എതിരഭിപ്രായം പറയും.

കത്തോലിക്കാ രാജ്യമായിരുന്നു പോര്‍ട്ടുഗലില്‍ സലാസറുടെ ഏകാധിപത്യ ഭരണം രാജ്യത്തെ പിന്നോട്ടടിച്ചു. കത്തോലിക്കാരാജ്യങ്ങളായ സ്‌പെയിനിനും ഇറ്റലിക്കുമൊക്കെ സംഭവിച്ചത്‌ ഇതാണ്‌. അതേസസമയം ബ്രിട്ടന്‍ ചെറിയൊരു രാജ്യമാണെങ്കിലും അവിടെ കഴിഞ്ഞ നാനൂറു വര്‍ഷമായി തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ ഭരിക്കുന്നത്‌. വല്ല അപകടവും പറ്റിയിട്ടുണ്ടോ? കര്‍ത്താവ്‌ എന്താണ്‌ ചെയ്‌തത്‌? പന്ത്രണ്ടു മുക്കുവന്‍മാരെയാണ്‌ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തത്‌. അദ്ദേഹം ശാസ്‌ത്രിമാരെയോ പുരോഹിതരെയോ വിളിച്ചില്ലല്ലോ. അദ്ദേഹത്തിന്‌ മനുഷ്യരില്‍ വിശ്വാസമുണ്ടായിരുന്നു. ഇവര്‍ക്ക്‌ അതില്ല.

സഭയുടെ ആസ്‌തികളൊക്കെ സുവിശേഷ പ്രഘോഷണവും സഭയുടെ വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള ദൗത്യനിര്‍വഹണത്തിനുവേണ്ടിയുള്ളതാണെന്ന്‌ നേതൃത്വം പറയുന്നു?

ഇവിടെ പ്രധാനമായും നാലു മത സമൂഹങ്ങളാണുള്ളത്‌. ഹിന്ദു, മുസ്‌ലിം, സിക്ക്‌, ക്രിസ്‌ത്യന്‍. മറ്റു മൂന്നു സമൂദായങ്ങളുടെയും സമ്പത്ത്‌ നിയന്ത്രിക്കുന്നതിന്‌ നിയമങ്ങളുണ്ട്‌. ക്രിസ്‌ത്യാനികളുടെ കാര്യത്തില്‍ മാത്രമില്ല. ഒരു സെക്കുലര്‍ രാജ്യത്തിന്‌ എല്ലാ മതവിഭാഗങ്ങളുടെയും സമൂഹ സമ്പത്ത്‌ ഭരിക്കാന്‍ നിയമം ഉണ്ടായിരിക്കെ ഒരു വലിയ സമൂഹത്തിന്റെ മാത്രം സമ്പത്ത്‌ മെത്രാന്റെ ഇഷ്‌ടവും ഒരു വിദേശരാജ്യത്തിന്റെ നിയമവും അനുസരിച്ച്‌ കൈകാര്യം ചെയ്യാന്‍ കഴിയുന്നു. ഇത്‌ മതേരത്വത്തിന്‌ ചേര്‍ന്നതാണോ? മറ്റു വിഭാഗങ്ങള്‍ക്കില്ലാത്ത എന്തെങ്കിലും അവകാശം ക്രിസ്‌ത്യാനികള്‍ക്കുണ്ടോ?

മറ്റു മതപുരോഹിതന്‍മാര്‍ക്ക്‌ സമൂദായത്തിന്റെ സ്വത്ത്‌ കൈകാര്യം ചെയ്യാനുള്ള സത്യസന്ധയില്ലെന്നും ക്രിസ്‌ത്യന്‍ പുരോഹിതര്‍ക്ക്‌ മാത്രമേ ഉള്ളൂവെന്നും സമ്മതിച്ചുകൊടുത്തുകൊണ്ട്‌ ഇതര സമൂദായങ്ങളെ അപമാനിക്കുകയാണ്‌.

കേരളത്തിലെ മാധ്യമ രംഗത്തുണ്ടായ വളര്‍ച്ചയും തല്‍ഫലമായി സംജാതമായ മാത്സ്യര്യവുമാണ്‌ സഭയെയും വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചതെന്ന ഒരു വിലയിരുത്തലുണ്ട്‌. സഭാനേതൃത്വത്തിലുള്ള പലരും ഇപ്പോള്‍ മാധ്യമങ്ങളെയാണ്‌ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ എഴുപത്തഞ്ചു ശതമാനവും വര്‍ഗീയ നിലപാടുകളോ കമ്യൂണിസ്റ്റ്‌ ചായ്‌വോ ഉള്ളവരാണെന്ന്‌ ആക്ഷേപമുണ്ടെന്ന്‌ പത്രാധിപരായ ഒരു വൈദികന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി?

സഭയ്‌ക്ക്‌ ശത്രുക്കളില്ല. ക്രിസ്‌തുവിന്റെ ശത്രുക്കള്‍ ആാരായിരുന്നു? പുരോഹിതര്‍. ഏറ്റവും ശാന്തനായ ക്രിസ്‌തു വെള്ളയടിച്ച കുഴിമാടങ്ങളേ എന്നാണ്‌ പുരോഹിതരെ വിളിച്ചത്‌. മാധ്യമങ്ങളെ ഇല്ലായ്‌മചെയ്യാന്‍ പറ്റില്ല. പണ്ട്‌ ദീപികപ്പത്രത്തിലൂടെയല്ലാതെ ഒരു വിവരവും പുറത്തറിയിക്കില്ലായിരുന്നു. മാന്നാനം കുന്നില്‍നിന്നല്ലാതെ ഒരു പുസ്‌തകം അച്ചടിക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി അതൊന്നും നടക്കില്ല. സോഷ്യല്‍ നോംസ്‌ അനുസരിച്ച്‌ നമുക്ക്‌ മാറാന്‍ പറ്റുന്നില്ല. അപ്പോള്‍ ആ നോംസ്‌ ഉണ്ടാക്കിയ വ്യവസ്ഥക്കെതിരെ നമ്മള്‍ പ്രതികരിക്കും. അത്‌ മതവിരുദ്ധമാണെന്ന്‌ ആരോപിക്കും. എല്ലാ സമൂദായവും മാധ്യമങ്ങള്‍ക്കായി സ്വയം തുറന്നുകൊടുത്തു. പണ്ട്‌ മന്നത്ത്‌ പത്മനാഭനെ വിമര്‍ശിക്കാമായിരുന്നു. പക്ഷെ ഞങ്ങള്‍ മാത്രം വിശുദ്ധര്‍. വിശുദ്ധിയുണ്ടെങ്കില്‍ മീഡിയ സമ്മതിക്കും.

സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ അറിവില്ലായ്‌മ ഒരു പ്രശ്‌നംതന്നയല്ലേ. മാധ്യമ ചര്‍ച്ചകളിലും മറ്റും ഇടക്കിടെ പങ്കെടുക്കുന്ന താങ്കള്‍ക്ക്‌ എന്തു തോന്നുന്നു?

പണ്ടൊക്കെ സഭയുമായി ബന്ധപ്പെട്ട്‌ അവിടെയും ഇവിടെയുമൊക്കെ മാത്രമാണ്‌ സംഭവങ്ങള്‍ ഉണ്ടായിരുന്നത്‌. അന്ന്‌ മീഡിയ കുറേക്കൂടി സെല്‍ഫ്‌ റിസ്‌ട്രെയിന്‍ഡ്‌ ആയിരുന്നു. ഇപ്പോള്‍ അവര്‍ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ നല്‍കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ഇത്‌ കൊടുക്കാതിരിക്കാന്‍ പറ്റില്ല. എന്റെ പേര്‌ അച്ചടിക്കാന്‍ പാടില്ലെന്ന്‌ ഒരുകാലത്ത്‌ രണ്ടുപത്രങ്ങള്‍ തീരുമാനിച്ചു. ഞാന്‍ ബൈബിള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത്‌ വാര്‍ത്തയാകേണ്ടതാണ്‌. ആദ്യമായിട്ടാണ്‌ ഒരു അല്‍മായന്‍തന്നെ ബൈബിള്‍ പ്രസിദ്ധീകരിക്കുന്നത്‌. ഒരു കത്തോലിക്കാ ഗവര്‍ണര്‍ പ്രകാശനം ചെയ്യുന്നു. വൈദികന്‍ ഏറ്റുവാങ്ങുന്നു. അന്നത്തെ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷത വഹിക്കുന്നു. ഒരു പത്രവും വാര്‍ത്ത കൊടുത്തില്ല. മൂന്നു നാലു ദിവസം കഴിഞ്ഞ്‌ ദീപികയുടെ അന്നത്തെ ഇവിടുത്തെ ലേഖകന്‍ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോ എന്നോട്‌ വാങ്ങിക്കൊണ്ടുപോയി. എന്നെ വെട്ടിക്കളഞ്ഞ്‌ പടം പ്രസിദ്ധീകരിച്ചു.

ഞാന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഒരു മെത്രാനും വരില്ല. ഞാനുണ്ടെന്നു പറഞ്ഞാല്‍ എന്നെ ഒഴിവാക്കാന്‍ പറയും. മീഡിയയില്‍ ചര്‍ച്ചക്ക്‌ ഞാനുണ്ടെങ്കില്‍ ഒരു അച്ചനും വരില്ല. കാരണം, അവര്‍ക്ക്‌ ഉത്തരം പറയാന്‍ പറ്റില്ല.മീഡിയയെ സഭ എന്ന വലിയ സംഘനടയുടെ മറവില്‍നിന്നുകൊണ്ട്‌ ഇവര്‍ ഇത്രകാലവും ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. അത്‌ ഇന്ന്‌ നടക്കുന്നില്ല. ഇത്രയും പാരമ്പര്യമുള്ള ദീപികപ്പത്രം എന്തുകൊണ്ട്‌ ഇടയ്‌ക്ക്‌ നിര്‍ത്തേണ്ടിവന്നു? ഇത്രയും കത്തോലിക്കര്‍ ഇവിടെയുണ്ട്‌. എന്തുകൊണ്ടവര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല? ഇതിനേക്കുറിച്ച്‌ ആത്മപരിശോധന ചെയ്യില്ല. വസ്‌തുതകളെ വസ്‌തുതകളായി കണ്ട്‌ അനലൈസ്‌ ചെയ്യാന്‍ അവര്‍ തയാറല്ല. ജനം സെമിനാരിയെക്കാളൊക്കെ വളരെ വലുതായി ചിന്തിക്കുന്നവരാണ്‌. എത്ര കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ മൂവായിരം കോപ്പിയില്‍ കൂടുതല്‍ പ്രചാരമുണ്ട്‌? ഞാനിവിടെ അന്‍പതിലേറെ പ്രസിദ്ധീകരണങ്ങള്‍ വരുത്തുന്നുണ്ട്‌. എന്തുകൊണ്ട്‌ ഇത്‌ കത്തോലിക്കന്‍ വാങ്ങി വായിക്കുന്നില്ല? അസീസി പുണ്യവാളന്റെ ധ്യാനത്തെക്കുറിച്ചും അമ്മത്രേസ്യയുടെ ഫിലോസഫിയെക്കുറിച്ചുമൊക്കെയാണ്‌ സ്ഥിരം എഴുതുന്നത്‌. ഇതു കണ്ട്‌ മനുഷ്യന്‍ മടുത്തു. In the modern world people wnat to widen their knowledge on the world and world politics.
വൈദികരുടെ സദാചരവുമായി ബന്ധപ്പെട്ട്‌ അമേരിക്കയിലെയും ഇവിടുത്തെയും സാഹചര്യങ്ങളെ താങ്കള്‍ താരതമ്യപ്പെടുത്തുകയുണ്ടായി. ഇവിടെ ഇത്തരം സംഭവങ്ങള്‍ തുലോം കുറവല്ലേ?

ഇവിടെ ഇതുമായി ബന്ധപ്പെട്ട നിയമം കര്‍ക്കശമല്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. പിന്നെ എന്നെ സംബന്ധിച്ച്‌ പറഞ്ഞാല്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം സഭയുടെയല്ല,സമൂഹത്തിന്റെ പ്രശ്‌നമാണ്‌. ബ്രഹ്മചര്യം ഇല്ലാത്തവര്‍ ഇതൊക്കെ ചെയ്യുന്നില്ലേ. മീഡിയ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്‌. ഇതൊക്ക അപ്രധാനമാണെന്നാണ്‌ ഞാന്‍ പറയുന്നത്‌. ഇവരുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളോടാണ്‌ എനിക്ക്‌ എതിര്‍പ്പ്‌. മോറല്‍ സൈഡ്‌ അത്ര പ്രധാനമല്ല.

 സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അതല്ല. സോഷ്യല്‍ ഏലിയനേഷനാണ്‌. യൂറോപ്പില്‍ അച്ചന്‍മാരില്ലാതായതിന്‌ കാരണം ബാലപീഡനമൊന്നുമില്ല. അത്‌ ഒരു സോഷ്യല്‍ റീസണാണ്‌. അവിടെ ഇത്‌ ഒരു എംപ്ലോയ്‌മെന്റല്ല. വിശ്വാസികള്‍ കുറയുന്നതിന്റെയും കാരണം സാമൂഹികമാണ്‌. വിശ്വാസികള്‍ ലോകത്തെക്കുറിച്ച്‌ കുറച്ചുകൂടി അറിഞ്ഞു. മുട്ടില്‍നിന്ന്‌ പ്രാര്‍ത്ഥനചൊല്ലിയിട്ടൊന്നും കാര്യമില്ലെന്ന്‌ അവര്‍ക്ക്‌ മനസിലാകുന്നുണ്ട്‌. സഭ കാലികമായി അപ്‌ഡേറ്റ്‌ ചെയ്യുന്നില്ല. പുണ്യവാളന്‍മാരുടെ എണ്ണം മാത്രമാണ്‌ അപ്‌ഡേറ്റ്‌ ചെയ്യുന്നത്‌. എല്ലാ വിശ്വാസവും അന്ധമാണ്‌. ക്രിസ്‌തുവിലൂടെ ഞാന്‍ രക്ഷപ്രാപിക്കുമെന്ന വിശ്വാസം അന്ധമല്ലേ? ആ വിശ്വാസത്തിന്റെ സാമൂഹിക മുഖമാണ്‌ പ്രശ്‌നം.

മെയ്‌ ഒന്നു മുതല്‍ 31വരെ എല്ലാ കവലയിലും മൈക്ക്‌ വച്ച്‌ എന്റെ വിശ്വാസം ഇതാണെന്ന്‌ പ്രഘോഷിക്കുന്നു. അവിടെ എന്റെ അന്ധവിശ്വാസം സമൂഹത്തിന്റെ സൈ്വര്യ ജീവിതം കെടുത്തുന്നു. എന്റെ ഭാര്യ മരിച്ചു. ഞാന്‍ ഇവിടെ ദഹിപ്പിച്ചു. ചരമവാര്‍ഷികത്തിന്‌ അങ്ങോട്ട്‌ പോകില്ല. ആ സ്ഥലംപോലും അറിയാന്‍ പാടില്ലാത്ത രീതിയിലാക്കി. ഭാര്യയുടെ സ്‌മരണ എന്റെ മനസ്സില്‍ ഇരുന്നാല്‍ പോരെ? നാട്ടുകാരു മുഴുവന്‍ അറിയേണ്ട കാര്യമില്ലല്ലോ. ചരമാവാര്‍ഷികമൊക്കെ ഇപ്പോള്‍ വൈദികരും പത്രക്കാരും ബിസിനസാക്കിയിരിക്കുന്നു. അന്‍പതാം ചരമവാര്‍ഷികം എന്ന്‌ പത്രത്തില്‍ കൊടുക്കും. ഏതു പട്ടി വായിക്കും?

അല്‍ഫോന്‍സാമ്മയുടെ പേരില്‍ നടത്തുന്ന വ്യവസായം ഞാന്‍ നോക്കിനിന്നിട്ടുണ്ട്‌. അല്‍ഫോന്‍സാ ബ്യൂട്ടീഷ്യന്‍സ്‌, അല്‍ഫോന്‍സാ ഫ്‌ളവര്‍ സ്റ്റോഴ്‌സ്‌ എന്നിങ്ങനെ ഒരുപാട്‌ സ്ഥാപനങ്ങള്‍ തുടങ്ങി. അച്ചന്‍മാര്‍ ഈ പേരില്‍ ബിസിനസ്‌ തുടങ്ങിയപ്പോള്‍ അല്‍മായരും തുടങ്ങി. പാവം അല്‍ഫോന്‍സ! അവര്‍ ഇതു വല്ലതും അറിഞ്ഞിട്ടുണ്ടോ. ഭക്തിയെ വ്യവസായവല്‍ക്കരിക്കാന്‍ ഇവര്‍ പ്രോത്സാഹനം നല്‍കുകയാണ്‌. ഇതൊക്കെയാണ്‌ അന്ധവിശ്വാസം എന്നു പറയുന്നത്‌.

 പ്രബോധനവും പ്രവൃത്തിയും തമ്മില്‍ യോചിച്ചു പോകുന്നില്ല എന്നതാണ്‌ സഭക്കെതിരെ വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങളിലൊന്ന്‌. സാമൂഹികനീതി മദ്യത്തിനെതിരായ നയം തുടങ്ങിയവ ഉദാരണമായി എടുത്തുകാട്ടുന്നു. ഇതിനെ എങ്ങനെ കാണുന്നു?

എന്റെ ചെറുപ്പത്തില്‍ ഇവിടെ മദ്യം കഴിച്ചിരുന്നത്‌ അച്ചന്‍മാരായിരുന്നു. വലിയ മേശ എന്നൊരു ഏര്‍പ്പാടുണ്ട്‌. പെരുന്നാളിനൊക്കെ അച്ചന്‍മാര്‍ ഉണ്ണാനിരിക്കുന്നത്‌ വലിയ മേശയിലാണ്‌. വന്ദ്യേത്തി എന്നും പറയും. അതായത്‌ ബാന്‍ക്വറ്റ്‌. അക്കാലത്ത്‌ അവിടെ വിളമ്പിയിരുന്നത്‌ ചാരായമാണ്‌. പാലാ ടൗണിലെ വലിയ ചാപ്പല്‍ പണിതത്‌ അബ്‌കാരി മുതലാളിയായിരുന്ന മണര്‍കാട്‌ പാപ്പന്റെ കാശുകൊണ്ടാണ്‌. ഞാന്‍ കുറ്റപ്പെടുത്തുകയല്ല, അങ്ങേര്‌ കൊടുത്തു. അവര്‍ വാങ്ങി. അങ്ങേരുടെ സന്മനസ്‌. എല്ലാ രംഗത്തുനിന്നും അവര്‌ കാശുവാങ്ങും.

വൈദികര്‍ ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുകയും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും ചെയ്യണമെന്ന്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ വര്‍ക്കി വിതയത്തില്‍ അടുത്തയിടെ നിര്‍ദേശിക്കുകയുണ്ടായി. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാതെ മാനുഷിക മൂല്യത്തിന്റെ വക്താക്കളാകാനാവില്ലെന്നും അദ്ദേഹം പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്‌ എത്രമാത്രം പാലിക്കപ്പെടുന്നുണ്ട്‌?

ഇത്‌ മനുഷ്യരുടെ അടുത്തേക്ക്‌ ഇറങ്ങിച്ചെല്ലേണ്ട കാര്യമുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. അവര്‍ പണ്ട്‌ ജീവിച്ച വീടുണ്ടല്ലോ, വല്ലപ്പോഴുമെങ്കിലും ളോഹ മാറ്റിവച്ച്‌ ആ പരിതസ്ഥിതിയെക്കുറിച്ച്‌ ഒന്നു ചിന്തിക്കണം. എന്റെ അപ്പന്‍, എന്റെ ചേട്ടന്‍, അമ്മ ബന്ധുക്കള്‍ ഒക്കെ എങ്ങനെയാണ്‌ ജീവിച്ചത്‌ എന്ന്‌ അവരുടെ ആവശ്യങ്ങള്‍ എന്തായിരുന്നു എന്ന്‌. ഇറങ്ങിച്ചെല്ലേണ്ടവരല്ല അവര്‍ അവിടെയായിരിക്കേണ്ടവരാണ്‌.

നിങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍, പിതാവിന്‌ ചില ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ അത്‌ ചന്തസ്ഥലത്ത്‌ പ്രഘോഷിക്കുമോ? പിന്നെ സഭാകാര്യങ്ങളില്‍ എന്തിന്‌ വ്യത്യാസം കാണിക്കുന്നു. ഉചിതമായ വേദികളില്‍ പ്രശ്‌നം ഉന്നയിക്കുക എന്നാണ്‌ മാര്‍ വര്‍ക്കി വിതയത്തില്‍ സ്‌ട്രെയിറ്റ്‌ ഫ്രം ദ ഹാര്‍ട്ട്‌ എന്ന പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്നത്‌?

ശരിയാണ്‌. ഒരിക്കലും പറയാന്‍ പാടില്ലെന്നാണ്‌ എന്റെ അഭിപ്രായം. അഭയക്കേസ്‌ വന്നിട്ട്‌ ഞാന്‍ എടുത്തില്ലല്ലോ. നാര്‍ക്കോ അനാലിസിസ്‌ നടത്തിയതിന്റെ വീഡിയോ കോപ്പി ചെയ്‌ത്‌ എന്റെ പക്കല്‍ കൊണ്ടുവന്നു. ഞാന്‍ പറഞ്ഞു വേണ്ടെന്ന്‌. അതു കഴിഞ്ഞ്‌ ആലുവയിലെ ഒരു കന്യാസ്‌ത്രീയുടെ അശ്ലീല വീഡിയോയുമായി ഒരാള്‍ ഇവിടെ വന്നു. എനിക്ക്‌ കാണേണ്ടെന്നു പറഞ്ഞു. ഒരു വ്യക്തിയുടെ അബറേഷനാണ്‌. അത്‌ ഞാന്‍ പ്രസിദ്ധീകരിക്കുകപോലുമില്ല. മറ്റേത്‌ ഒരാളെ കൊന്നതാണ്‌. ഇതതല്ല. ഒരുവ്യക്തി കാണിച്ച തെമ്മാടിത്തമാണ്‌. വൈദികരുടെ സാമൂഹികമായ തെറ്റിനേക്കുറിച്ചുമാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.
മാര്‍ വര്‍ക്കി വിതയത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ സഭാ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങുന്നു എന്ന്‌. അങ്ങേര്‍ക്ക്‌ നിയന്ത്രിക്കാവുന്നതാണല്ലോ.

അഭയക്കേസ്‌ നടത്തിപ്പിന്‌ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്‌ സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയില്‍ താങ്കളുടെ പേരുമുണ്ടല്ലോ?

ഞാന്‍ പത്തഞ്ഞൂറു രൂപയേ കൊടുത്തുള്ളൂ. നീതിക്കുവേണ്ടി പോരാടാനാണ്‌. അച്ചനെതിരായല്ല. അഭയെ കൊന്നതാണ്‌ എന്നതില്‍ എനിക്ക്‌ സംശയമില്ല. അത്‌ ആരെന്ന്‌ കണ്ടെത്താനുള്ള അന്വേഷണത്തിനാണ്‌ സംഭാവന നല്‍കിയത്‌.

സഭയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും കര്‍ദ്ദിനാള്‍ പുസ്‌തകത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്‌. പക്ഷെ അത്‌ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന്‌ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്‌മിഷനില്‍നിന്ന്‌ കന്യാസ്‌ത്രീകളെ ആരെങ്കിലും മോചിപ്പിക്കേണ്ടതുണ്ടെന്ന അഭിപ്രായം തന്നെ ഉദാഹരണം?

കന്യാസ്‌ത്രീകളുടെയും അച്ചന്‍മാരുടെയും അനുസരണവ്രതം ദൈവത്തോടാണ്‌ ബിഷപ്പിനോടല്ല. ദൈവത്തോടനുള്ള അനുസരണയില്‍ അവര്‍ ഉറച്ചുനില്‍ക്കണം. അതില്‍ അവര്‍ക്ക്‌ പാപം ചെയ്യാം. അനുസരണം പാലിക്കാമെന്ന്‌ വിചാരിക്കുന്നവര്‍ പോലും മാറിപ്പോയേക്കാം. പക്ഷെ അതു വിളിച്ചു പറയുകയല്ല എന്റെ തൊഴില്‍.

അടുത്തിയിടെ ഒരു കന്യാസ്‌ത്രീ എന്റെ പക്കല്‍ വന്നു. സഭയുടെ പീഡന സമീപനത്തെക്കുറിച്ച്‌ പറഞ്ഞു. അവരോടും ഞാന്‍ പറഞ്ഞു. അനുസരിക്കേണ്ടത്‌ ദൈവത്തെയാണെന്ന്‌. ഇന്ന്‌ സഭ ഇവരെക്കൊണ്ട്‌ അനുസരണ പ്രഖ്യാപിപ്പിക്കുന്നത്‌ മാര്‍പ്പാപ്പയോടാണ്‌. അങ്ങനെ അവര്‍ മാര്‍പ്പാപ്പയുടെ ഒരു മെഷിനറിയായിരിക്കുന്നു.

സമീപകാലത്ത്‌ സുപ്രധാനമായ പല വിഷയങ്ങളിലും സഭാനേതൃത്വത്തിലുള്ളവരുടെ സമീപനത്തില്‍ ഭിന്നത പ്രകടമായിരുന്നു. മൗലികവാദവുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍പോലും വര്‍ക്കിപ്പിതാവും മാര്‍ ജോസഫ്‌ പൗവ്വത്തിലും രണ്ട്‌ തരത്തിലാണ്‌ സംസാരിച്ചത്‌. കത്തോലിക്ക മതമേലധ്യക്ഷന്‍മാര്‍ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത്‌ ശരിയല്ലെന്ന്‌ പറഞ്ഞ പിണറായി വിജയന്‍ സീറോമലബാര്‍ സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അങ്ങനെ ചെയ്യില്ലെന്ന്‌ വ്യക്തമാക്കുകയുംചെയ്‌തു?

അധികാരം എവിടെയുണ്ടോ സമ്പത്ത്‌ എവിടെയുണ്ടോ അവിടെ അവിടെ മെത്രാനായാലും അച്ചനായാലും അഭിപ്രായവ്യത്യാസമുണ്ടാകും. ഇതു പിടിച്ചെടുക്കാനാണ്‌ ഓരോ മെത്രാനും ശ്രമിക്കുന്നത്‌. അതുകൊണ്ടുതന്നെ ഗ്രൂപ്പുമുണ്ട്‌.

വിമോചന സമരത്തിന്‌ പിന്തുണയായി വിദേശത്തുനിന്ന്‌ വന്‍തുക ലഭിച്ചു എന്നത്‌ സര്‍വസമ്മതമായ ഒരു ചരിത്ര വസ്‌തുതയാണെന്ന്‌ താങ്കള്‍ പറഞ്ഞിട്ടുണ്ട്‌. പലരും ഇതേകാര്യം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത്‌ അസന്നിഗ്‌ധമായി തെളിയിക്കപ്പെട്ടില്ലല്ലോ. ദീപികയുടെ അന്നത്തെ സാരഥികളില്‍ ഒരാളായിരുന്ന എന്‍.വി. ജോസഫ്‌ പറഞ്ഞതുമാത്രമാണ്‌ താങ്കള്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്‌?

വിമോചനസമരത്തില്‍ ഞാന്‍ പങ്കാളിയായിരുന്നു. വിമോചന സമരത്തിന്‌ പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അച്ചന്‍മാര്‍ ആ പേരില്‍ പണം വാങ്ങിച്ചുകാണും. ഭൂനയബില്ല്‌ വരുന്നു എന്നു കേട്ടപ്പോള്‍ മടിശീലയഴിച്ച്‌ കാശെറിയാന്‍ സമ്പന്നരുണ്ടായിരുന്നു. അതു മുഴുവന്‍ നടത്തിയത്‌ വിദ്യാഭ്യാസ നയത്തിനെതിരായ സമരത്തിന്റെ പേരിലല്ല. ഭൂനയബില്ല്‌ വരുംമുമ്പ്‌ മന്ത്രിസഭ പോയാല്‍ അവര്‍ക്കു കിട്ടുന്ന അഡ്വാന്റേജ്‌ മുന്‍കൂട്ടിക്കണ്ട്‌ അവര്‍ വാരിക്കൊടുക്കുകയായിരുന്നു. അന്ന്‌ വിദേശത്തുനിന്ന്‌ വ്യാപകമായി പണപ്പിരിവില്ല.

കമ്യൂണിസം എവിടെയുണ്ടാകുന്നോ അവിടെ ദാരിദ്ര്യവുമുണ്ട്‌ എന്നാണ്‌ പാശ്ചാത്യര്‍ മനസ്സിലാക്കിയിരി
ക്കുന്നത്‌. ഇവിടെ ദാരിദ്ര്യമാണേ എന്നു പറഞ്ഞ്‌ കമ്യൂണിസത്തിന്റെ ചെലവില്‍ കാശു പിരിച്ചു. ശീതസമരം നടന്നുകൊണ്ടിരിക്കുന്ന കാലമാണ്‌. കമ്യൂണിസത്തെ ശക്തമായി എതിര്‍ക്കുന്നത്‌ കത്തോലിക്കാസഭയാണെന്ന കാഴ്‌ച്ചപ്പോടില്‍ അന്തര്‍ദേശിയമായി കൊടുത്തപ്പം പണം മുഴുവന്‍ അവര്‍ക്ക്‌ കിട്ടി. മന്നത്ത്‌ പത്മനാഭനൊന്നും അതിനൊന്നും പോയില്ല. അന്നത്തെയും അതുകഴിഞ്ഞുമുള്ള സഭയുടെ സസമ്പത്തു നോക്കിയാലറിയാം. അതു കഴിഞ്ഞ്‌ പണപ്പിരിവുകള്‍ കുറഞ്ഞു. സഭകളുടെ വളര്‍ച്ച മാത്രം നോക്കിയാല്‍ മതി. സി.എം.ഐ സഭയുടെ നിലയെന്താ? ഒരു കോര്‍പ്പറേറ്റ്‌ എജന്‍സി എന്ന നിലിയില്‍ ഏതു കോര്‍പ്പറേറ്റ്‌ ഭീമനേക്കാള്‍ സമ്പത്ത്‌ അവരുടെ പക്കലുണ്ട്‌. ഇതു മുഴുവനും എവിടെനിന്ന്‌ കിട്ടി? പ്രാര്‍ത്ഥിച്ച്‌ ഉണ്ടാക്കിയതാണോ? മുഴുവന്‍ വിദേശ പണമാണ്‌.

കേരളത്തില്‍ സമീപ ദശകങ്ങളില്‍ കരിസ്‌മാറ്റിക്‌ പ്രസ്ഥാനം ശ്രദ്ധേയമായ വളര്‍ച്ച നേടുകയും അതിന്റെ ഭാഗമായിരുന്ന പലരും സ്വന്തം നിലയില്‍ സഭകള്‍ രൂപീകരിക്കുകയും ചെയ്‌തു. കത്തോലിക്കര്‍ മറ്റു വിശ്വാസ സമൂഹങ്ങളിലേക്ക്‌ ചുവടുമാറുന്നതു വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മെത്രാന്‍മാര്‍ക്ക്‌ പ്രത്യേക ഇടയലേഖനങ്ങള്‍ ഇറക്കേണ്ടിവരുന്നു. ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന സെക്‌ടുകളുടെ തെറ്റായ പഠനങ്ങള്‍ക്ക്‌ മറുപടി നല്‍കുന്ന `വഴിതെറ്റുന്ന വിശ്വാസം' എന്ന പുസ്‌തകം ഇപ്പോള്‍ സത്യദീപം വില്‍ക്കുന്നുണ്ട്‌. Charismatic movements also serving as vehicle for the devil to try and take away blivers from the true church. Like the holy spirit the devil is also ivolved in a big way in the charismatic movement. എന്ന്‌ മാര്‍ വര്‍ക്കി വിതയത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

എന്റെ വീട്ടില്‍ ചോറു കിട്ടുന്നില്ലെന്നായാല്‍ ഏതെങ്കിലും ഹോട്ടലിലേക്ക്‌ പോകും. നമ്മുടെ ഇടവകകളില്‍ മുന്‍പ്‌ വിശ്വാസികള്‍ക്ക്‌ ആധ്യാത്മികമായി ആവശ്യമായതെല്ലാം പണം വാങ്ങാതെതന്നെ കൊടുത്തിരുന്നു. കുമ്പസാരം, കുര്‍ബാന, ധ്യാനം എന്നിങ്ങനെ. അച്ചന്‍മാര്‍ മരാമത്ത്‌ അച്ചന്‍മാരാകുകയും, കെട്ടിടം പണി, പണപ്പിരിവ്‌ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തപ്പോള്‍ ഇടവകകളുടെ ആധ്യാത്മിക വശം ദുര്‍ബലമായി.

അപ്പോള്‍ പെന്തക്കോസ്‌തുകാര്‍ വന്നു കയറി. അവരെ ആദ്യകാലത്ത്‌ പാലായില്‍നിന്നും മറ്റും അടിച്ചോടിച്ചു. അന്ന്‌ ആര്‍ക്കും ബൈബിള്‍ അറിയില്ല. 83ല്‍ ഞാന്‍ ബൈബിള്‍ അടിച്ച്‌ 25 രൂപക്ക്‌ കൊടുത്തപ്പോള്‍ മിക്കവാറും വീടുകളില്‍ വാങ്ങി. കണ്ടെയന്‍ ചെയ്യാനാവില്ല എന്നു തോന്നിയപ്പഴാണ്‌ കരിസ്‌മാറ്റിക്‌ ധ്യാനം തുടങ്ങിയത്‌. ആദ്യം തുടങ്ങിയത്‌ ഭരണങ്ങാനം അസീസിയിലാണ്‌. ഞാനും പങ്കെടുത്തിരുന്നു. വളരെ മാനംമര്യാദക്കായിരുന്നു അത്‌. പിന്നെ കൊന്തയും മറ്റും ചേര്‍ത്തു. ഇതു ക്രമേണ വമ്പിച്ച ബിസിനസായി മാറി. കൂടെനിന്നവര്‍ക്ക്‌ ബിസിനസ്‌ സാധ്യത മനസ്സിലായി. ഇതില്‍ വലിയ മുടക്കൊന്നുമില്ല. ബൈബിള്‍ കാണാപ്പാഠം പഠിച്ചാല്‍ മതി. അങ്ങനെ ഓരോരുത്തര്‍ സ്വന്തനിലക്ക്‌ തുടങ്ങി. ഇത്‌ നാച്വറലാണ്‌.

പാലായിലെ കത്തോലിക്കാ വിഭാഗത്തില്‍തന്നെ ഇന്ന്‌ എട്ടു സഭകളുണ്ട്‌. ഇവിടുത്തെ പ്രമുഖ കുടുംബങ്ങളില്‍പെട്ട പലരും ഈ കള്‍ട്ടുകളില്‍ ചേര്‍ന്നിട്ടുണ്ട്‌. ബൈബിളു പഠിച്ചവരില്‍ ധീരരായവര്‍ സ്വന്തം വഴി നോക്കി പോയി. അല്ലാത്തവര്‍ രണ്ടു വള്ളത്തിലും കാല്‍വെച്ചു നില്‍ക്കുന്നു.

വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികം ആചരിക്കാനുള്ള തീരുമാനം, തൊഴിലാളി സംഘടനാ രൂപീകരണം, അടുത്ത പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ സ്വന്തം നിലയില്‍ മത്സരിക്കണമെന്ന തൃശൂര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ അഭിപ്രായം ഇവയൊക്കെ നിലവിലുള്ള രാഷ്‌ട്രീയ സ്ഥിതിയുമായി കൂട്ടിവായിക്കേണ്ടതാണെന്ന വിലയിരുത്തലുകളുണ്ടല്ലോ?

കഴിഞ്ഞ പത്തു വര്‍ഷത്തെ സ്ഥിതി നോക്കുക. സഭാധികാരികള്‍ ആരോടും ആലോചിക്കാതെ തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങളും പരാജയപ്പെടുകയായിരുന്നു. വിമോചനസമരത്തില്‍ പങ്കെടുത്ത നേതാക്കളെ ആരെയെങ്കിലും ഇവര്‍ അനുസ്‌മരിച്ചോ? വിമോചനസമരം അമ്പതു വര്‍ഷം മുമ്പ്‌ നടന്ന കാര്യമാണ്‌. അത്‌ എന്തായിരുന്നു എന്നുപോലും ജനങ്ങള്‍ക്കറിയില്ല. ഇപ്പോള്‍ അറിയപ്പെടുന്നത്‌ അന്നത്തെ സര്‍ക്കാരിനെ അട്ടിമറിച്ച ഒരു പ്രസ്ഥാനമെന്ന നിലക്കാണ്‌. അതുകൊണ്ട്‌ ആരും ആ വഴിക്ക്‌ പോയില്ല.വടക്കനച്ചനെപ്പോലെ അതിപ്രഗത്ഭരായവര്‍ വൈദികര്‍ തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ട്‌ എവിടെപ്പോയി അവസാനിച്ചു?

കുറെക്കാലും മുമ്പ്‌ ഇന്‍ഫാമിന്റെ പേരില്‍ വടക്കേമുറി അച്ചന്‍ എന്തൊക്കെ ചെയ്‌തു? കര്‍ഷകരെ സംഘടിപ്പിക്കുന്നു, റബര്‍ കയറ്റി അയയ്‌ക്കുന്നു, തേങ്ങാ ആട്ടുന്നു എന്തെല്ലാം പ്രസ്‌താവനകളാ നടത്തിക്കൊണ്ടിരുന്നത്‌. ഇപ്പോള്‍ എവിടെ? രാഷ്‌ട്രീയ നേതൃത്വത്തെ വീക്കാക്കി പൊതു മൂവ്‌മെന്റ്‌ ഏറ്റെടുക്കാമെന്നാണ്‌ ഇവര്‍ വിചാരിച്ചത്‌. അതത്ര എളുപ്പമല്ലെന്ന്‌ ഇവര്‍ക്കറിഞ്ഞുകൂടാ. രാഷ്‌ട്രീയത്തിന്‌ അതീതമായ കര്‍ഷക സംഘടന എന്നൊക്കെയാ പറയുന്നത്‌. ഒരുത്തന്‍ സര്‍ഷക സംഘടന ഉണ്ടാക്കുന്നത്‌ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടിയാണ്‌.അച്ചന്റെ അടുത്തുചെന്നാല്‍ എന്തു കിട്ടും? ഇത്‌ മനസ്സിലാക്കാന്‍, കേവല മനുഷ്യ മനസ്‌ മനസ്സിലാക്കാന്‍ ഈ അച്ചന്‍മാര്‍ക്ക്‌ കഴിയില്ല. കെ.സി.വൈ.എം, പിതൃവേദി, മാതൃവേദി, ലീജിയന്‍ ഓഫ്‌ മേരി തുടങ്ങി ഒരുപാട്‌ സംഘടനകളുണ്ട്‌ സഭയുടെ പോക്കറ്റില്‍. ആവശ്യം വരുമ്പോള്‍ പൊക്കിക്കാണിക്കും, ഗവണ്‍മെന്റിനെ പേടിപ്പിക്കാന്‍. ഇപ്പപ്പോള്‍ അതു നടക്കുകേല. ഇപ്പോള്‍ തൊഴിലാളികളും ഞങ്ങളുടെ കയ്യിലുണ്ടെന്ന്‌ കാണിക്കാനുള്ള ശ്രമാണ്‌. ഇതൊന്നും നേരെ ചൊവ്വേ നടത്താന്‍ അച്ചന്‍മാര്‍ക്ക്‌ അറിയില്ല. ഒരു രാഷ്‌ട്രീയക്കാരന്‍ എത്രകാലം വീടുകള്‍ നിരങ്ങി പട്ടിണികിടന്നാണ്‌ ആളെ സംഘടിപ്പിക്കുന്നതെന്ന്‌ ഇവര്‍ക്ക്‌ അറിയാമോ?. ഇവരുടെ വിചാരം പള്ളിപ്രസംഗംകൊണ്ട്‌ ആളെ കിട്ടുമെന്നാണ്‌. അതു നടക്കുകേല.

താങ്കള്‍ ഓശാനയിലുടെ കുറെക്കാലമായി പരിഷ്‌കരണത്തിനായി ശബ്‌ദമുയര്‍ത്തുന്നു. വിശ്വാസികള്‍ക്കിടയില്‍ ഇതുകൊണ്ട്‌ എന്തെങ്കിലും ചലനം സൃഷ്‌ടിക്കാന്‍ സാധിച്ചതായി തോന്നുന്നുണ്ടോ?

 ഞാന്‍ ഓശാന ആരംഭിക്കുന്ന കാലത്ത്‌ ഒരു മനുഷ്യന്‍പോലും വായിക്കുമായിരുന്നില്ല. പലരും അന്ന്‌ എന്നോട്‌ ചോദിക്കുമായിരുന്നു, ആര്‍ക്കുവേണ്ടിയാണ്‌ ഇത്‌ ഇറക്കുന്നതെന്ന്‌. വായിക്കരുതെന്ന്‌ അച്ചമ്മാര്‍ പറയുമായിരുന്നു. വീട്ടില്‍ കൊണ്ടുചെന്നാല്‍ ഭാര്യ ചുട്ടുകളയും. എന്റെ വീട്ടില്‍ ആരും വായിക്കുമായിരുന്നില്ല. ഞാന്‍ അഞ്ഞൂറെണ്ണമാണ്‌ അച്ചടിച്ചിരുന്നത്‌. ഏതെങ്കിലും ഒരു കല്യാണത്തിനോ ശവസംസ്‌കാരത്തിനോ പയോല്‍ `ഓശാന വരുന്നുണ്ട്‌' എന്ന്‌ പറഞ്ഞ്‌ ആളുകള്‍ എന്നെ ഒഴിവാക്കുമായിരുന്നു. എനിക്ക്‌ നാലു പെണ്‍മക്കളാണുള്ളത്‌. കുടുംബത്തില്‍ പിറന്ന ആരെങ്കിലും അവരെ വിവാഹം കഴിക്കുമോ എന്ന്‌ എന്റെ പെങ്ങള്‍ ചോദിച്ചു.

ഇന്ന്‌ ഈ സാഹചര്യം മാറി. ഇന്ന്‌ ഞാനൊരു ചടങ്ങിനു പോയാല്‍ ആളുകള്‍ ഓടിവന്ന്‌ വൈദികരെക്കുറിച്ചും മെത്രാന്‍മാരെക്കുറിച്ചുമുള്ള പരാതികള്‍ പറയും. അന്ന്‌ അവരുടെ ഉള്ളില്‍ ഇതുണ്ടായിരുന്നു. ഇന്ന്‌ അച്ചന്‍മാര്‍ കൂടുതല്‍ കറപ്‌ഷനിലേക്ക്‌ മാറി. ഇതിനോട്‌ പ്രതികരിക്കേണ്ടതാണ്‌, ഞങ്ങള്‍ക്ക്‌ കഴിയില്ല. അങ്ങനെ ഒരാള്‍ ഉണ്ടായത്‌ ഭാഗ്യമാണ്‌ എന്ന്‌ അവര്‍ മനസ്സിലാക്കുന്നു.

ഇത്‌ ഒരു ചലനമാകുന്നുണ്ട്‌. ഞാന്‍ 2005ലാണ്‌ സഭയുടെ ആസ്ഥികള്‍ കൈകാര്യം ചെയ്യുന്നതിന്‌ നിയമം വേണമെന്നുകാട്ടി ആദ്യമായി ഒരു ആര്‍ട്ടിക്കിള്‍ എഴുതുന്നത്‌. അന്ന്‌ പലരും ചോദിച്ചു ഇതു നടക്കുമോ എന്ന്‌. പിന്നീട്‌ മാറ്റങ്ങളുണ്ടായിത്തുടങ്ങി. സാമൂഹിക മാറ്റത്തിന്‌ തുടക്കം കുറിച്ച ഒരു മനുഷ്യനും ആ മാറ്റം നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ല. വലിയ മാറ്റം സംഭവിക്കുന്നുണ്ട്‌. എല്ലാവരുടെയും ഉള്ളിലുണ്ട്‌. തൊഴില്‍, അഡ്‌മിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ പ്രശ്‌നമാകുമെന്നു ഭയന്നാണ്‌ ആളുകള്‍ മാറി നില്‍ക്കുന്നത്‌. എന്റെ നാലു പെണ്‍മക്കളെയും മാന്യമായി ഞാന്‍ കെട്ടിച്ചയച്ചു. പ്രമുഖ കുടുംബങ്ങളില്‍നിന്നുള്ളവര്‍ വിവാഹം കഴിച്ചു. സ്‌ത്രീധനമായി ഒന്നും കൊടുത്തില്ല. ഭാര്യയെ ദഹിപ്പിക്കുകയാണ്‌ എന്നു പറഞ്ഞ്‌ പത്രത്തില്‍ കൊടുത്തു. അച്ചന്‍ പള്ളിയില്‍ വിളിച്ചു പറഞ്ഞു. ഇവിടെവന്ന്‌ ഒപ്പീസ്‌ ചൊല്ലി. ധാരാളം അച്ചന്‍മാരും കന്യാസ്‌ത്രീകളും ഇവിടെ വന്നു. ഫ്യൂണറല്‍ ഒറേഷന്‍ നടത്തിയത്‌ ഒരു കന്യാസ്‌ത്രീയാണ്‌. കൂടുതല്‍ മാറ്റങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും.

Saturday, November 14, 2009

മാര്‍ പൗവ്വത്തിലുമായി അഭിമുഖം

മന്ത്രി എം.എ. ബേബിയുടെ പരിഷ്‌കാരങ്ങളുടെ പേരില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല കലുഷിതമായിത്തുടങ്ങിയപ്പോഴാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാനും ചങ്ങനാശ്ശേരി അതിരൂപതാ മുന്‍ ആര്‍ച്ച്‌ബിഷപ്പുമായ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ മാധ്യമങ്ങളില്‍ സജീവസാന്നിധ്യമായത്‌. രണ്ടാം മുണ്ടശ്ശേരിക്കും സര്‍ക്കാരിനുമെതിരെ ക്രിസ്‌ത്യന്‍ സമൂഹം, പ്രത്യേകിച്ച്‌ കത്തോലിക്കാസഭ അരയും തലയും മറുക്കി രംഗത്തിറങ്ങിയപ്പോള്‍ വിമര്‍ശനങ്ങളും വിശദീകരണങ്ങളും ആരോപണങ്ങളുമൊക്കെയായി മാര്‍ പൗവ്വത്തിലായിരുന്നു ആ പോരാട്ടത്തിന്റെ മുന്നണിയില്‍.
ക്രൈസ്‌തവദര്‍ശനത്തിനും സ്വന്തം പദവിക്കും നിരക്കാത്തവയെന്ന്‌ ആരോപിക്കപ്പെട്ടെങ്കിലും ഇതുവരെ സ്വീകരിച്ച നിലപാടുകളുടെയോ നടത്തിയ പ്രസ്‌താവനകളുടെയോ പേരില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്ന്‌ ഇദ്ദേഹം വ്യക്തമാക്കുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഭ നേരിടുന്ന വിമര്‍ശനങ്ങളെയും വെല്ലുവിളികളെയുംകുറിച്ച്‌ മാര്‍ പൗവ്വത്തില്‍ മനസ്സു തുറക്കുന്നു. മാര്‍ പൗവ്വത്തിലുമായി ഞാന്‍ നടത്തിയ അഭിമുഖം -മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ നവംബര്‍ 15 ലക്കത്തില്‍ വായിക്കുക.

Thursday, August 20, 2009

കേരളത്തിന് നളിനി ജമീലമാരെ ആഘോഷിച്ചേ തീരു-ഡോ. സുനിതാ കൃഷ്ണന്‍


കൗമാരകാലത്ത് ലൈംഗീക ചൂഷണത്തിന് ഇരയാകുകയും പിന്നീട് മനുഷ്യക്കടത്തിനും ലൈംഗീക ചൂഷണത്തിനുമെതിരായ വലിയൊരു മുന്നേറ്റത്തിന്‍റെ സാരഥിയായി മാറുകയും ചെയ്ത ഡോ. സുനിതാ കൃഷ്ണനുമായി ഞാന്‍ നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്‍റെ ഏറ്റവും (ഓഗസ്റ്റ് 23)പുതിയ ലക്കത്തില്‍.
ബാക്കി മാതൃഭൂമിയില്‍ വായിക്കുമല്ലോ...

Wednesday, July 22, 2009

ആ ഗുളിക മറ്റേതുന്നെ

എറാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ മൈഗ്രേന്‍ വേദനാ സംഹാരിയായിഎനിക്ക് നിര്‍ദേശിച്ച കാപ്സൂളാണ് സ്പാസ്മോ പ്രോക്സിവോണ്‍. ഈ ക്യാപ്സൂള്‍ ‍പലരും ലഹരിക്കുവേണ്ടി വ്യാപകമായി ഉപയോഗിക്കുന്നതുമൂലം എന്നെപ്പോലുള്ള യഥാര്‍ത്ഥ ആവശ്യക്കാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതേ പോസ്റ്റ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ജൂണ്‍28 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു.

കയ്യില്‍ ഒരു കാപ്സൂള്‍ പോലും ഇല്ലാതിരുന്നപ്പോഴാണ് ഇന്നലെ വീണ്ടുംകടുത്ത തലവേദന വന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ഷോപ്പുകളില്‍ പോയിട്ട് കാര്യമില്ലെന്നറിയാമായിരുന്നു. ഒരുവില്‍ സ്നേഹിതന്‍റെ സുഹൃത്തായ ഒരാളുടെ കടയില്‍നിന്നാണ് ക്യാപ്സൂള്‍തരപ്പെടുത്തുകയായിരുന്നു.

ഇന്നു രാവിലെ പത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. കൊച്ചിയില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍ എന്ന നാലു കോളം വാര്‍ത്ത. ക്യാപ്സൂളിന്‍റെ പേര് വാര്‍ത്തയില്‍ ഇല്ലെങ്കിലും നിരത്തിയിട്ട സ്പാസ്മോപ്രോക്സിവോണ്‍ക്യാപ്സൂള്‍ സ്ട്രിപ്പുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പ്രതിറംഷീദിന്‍റെ ചിത്രമുണ്ട്.

രണ്ടു ക്യാപ്സൂള്‍ ചേര്‍ത്ത് തയാറാക്കിയ ശീതളപാനീയം കുടിച്ചാല്‍ ഇരുപത്തിനാലു മണിക്കൂര്‍വരെ
ലഹരിയുടെ ആലസ്യത്തില്‍ കഴിയാനാകുമെന്ന് പറയുന്നതായിവാര്‍ത്തയില്‍ സൂചനയുണ്ട്. കടുത്ത തലവേദനയുള്ളപ്പോള്‍ ഈ ക്യാപ്സൂള്‍ കഴിച്ച് പതിനഞ്ചോ ഇരുപതോ മിനിറ്റ് കഴിഞ്ഞാല്‍ ചെറിയൊരു ഉന്‍മാദാവസ്ഥയുണ്ടാകുമെന്നത് നേര്(വിശദാംശങ്ങള്‍ ബ്ലോഗില്‍). ഈ അവസ്ഥ മണിക്കൂറുകളോളം നീണ്ടു നില്‍ക്കാറില്ല. രണ്ടെണ്ണം ഒന്നിച്ചുകഴിച്ചാല്‍ കിക്ക് അല്‍പ്പം കൂടും. ഇരുപത്തിനാലു പോയിട്ട് പന്ത്രണ്ടു മണിക്കൂര്‍പോലും അത് നീണ്ടു നില്‍ക്കില്ല. ക്യാപ്സൂളിലെ പൊടി ശീതളപാനീയത്തില്‍ ഇട്ടു കഴിച്ചാല്‍ കിക്ക് കൂടുമോ എന്നറിയില്ല,പരീക്ഷിച്ചിട്ടുമില്ല. പിന്നെ ഒരു ഗുളികക്ക് രണ്ടു രൂപയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. എട്ടു ഗുളിക പന്ത്രണ്ടു രൂപയ്ക്കാണ്എറണാകുളത്തുന്നിന്ന് ഞാന്‍ ഇന്നലെ വാങ്ങിയത്.

റംഷീദിന്‍റെ കയ്യില്‍നിന്ന് പിടികൂടിയത് ആയിരത്തോളം ക്യാപ്സൂളുകള്‍.ഇതുപോലെ വന്‍തോതില്‍ ക്യാപ്സൂളുകള്‍ സംഭരിക്കുന്ന എത്രപേര്‍ ഈനഗരത്തിലുണ്ടാകും? എന്നെപ്പോലെ ഒരു കൊടിയ വേദനയുടെ നേരത്ത് ഒരു ഗുളികകിട്ടാന്‍വേണ്ടി പരക്കം പായുന്നവരും.

Wednesday, July 01, 2009

മരണം തോറ്റ രാത്രിയും രണ്ട് അമ്മമാരും

(സണ്‍ഡേ ശാലോം 2009ജൂലൈ 5 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

``ഞാന്‍ തോട്ടെറമ്പീനിന്ന്‌ തുണി നനയ്‌ക്കുവാരുന്നു. കരയ്ക്ക് നിന്ന കൊച്ച്‌ എപ്പഴാ എറങ്ങിവന്നതെന്നറിയാമ്മേല. തോട്ടില്‍ എന്തോ വീഴുന്ന ഒച്ചകേട്ടു തിരിഞ്ഞു നോക്കയപ്പോ ഇവന്‍ മുങ്ങീട്ട്‌ പൊങ്ങിവരുന്നു. മിന്നല്‍ വേഗത്തി തലമുടിയെപ്പിടിച്ച്‌ പൊക്കിയെടുത്തു. ദൈവാധീനംകൊണ്ട്‌ കണ്ടു. അല്ലെങ്കില്‍, എന്റെ കര്‍ത്താവേ...!''

മൂന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ കുട്ടനാട്ടില്‍ അമ്മവീടിനു മുന്നിലെ തോട്ടില്‍ വീണതിനെക്കുറിച്ച്‌ അമ്മ ഇതിനോടകം എത്രവട്ടം പറഞ്ഞിട്ടുണ്ടാകുമെന്ന്‌ ഓര്‍മയില്ല. ജ്യേഷ്‌ഠനു ശേഷം നാലു വര്‍ഷത്തെ ഇടവേളയില്‍ അമ്മ പ്രസവിച്ച രണ്ട്‌ ആണ്‍കുട്ടികള്‍ക്ക്‌ മിനിറ്റുകളുടെ അയുസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീടെത്തിയ എന്റെ കാര്യത്തില്‍ സവിശേഷമായ കരുതലുണ്ടായത്‌ അതുകൊണ്ടാവണം.
എവിടേക്ക്‌ പുറപ്പെടുമ്പോഴും സുരക്ഷാനിര്‍ദേശങ്ങളുടെ നീണ്ട പട്ടിക നിരത്തും. വീടിനടുത്ത കവലയിലേക്കുള്ള സായാഹ്ന സവാരിയായാലും വിദേശയാത്രയായാലും അതിനു മുടക്കമില്ല.


കാലവര്‍ഷം കലിതുള്ളുന്ന രാത്രികളില്‍ ഇടിമിന്നലിനെ ഭയന്ന്‌ പുതപ്പിനടയില്‍ അമ്മയോട്‌ ഒട്ടിച്ചേര്‍ന്നുകിടന്ന ബാല്യത്തിലാണ്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ച്‌ ഞാന്‍ ആദ്യമായി കേട്ടത്‌. പാഠപുസ്‌തകം ഒരു കൈകൊണ്ട്‌ ഉയര്‍ത്തിപ്പിടിച്ച്‌ മറുകയ്യും കാലുകളുംകൊണ്ട്‌ തോടു നീന്തിക്കയറി സ്‌കൂളില്‍ പോയിരുന്നതും മറ്റുമായിരുന്നു ആ വിവരണങ്ങളില്‍.


നാല്‍പ്പതു വര്‍ഷത്തോളമായി അമ്മ വെള്ളത്തില്‍ നീന്തിയിട്ടില്ല. പ്രായവും അനാരോഗ്യവും ശരീരത്തെ ബാധിച്ചിരിക്കുന്നു. എങ്കിലും 63ആം വയസിലും ഏതു വലിയ തോടും അനായാസം നീന്തിക്കയറാനാകുമെന്ന്‌ കുട്ടനാട്ടുകാരായ പല അമ്മമാരെയുംപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അമ്മ ഒരിയ്‌ക്കലും വെള്ളത്തെ ഭയന്നില്ല. വെള്ളപ്പൊക്കവും പാടത്തെ മടവീഴ്‌ച്ചയുമൊക്കെ കുട്ടനാട്ടുകാരുടെ മനസ്സാനിധ്യത്തിനും കഠിനാധ്വാനത്തിനും മുന്നില്‍ തോറ്റുപോയിരുന്നു എന്ന അവകാശവാദത്തിലായിരുന്നു പല കഥകളും അവസാനിച്ചിരുന്നത്‌.


പക്ഷെ, എന്തുകൊണ്ടോ എന്റെ ഗ്രാമമായ നെടുംകുന്നത്ത്‌ ഇല്ലാത്ത തോടും പുഴയുമൊക്കെ ചെറുപ്പത്തിലേ എന്നെ ഭയപ്പെടുത്തി. അമ്മയുടെ കഥകള്‍ ആവേശത്തോടെ കേട്ടിരിക്കുമ്പോഴും ഉള്ളില്‍ അകാരണമായ ഭീതി നിറഞ്ഞു. പില്‍ക്കാലത്ത്‌ അമ്മവീട്ടിലേക്കുള്ള യാത്രകളില്‍ ചങ്ങനാശ്ശേരി മുതല്‍ കുന്നംകരി വരെ ഞാന്‍ നിമിഷങ്ങളെണ്ണിയാണ്‌ ബോട്ടില്‍ ഇരുന്നിരുന്നത്‌. ആറിന്‍റെ
വിശാലതയിലേക്ക്‌ കണ്ണ്‌ പാളാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിഫലമായി. പൂവരശിന്‍റെ  പൂക്കളൊഴുകുന്ന ആറ്റിന്‍പരപ്പ്‌ മരിച്ചവരുടെ ഓര്‍മദിവസം അലങ്കരിക്കപ്പെട്ട പള്ളിസെമിത്തേരിയെ ഓര്‍മിപ്പിച്ചു.

പൂവരശുകഴിഞ്ഞാല്‍ ആറ്റിറമ്പില്‍ ഏറെയുണ്ടായിരുന്നത്‌ ഒതളമാണ്‌. കുട്ടനാട്ടുകാര്‍ ആത്മഹത്യയ്‌ക്ക്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ ഒതളങ്ങയാണെന്ന്‌ ഒരു ബന്ധു പറയുന്നത്‌ കേട്ടിരുന്നു. ഒതളമരത്തിനടുത്തുള്ള വീടുകളില്‍ എത്രപേര്‍ അങ്ങനെ ജീവനൊടുക്കിയിട്ടുണ്ടാകാം എന്നു ഞാന്‍ ആലോചിച്ചു. യാത്രയ്‌ക്കിടെ ബോട്ടു മുങ്ങിയാല്‍ എന്തു ചെയ്യുമെന്ന ചിന്ത എന്നെ അലട്ടി. ഒരു ബോട്ടില്‍ ആകെ നാലോ അഞ്ചോ ലൈഫ്‌ ബോയകളേ ഉണ്ടാകൂ. മുങ്ങിയാല്‍ അതിലൊന്ന്‌ എനിക്ക്‌ കിട്ടാന്‍ സാധ്യത കുറവാണെന്ന്‌ ഉറപ്പായിരുന്നു.



ഒരിക്കല്‍ ബോട്ടിന്‍റെ പിന്നിലെ കക്കൂസിസില്‍ മൂത്രമൊഴിക്കാന്‍ കയറിയപ്പോള്‍ താഴെ നുരകുത്തി പിന്നോട്ടു കുതിക്കുന്ന വെള്ളം പേടിപ്പെടുത്തി. അമ്മ ഒപ്പമുണ്ടായിരുന്നെങ്കിലും ആ വലിയ വിടവിലൂടെ വീണേക്കുമെന്ന പേടിയില്‍ ഉദ്യമം ഉപേക്ഷിച്ചു.
എട്ടാം ക്ലാസില്‍ പഠിക്കവേ ചമ്പക്കുളത്തെ ബന്ധുവീട്ടിലേക്ക്‌ നടത്തിയ യാത്ര ആശങ്കകളുടെ ഭാരം വര്‍ധിപ്പിച്ചു. നെടുമുടിയില്‍നിന്ന്‌ ചമ്പക്കുളത്തേക്കുള്ള കടത്തുവള്ളത്തില്‍ ഞാനും ജ്യേഷ്‌ഠനും കയറുമ്പോള്‍ അധികം ആളുണ്ടായിരുന്നില്ല. പക്ഷെ, പുറപ്പെടുമ്പോള്‍ തിരക്കേറി.


വെള്ളം വക്കോളമെത്തി. നീന്തല്‍ അറിയാത്തവര്‍ ഞങ്ങള്‍ മാത്രയമായിരിക്കുമെന്ന തിരിച്ചറിവില്‍ ഞാന്‍ വിറയ്‌ക്കാന്‍ തുടങ്ങി. കണ്ണടച്ച്‌ സര്‍വദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു. വള്ളത്തിന്‍റെ  സമീപത്തുകൂടി ഒരു ബോട്ട്‌ കടന്നുപോയി. ആറ്റിലെ വെള്ളം ഇളകിമറിഞ്ഞു. തിരയില്‍ വള്ളം ആടിയുലഞ്ഞു. മുങ്ങിയെന്നുറപ്പിച്ച ഞാന്‍ അലറിക്കരഞ്ഞ്‌ ചാടിയെഴുന്നേറ്റു. ജ്യേഷ്‌ഠനും വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരും സമാധാനിപ്പിച്ചിരുത്തി.
മറുകരയെത്തി, ബന്ധുവിട്ടീല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കുമ്പോഴും മടക്കയാത്രയെക്കുറിച്ചുള്ള ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. പക്ഷെ, മടങ്ങുമ്പോള്‍ വള്ളത്തില്‍ തിരക്കുണ്ടായിരുന്നില്ല. എങ്കിലും പിന്നീടൊരിക്കലും ഞാന്‍ അവിടെ പോയില്ല.


ജലാശയങ്ങളെ അകാരണമായി ഭയക്കുന്നത്‌ അക്വാഫോബിയ അഥവാ ജലഭീതി എന്ന മാനസിക പ്രശ്‌നമാണെന്ന്‌ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ ഒരു സ്‌നേഹിതനാണ്‌ പറഞ്ഞത്‌. വെള്ളവുമായി ബന്ധപ്പെട്ട്‌ നേരിട്ടോ അല്ലാതെയോ ഉണ്ടായ അനുഭവങ്ങളും ഇതിനു കാരണമാകാമെന്നും വെള്ളം ജീവന്‌ ഭീഷണിയല്ലെന്ന ബോധ്യമുള്ളപ്പോള്‍തന്നെയാണ്‌ ഇത്തരക്കാര്‍ക്ക്‌ അകാരണഭീതി തോന്നുന്നതെന്നും ചില മനഃശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പിന്നീട്‌ വായിച്ചു. താരതമ്യേന ഗുരുതരമല്ലാത്ത ഭീതികളിലൊന്നാണ്‌ അക്വാഫോബിയ എന്നാണ്‌ വിദഗ്‌ധമതം. അത്‌ലാന്‍റിക് സമുദ്രത്തിലെ ദ്വീപ്‌ രാജ്യമായ ഐസ്‌ലാന്റില്‍ ജനങ്ങളില്‍ അന്‍പതില്‍ ഒരാള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന്‌ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. 


ബാല്യകാല സ്വപ്‌നങ്ങളില്‍ ഞാന്‍ ആറ്റിലും തോട്ടിലുമൊക്കെ വീഴുകയും ബോട്ടപകടങ്ങളില്‍ പെടുകയും അഗാധമായ ഏതോ ജലഗര്‍ത്തങ്ങളിലേക്ക്‌ വലിച്ചെടുക്കപ്പെടുകയുമൊക്കെ ചെയ്‌തിരുന്നു. ഇത്‌ അക്വാഫോബിയയുടെ ഭാഗമാണോ എന്ന്‌ അന്വേഷിക്കാന്‍ ശ്രമിച്ചില്ല. സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ സംവിധാനം ചെയ്‌ത JAWS എന്ന ചിത്രത്തില്‍ റോയ്‌ ഷെയ്‌ഡര്‍ അവതരിപ്പിച്ച അക്വാഫോബിക്‌ ആയ മാര്‍ട്ടിന്‍ ബ്രോഡി എന്ന പോലീസ്‌ ഓഫീസര്‍ എനിക്ക്‌ ആത്മവിശ്വാസം നല്‍കി.


ബ്രോഡിയുടെ ജലഭീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ  പ്രശ്‌നം നിസ്സാരമായിരുന്നു. മാത്രമല്ല പലരും പരാജയപ്പെട്ടിടത്ത്‌ അവസരത്തിനൊത്തുയരുന്ന ബ്രോഡിയാണ്‌ കൊലയാളി സ്രാവിന്‍റെ കഥകഴിക്കുന്നത്‌.


എന്‍റെ ആശങ്കകള്‍ അക്വാഫോബിയക്കപ്പുറം വരാനിരിക്കുന്ന ദുരന്തത്തിന്‍റെ മുന്നറിയിപ്പായിരുന്നു എന്ന്‌ ബോധ്യമായത്‌ 1994 ഫെബ്രുവരി 18നാണ്‌. ആറിനെയും തോടിനെയുമൊക്കെയാണ്‌ ഞാന്‍ ഭയന്നിരുന്നതെങ്കില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു കിണറ്റിലാണ്‌ മരണം എനിക്കായി അന്ന്‌ കെണിയൊരുക്കിയത്‌.
അമ്പതു നോമ്പിലെ ആദ്യ വെള്ളിയാഴ്‌ച്ചയായിരുന്നു അത്‌. ഡിഗ്രിയുടെ രണ്ടാം വര്‍ഷപ്പരീക്ഷയ്‌ക്കുള്ള അവധിയായിരുന്നതിനാല്‍ വൈകുന്നേരം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ പതിവുള്ള കുരിശിന്‍റെ വഴിക്ക്‌ നില്‍ക്കാതെ ഒരു കിലോമീറ്റര്‍ അകലെ കാവുംനട കവലയിലേക്ക്‌ പാഞ്ഞു; അവിടുത്തെ ക്ലബ്ബില്‍ കാരംസ്‌ കളിക്കാന്‍.


കളിക്കിടയില്‍ ഏഴരയോടെ കരന്‍റ് പോയി. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിംഗ്‌ അസിസ്റ്റന്‍റായിരുന്ന അച്ചാച്ചന്‌ രാത്രി ഡ്യൂട്ടിയായാണ്‌. അമ്മയും ഇളയ പെങ്ങളും വീട്ടില്‍ തനിച്ചായതിനാല്‍ തൊട്ടടുത്ത ലൈബ്രറിയിലായിരുന്ന കൂട്ടുകാരന്‍ സേവ്യറിനൊപ്പം മടങ്ങാന്‍ ഞാന്‍ ക്ലബ്ബില്‍നിന്ന്‌ ഇറങ്ങി. മറ്റുള്ളവര്‍ കാരംബോര്‍ഡില്‍ മെഴുകുതിരി കത്തിച്ചുവെച്ച്‌ കളി തുടര്‍ന്നു.
പുറത്ത്‌ കൂരിരുട്ട്‌. 


പത്തു പതിനഞ്ചു മീറ്റര്‍ അകലെയുള്ള റോഡിലേക്ക്‌ ഓടുകയായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ ചുവടില്‍ എന്‍റെ  വലതുകാല്‍ പതിച്ചത്‌ ശൂന്യതയിലാണ്‌. തുടര്‍ന്ന്‌ ഇടതുകാലും. പിന്നെ വായുവിലൂടെ താഴേയ്‌ക്ക്‌. ശരീരം നനഞ്ഞപ്പോള്‍ ആ വസ്‌തുത ഞെട്ടലോടെ തിരിച്ചറിഞ്ഞു; ഞാന്‍ റോഡരികിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ്‌.


വീണത്‌ പരിസരത്ത്‌ ആരും കണ്ടിട്ടുണ്ടാവില്ല. നീന്തലറിയാത്തതുകൊണ്ട്‌ രക്ഷപ്പെടാന്‍ വഴികളൊന്നുമില്ല. കിണറിന്‍ന്‍റെ അടിത്തട്ടിലേക്ക്‌ താഴുമ്പോള്‍ മരണം ഉറപ്പിച്ചു. അമ്മയെയും പെങ്ങളെയുമാണ്‌ പെട്ടെന്ന്‌ ഓര്‍ത്തത്‌. അവര്‍ എന്നെ കാത്തിരുന്ന്‌ തളരും. ലോകത്തിന്റെ ഏതു ഭാഗത്തെയും അപകട മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആധികാട്ടുന്ന അമ്മയ്‌ക്കു മുന്നില്‍ എന്റെ ചേതനയറ്റ ശരീരമെത്തുമ്പോള്‍ ആര്‍ക്ക്‌ ആശ്വസിപ്പിക്കാനാകും?


ഒരുപാട്‌ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ക്ക്‌ സഹായിയായിരുന്ന അച്ചാച്ചന്‍ ആദ്യമായി മോര്‍ച്ചറിക്കു പുറത്തിരുന്ന്‌ കരയും. കോളജ്‌ വളപ്പില്‍ മഹാഗണിത്തണലിലെ പതിവു കൂട്ടായ്‌മകളിലേക്ക്‌ എത്തുമ്പോള്‍ ``നിന്‍റെ കാര്യം പറഞ്ഞ്‌ നാക്കെടുത്തതേയുള്ളു, അടുത്തകാലത്തെങ്ങും ചാവില്ല'' എന്ന്‌ അനേകംതവണ ആവര്‍ത്തിച്ചിട്ടുള്ള സുഹൃത്തുക്കള്‍ എന്‍റെ 
മൃതദേഹത്തിനരികിലൂടെ നിശബ്‌ദരായി കടന്നുപോകും.


കാലുകള്‍ കിണറിന്‍റെ അടിത്തട്ടിലെ ചേറില്‍ പതിഞ്ഞു. അടുത്ത നിമിഷം ശരീരം മേല്‍പ്പോട്ട്‌ ഉയര്‍ന്നു. അതിനിടെ കൈകള്‍ നീട്ടി കിണറിന്‍റെ വശങ്ങളില്‍ പിടിച്ചു. പിടിച്ച ഭാഗത്തെ വഴുക്കലുള്ള മണ്ണ്‌ അടര്‍ന്നുപോന്നു. മുകള്‍ത്തട്ടിലെത്തി വീണ്ടും താഴവേ വിഫല ശ്രമമെന്നോണം വായയും മൂക്കും പൊത്തിപ്പിടിച്ചു. രണ്ടാമത്‌ മുകളിലേയ്‌ക്ക്‌ ഉയരുന്നതിനിടെ ശരീരം അടിമുടി വിറച്ചു, കൈകാലുകള്‍ കോച്ചി മടങ്ങി. മരണം പിടിമുറുക്കുകയാണ്‌. 

മുകള്‍പ്പരപ്പിനടുത്തെത്തിയ നിമിഷങ്ങളില്‍ വെളിച്ചം കണ്ടു. ``നീ പോയിട്ടു വാ...''?എന്ന്‌ ആരോ പറയുന്നതു കേട്ടു; വീണ്ടും താഴോട്ട്‌.
ഉയരുമ്പോള്‍ മുകളില്‍നിന്ന്‌ ഉറക്കെ വിളിച്ചു പറയുന്നു. ``കമ്പി ഇടുന്നുണ്ട്‌; പിടിച്ചോ''. അതുതന്നെ രണ്ടുമൂന്നു വട്ടം ആവര്‍ത്തിച്ചു. എങ്ങനെയോ ഞാന്‍ കമ്പിയില്‍ പിടിച്ചു. അവര്‍ കമ്പി മേല്‍പ്പോട്ടുയര്‍ത്തി. മരണത്തിന്‍റെ പല്ലുകള്‍ കുടഞ്ഞെറിഞ്ഞ്‌ ഞാന്‍ മുകളിലേക്ക്‌.


കിണറിനു ചുറ്റും ജനം കൂടിയിരുന്നു. അവര്‍ക്കു നടുവില്‍ ദാനം കിട്ടിയ ജീവനുമായി ഞാന്‍ നിന്നു.
മുങ്ങിമരണത്തില്‍നിന്ന്‌ രക്ഷപ്പെടുന്ന എല്ലാവരുടെയും കാര്യത്തിലെന്ന പോലെ എന്നെ കിടത്തി വയറ്റിലെ വെള്ളം കളയാനുള്ള ശ്രമമായിരുന്നു പിന്നീട്‌. ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലെന്ന്‌ ഞാന്‍ പറഞ്ഞു. അതു ബോധ്യമായതോടെ നാട്ടുകാര്‍ ആ നീക്കം ഉപേക്ഷിച്ചു. ആരോ ഒരു തോര്‍ത്തുതന്നു. അതുകൊണ്ട്‌ തലതുവര്‍ത്തി.


കിണറ്റില്‍ `ചാടിയവനെ' കാണാനെത്തിയവരുടെ എണ്ണം കൂടിവന്നു. എന്നെ അറിയാവുന്നവരും അറിയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചോദിച്ചവരോടൊക്കെ ഞാന്‍ സംഭവം വിശദീകരിച്ചു. പിന്നെ ആദ്യം കേട്ടവര്‍ വിശദീകരണം ഏറ്റെടുത്തു. സൈക്കിളിലിരുന്ന്‌ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി നോക്കിയ സേവ്യര്‍ എന്നെ കണ്ട്‌ ഞെട്ടി.


``എന്നാ പറ്റിയെടാ?'' നിലവിളികണക്കെയായിരുന്നു അവന്‍റെ  ചോദ്യം.
``സൈക്കിളൊണ്ടോടാ'' ഞാന്‍ തിരക്കി.
``ഉം, വാ കേറ്‌''


ഞാന്‍ ജനക്കൂട്ടത്തിനു നടുവില്‍നിന്ന്‌ മാറി അവന്‍റെ സൈക്കിളിനു പിന്നില്‍ കയറി; രക്ഷിച്ചവരോട്‌ ഒരു നന്ദിവാക്കുപോലും പറയാതെ. സേവ്യര്‍ സൈക്കിള്‍ പറത്തി. പിന്നിലിരുന്ന്‌ നടന്നതെല്ലാം ഞാന്‍ അവനോട്‌ വിവരിച്ചു.


ഒരുകിലോമീറ്ററോളം യാത്ര ചെയ്‌ത്‌ വീടെത്തുമ്പോഴേക്കും മുണ്ടും ഷര്‍ട്ടും ഏറെക്കുറെ തോര്‍ന്നിരുന്നു. അമ്മയും പെങ്ങളും ആശങ്കയോടെ വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു.
``ഇത്രയും നേരം നീ എവിടാരുന്നു?''
``കിണറ്റില്‍''
തികഞ്ഞ ലാഘവത്തോടെയായിരുന്നു എന്‍റെ മറുപടി.
അമ്മയ്‌ക്ക്‌ ഒന്നും മനസിലായില്ല. വിശദമായി പറഞ്ഞപ്പോള്‍ നിലവിളി ഉയര്‍ന്നു.
?ഭക്ഷണം കഴിച്ച്‌ കിടന്നു. രാത്രിമുഴുവന്‍ ഞാന്‍ വിറച്ചുകൊണ്ടിരുന്നു. കമ്പിളിപ്പുതപ്പിനു മുകളില്‍ ബെഡ്‌ഷീറ്റുകളുടെ എണ്ണം കൂടിയിട്ടും എന്‍റെ ചെറിയ ശരീരം കട്ടിലിനെപ്പോലും വിറപ്പിച്ചുകൊണ്ടിരുന്നു.


കിണറ്റിലെ വെള്ളത്തില്‍ മിനിറ്റുകളോളം കിടന്നിട്ടും ഒരു തുള്ളിപോലും കുടിയ്‌ക്കാതിരുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല; ഇപ്പോഴുമില്ല. രക്ഷപ്പെടുത്താന്‍ ആളുകള്‍ എത്തിയതും കരയ്‌ക്കു നിന്നിരുന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമായി കേട്ടതും അവര്‍ ഇട്ടുതന്നെ കമ്പിയില്‍ കൃത്യമായി പിടിച്ചതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങള്‍ മാത്രം.


കിണറിനു പുറത്തു നടന്നത്‌ എന്നെ രക്ഷപ്പെടുത്തിയവരില്‍ ഒരാളായ റിട്ടയേഡ്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഐക്കുളം ദേവസ്യാച്ചന്‍റെ 

വാക്കുകളില്‍:
ഈയ്യോച്ചേട്ടന്‍

``ഞാനും ലക്ഷംവീട്ടില്‍ ആശാനുംകൂടി കവലേന്ന്‌ വീട്ടിലേക്ക്‌ മടങ്ങുവാരുന്നു. ആ സമേത്ത്‌ എന്‍റെ ചേട്ടന്‍ ഈയോച്ചനും ചിരട്ടവേലിക്കുഴി ജോസും കെണറിനടത്തുള്ള കടത്തിണ്ണേലൊണ്ട്‌. കെണറ്റില്‍ തേങ്ങാ വീണെന്നു തോന്നുന്നെന്ന്‌ ഈയ്യോച്ചന്‍ വിളിച്ചു പറഞ്ഞു.
ആശാന്‍റെ കയ്യില്‍ ഒരു ടോര്‍ച്ചൊണ്ടാരുന്നു. അതും മേടിച്ചോണ്ടുചെന്ന്‌ ഞാന്‍ നോക്കിയപ്പഴാണ്‌ നീ മേലോട്ട്‌ പൊങ്ങിവരുന്നത്‌.


താഴെ പോയിട്ട്‌ വാന്ന്‌ നിന്നോടു വിളിച്ചു പറഞ്ഞു. എവിടുന്നേലും ഒരു കയറ്‌ സംഘടിപ്പിക്കാനുള്ള ശ്രമമാരുന്നു പിന്നെ. അപ്പോഴത്തേക്കും ചാക്കോച്ചനും(ദേവസ്യാച്ചന്‍റെ മറ്റൊരു സഹോദരന്‍) എത്തി.


 അപ്രത്തെ ഇരുമ്പുകടേലേക്ക്‌ എറക്കിയിട്ടിരുന്ന കോണ്‍ക്രീറ്റ്‌ കമ്പി ഈയോച്ചനും ജോസും കൂടി എടുത്തോണ്ടുവന്നു. നീ അവസാനം പൊങ്ങിവരികേം കമ്പി ഇട്ടുതരികേം ഒന്നിച്ചാരുന്നു. കമ്പിയേല്‍ നീ പിടിച്ചു. അപ്പഴത്തേക്കും ഒരുപാടു പേരു കൂടി. കമ്പി അങ്ങനെതന്നെ മേലോട്ടു പൊക്കി നിന്നെ പുറത്തെടുക്കുവാരുന്നു. ആശാന്‍റെ കയ്യീ ടോര്‍ച്ചൊണ്ടാരുന്നകൊണ്ടു മാത്രമാ കെണറ്റിലൊന്നു നോക്കിയേക്കാമെന്ന്‌ ഞങ്ങളു വിചാരിച്ചത്‌''
കിണറിന്‌ തൊട്ടടുത്ത്‌ തെങ്ങില്ലാതിരുന്നതുകൊണ്ടുതന്നെ തേങ്ങാ വീണെന്ന്‌ ഈയോച്ചേട്ടന്‍ പറഞ്ഞതും അതു നോക്കാന്‍ മറ്റുള്ളവര്‍ തയാറായതുമൊക്കെ വിസ്‌മയങ്ങളുടെ തുടര്‍ച്ചയായി അവശേഷിക്കുന്നു.


രണ്ടു ദിവസം കഴിഞ്ഞ്‌ എന്നെ വഴിയില്‍വെച്ചു കണ്ടപ്പോള്‍ ഈയ്യോച്ചേട്ടന്‍ പറഞ്ഞു
``നീ ദൈവാനുഗ്രഹമുള്ളവനാടാ''.
``നിങ്ങള്‍ ഇല്ലാരുന്നെങ്കില്‍...''ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ അദ്ദേഹം ഇടയ്‌ക്കു കയറി.
``എല്ലാം ഒടേതമ്പ്‌രാന്‍ തീരുമാനിച്ചതാ. എന്‍റെ മോനെ രക്ഷിക്കാനോ എനിക്കു കഴിഞ്ഞില്ല. ഇതിനെങ്കിലും കഴിഞ്ഞല്ലോ''



ജോസുകുട്ടിയുടെ മൃതദേഹത്തിനരികില്‍ ബന്ധുക്കള്‍


ഈയ്യോച്ചേട്ടന്‍റെ രണ്ടാമത്തെ മകന്‍ ജോസുകുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വീട്ടുപറമ്പിലെ കിണറ്റില്‍ വീണാണ്‌ മരിച്ചത്‌. കുളിക്കാനായി വെള്ളം കോരുമ്പോള്‍ കിണറിനു മുകളിലെ പാലത്തടി ഒടിയുകയായിരുന്നു. ജോസുകുട്ടിയുടെ മരണം ഈയോച്ചേട്ടന്‍റെ ഭാര്യ റോസമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചു. പിന്നീടൊരിക്കല്‍ കിണറ്റില്‍ വീണ ആ അമ്മയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. അതോടെ അവരുടെ സ്ഥിതി കൂടുതല്‍ വഷളായി.
മുങ്ങിമരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും രക്ഷിച്ചവരുമായുള്ള കണ്ടുമുട്ടലുകളുമൊക്കെ മരണം തോറ്റ രാത്രിയിലേക്ക്‌ എന്നെ ഇടയ്‌ക്കിടെ മടക്കിക്കൊണ്ടു പോയി.


വീട്ടുമുറ്റത്തെ കള്ളിമുള്‍ച്ചെടിയില്‍ പെങ്ങള്‍ കോറിയിട്ട ഫെബ്രുവരി 18 1994 എന്ന തീയതി ചെടിക്കൊപ്പം വളര്‍ന്നുവന്നു. കൂട്ടുകാരന്‍ സാജന്‍റെ ശരീരം മറ്റൊരു കിണറിന്‍റെ ആഴത്തില്‍ കണ്ടപ്പോഴും സി.വൈ.എം.എ വാര്‍ഷികപ്പതിപ്പില്‍ ഞാന്‍ അവനെക്കുറിച്ചെഴുതിയ സ്‌മരണ വായിച്ച്‌ അവന്‍റെ അമ്മ കെട്ടിപ്പിടിച്ചു കരയുമ്പോഴും നെഞ്ചുപൊട്ടി.


2005ല്‍ ഈയ്യോച്ചേട്ടന്‍ മരിക്കുമ്പോള്‍ ഞാന്‍ സൗദി അറേബ്യയിലായിരുന്നു. ഏതാനും മാസങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്‍റെ ഇളയ മകന്‍ ജോണി വീടിനടുത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച വിവരം വിളിച്ചറിയിക്കുമ്പോള്‍ അച്ചാച്ചന്‍റെ ശബ്‌ദമിടറി.


കൂലിപ്പണിക്കാരനായ ജോണി രാത്രി പണി കഴിഞ്ഞെത്തി കുളിക്കാന്‍ പോയതാണ്‌. ബക്കറ്റുകൊണ്ട്‌ വെള്ളം കോരിയെടുക്കുന്നതിനിടെ മുന്നോട്ടാഞ്ഞു. ആ വീഴ്‌ച്ചയുടെ സ്വരം ആരും കേട്ടില്ല.
അവധിക്കെത്തിയപ്പോള്‍ ഈയ്യോച്ചേട്ടന്‍റെ വീട്ടിലൊന്നു പോകണമെന്ന്‌ ആഗ്രഹിച്ചു. പക്ഷെ, ആ അമ്മയെ സ്വാന്തനിപ്പിക്കാന്‍ വഴികളില്ലാത്തതുകൊണ്ട്‌ മടിച്ചു.

ജോണി
പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയശേഷം അടുത്തയിടെ ഒരു ദിവസം പോയി. മൂത്തമകനൊപ്പം താമസിക്കുന്ന അമ്മയുടെ കാഴ്‌ച്ച ഏറെക്കുറെ നഷ്‌ടപ്പെട്ടതിനാല്‍ പരിചയപ്പെടുത്തേണ്ടിവന്നു.


``അച്ചായന്‍ പോയി മോനേ... എന്‍റെ കുഞ്ഞും...''അവരുടെ വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
കൊച്ചു കൂരയ്‌ക്കുളില്‍ ഈയോച്ചേട്ടന്‍റെയും ജോണിയുടെയും ജോസുകുട്ടിയുടെ സംസ്‌കാരച്ചടങ്ങിന്‍റെയും ചിത്രങ്ങള്‍.


``ഇന്നലെ ജോണീടെ ഇരുപത്തിയെട്ടാം പിറന്നാളായിരുന്നു''
പിറന്നാളുകളും ചരമദിനങ്ങളും ഈ അമ്മയുടെ തീരാത്ത മനോവ്യഥയില്‍ ഇടയ്‌ക്ക്‌ തീകോരിയിടുന്നു. ഞാന്‍ എന്‍റെ  അമ്മയെ ഓര്‍ത്തു. പതിനഞ്ചു വര്‍ഷം മുമ്പ്‌ എനിക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടിയ രാത്രിയെയും.

Tuesday, June 23, 2009

ബ്ലോഗനയില്‍


കഥയല്ല നിജത്തിലെ സ്പാസ്മോ പ്രോക്സിവോണ്‍ എന്ന പോസ്റ്റ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്‍റെ ജൂണ്‍ 28 ലക്കത്തിലെ ബ്ലോഗനയില്‍. ഒറിജിനലിന്‍റെ ലിങ്ക് ഇവിടെ http://kadhyalla.blogspot.com

Friday, June 05, 2009

സ്പാസ്മോപ്രോക്സിവോണ്‍

തലക്കെട്ടു വായിച്ചിട്ട്‌ ഒന്നും മനസിലാകാത്തവര്‍ അന്തംവിടണ്ട. പുതിയ ലോകചെസ്‌ ചാമ്പ്യന്റെയോ മറ്റോ പേരാണെന്ന്‌ തെറ്റിധരിക്കുകയും വേണ്ട. ഓര്‍മവെച്ച കാലം മുതല്‍ എന്നോടൊപ്പമുള്ള മൈഗ്രൈന്‍ എന്ന ചങ്ങാതി കൈവിട്ടു കളിക്കുമ്പോള്‍ മൂക്കുകയറിടാനുള്ള വേദനാസംഹാരിയാണ്‌ കഥാനായകന്‍.

ചോദ്യചിഹ്നത്തിന്റെ ആകൃതിയിലുള്ള സ്വന്തം തല എന്റെ മുന്നില്‍ ഇടയ്ക്കിടെ ഒരു ചോദ്യചിഹ്നമാകാറുണ്ട്‌. പ്രത്യേകിച്ചും സാധാരണക്കാരുടെ തലയിലൂടെ കൂളായി കേറിപ്പോകുന്ന കൊന്ത, വെന്തിങ്ങ, മാല തുടങ്ങിയ സാമഗ്രികള്‍ ഈ ചോദ്യചിഹ്നത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍. എന്തിനധികം പറയുന്നു? കുറെ ദിവസം മുമ്പ്‌ ഒരു ഹെല്‍മെറ്റ്‌ മേടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ട്‌ പെട്ട പാട്‌ എനിക്കേ അറിയൂ. പരമാവധി അഞ്ഞൂറു രൂപയായിരുന്നു ആദ്യ ബജറ്റ്‌. ചങ്ങനാശേരീല്‌ നാലു കടേല്‍ കേറിയപ്പം ട്രെന്‍ഡ്‌ മനസ്സിലായി. അതോടെ എനിക്കു പറ്റിയ ഒരെണ്ണം കിട്ടാന്‍ എത്ര രൂപവേണേലും വീശാമെന്നായി.

``ചേട്ടാ ഈ തലയ്‌ക്കു പറ്റുന്ന ഒരെണ്ണം വേണം'' എന്നു പറയുമ്പോ ഇതുപോലെ എത്ര തലകണ്ടതാ മോനെ എന്ന ഭാവത്തോടെയാണ്‌ കടക്കാരന്‍ സാധനം നെരത്താന്‍ തൊടങ്ങുന്നത്‌. ഫുള്ളും ഹാഫും പകുതി മടക്കി പൊറകോട്ടു മറ്റാവുന്നതും ഒക്കെ. എന്നിട്ട്‌ എന്തുകാര്യം! താടി അകത്തു കേറുമ്പോ തലേടെ പിന്നാമ്പുറം പുറത്താകും, പിന്നാമ്പുറം കേറുമ്പോള്‍ താടി പുറത്ത്‌! നേരത്തെ അവജ്ഞ കാട്ടിയ കടക്കാരന്റെ ഭാവം നിസ്സഹായതയ്‌ക്ക്‌ വഴിമാറും.``ചേട്ടനു പറ്റുന്ന സാധനം കിട്ടുമെന്നു തോന്നുന്നില്ല. പോലീസു പടിച്ചാല്‍ എന്റെ പൊന്നു സാറേ ഈ തല കേറുന്ന ഒരെണ്ണം മേടിച്ചു തന്നാ കാശ്‌ എത്രവേണെലും തരാം എന്നു പറഞ്ഞാ മതി''-ഉപദേശം ചങ്ങനാശേരില്‍ ഏറ്റവുമധികം ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന കടേലെ സെയില്‍സ്‌മാന്റെ വക.

അന്വേഷണം കോട്ടയത്തും എറണാകുളത്തും എത്തിയിട്ടും സ്ഥിതി തഥൈവ. ഒടുവില്‍ എറണാകുളം ഹൈക്കോടതി ജംഗ്‌ഷനു സമീപമുള്ള ഹോള്‍സെയില്‍ കടയിലുണ്ടായിരുന്ന വിരലിലെണ്ണാന്‍ പോന്ന എക്‌സ്‌ട്രാ ലാര്‍ജുകളില്‍ ഒന്നിലാണ് എന്റെ തല കീഴടങ്ങിയത്‌.



അങ്ങനെ സവിശേഷമായ ഈ തലയ്‌ക്ക്‌ പണ്ടേക്കു പണ്ടേ തലവേദന വലിയൊരു തലവേദനയാണ്‌. കുഞ്ഞുന്നാളില്‍ പൂണ്ടു വിളയാടുന്നതിനിടയില്‍ ഭിത്തിയിലും കട്ടിലിന്റെ ക്രാസിയിലുമൊക്കെ ശിരോമുദ്രചാര്‍ത്തിയതിന്റെ ശേഷിപ്പാണ്‌ വേദനയെന്നായിരുന്നു അമ്മയുടെ കണ്ടെത്തല്‍. ഭിത്തിയും ക്രാസിയുമൊക്കെപ്പോകട്ടെ, മലയാറ്റൂര്‍ മലേലെ തോമാശ്ലീഹായുടെ കാല്‍പ്പാടുപോലെ പാറയില്‍ തല പതിപ്പിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാകും? ഇത് എന്‍റെ വീട്ടിലുള്ള ദോഷൈകദൃക്കുകള്‍ ഉന്നയിക്കുന്ന ചോദ്യം. പക്ഷെ, ഒന്നും ബോധപൂര്‍വമായിരുന്നില്ല,റബര്‍തോട്ടത്തില്‍ അയല്‍പക്കക്കാരെല്ലാം സന്നിഹിതരായിരുന്ന ഒരു വെടിവെട്ടത്തിനു നടുവില്‍ സാക്ഷാല്‍ ജയനെ അനുകരിക്കാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ജയന്റെ മരണവും കോളിളക്കവുമൊക്കെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. ജയന്‍ ചാടുന്നപോലെ ചാടാം എന്നു പറഞ്ഞ്‌ അന്‍പതു മീറ്ററോളം ഓടിവന്ന്‌ തോട്ടത്തിന്റെ സൈഡിലെ നാലു മീറ്റളോളം താഴ്‌ച്ചയുള്ള തൊണ്ടിന്റെ വക്കിലെത്തി ചാട്ടം അഭിനയിച്ച്‌ വെറുതെ ഒന്ന് ഓങ്ങി മടങ്ങാനാരുന്നു പ്ലാന്‍.

പക്ഷെ, ഓട്ടത്തിന്റെ വേഗത്തില്‍ ടൈമിംഗ്‌ പാളി, ബ്രേക്ക്‌ പോയി. തലകുത്തി തൊണ്ടിലെ വലിയൊരു പാറയില്‍ ക്രാഷ്‌ലാന്റ്‌ ചെയ്‌തു. ആയുസിന്റെ പുസ്‌തകത്തില്‍ താളു ബാക്കിയൊണ്ടാരുന്നകൊണ്ട്‌ അന്ന്‌ പരലോകത്ത്‌ ജയനു കമ്പനി കൊടുക്കേണ്ടിവന്നില്ല.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ചികിത്സ തേടാത്ത ആഴ്‌ച്ചകള്‍ കുറവായിരുന്നു. എന്‍റെ തലവേദന കോട്ടയം ജില്ലയിലെ പല പ്രമുഖ ശിരോരോഗവിദഗ്ധര്‍ക്കും തലവേദനയായി മാറി.
മറ്റു പലരെയുംപോലെ എനിക്കും തല വെട്ടിപ്പൊളിക്കുന്നതുപോലുള്ള വേദനയില്‍ ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അരോചകമായിതോന്നും. അതൊക്കെ പോട്ടെന്നു കരുതാം; കോളേജില്‍ പഠിക്കുമ്പോള്‍ ഉച്ചഭക്ഷണത്തിന്‌ വീട്ടീന്നു തരുന്ന കാശ്‌ പോക്കറ്റിലട്ട്‌ പട്ടിണിനിന്ന്‌ ജീവന്‍മരണപ്പോരാട്ടം നടത്തി ടിക്കറ്റ്‌ സംഘടിപ്പിച്ച്‌ സിനിമാ തിയേറ്ററിനുള്ളില്‍ കേറുമ്പോള്‍ തലവേദനയുണ്ടായാലത്തെ കാര്യം പറയാനൊണ്ടോ?

സംഗതി മൈഗ്രൈനെന്ന ഒഴിയാബാധയാണെന്ന്‌ പറഞ്ഞത്‌ ഒരു ഡോക്‌ടറാണ്‌. ഡോക്‌ടര്‍മാരുടെ കുറിപ്പടിയില്ലാതെതന്നെ ട്രൈമോള്‍ എന്ന വേദനാസംഹാരിയെ ഞാന്‍ കൂടെക്കൂട്ടി. വര്‍ഷങ്ങളോളം അവളെ എനിക്കു പിറക്കതെപോയ മോളെപ്പോലെ കൊണ്ടുനടന്നു. യാത്രയിലും സിനിമാ തിയേറ്ററിലും പരീക്ഷാഹാളിലുമൊക്കെ ട്രൈമോള്‍ എന്റെ വേദയെ പിടിച്ചുകെട്ടി. വേദന വരുമ്പോള്‍ വായില്‍ കയ്യിട്ട്‌ ഛര്‍ദ്ദിക്കുന്ന ചില മൈഗ്രൈനന്‍മാരോട്‌ ഈ മോളെ പരീക്ഷിക്കാന്‍ ഞാന്‍ ഉപദേശിച്ചു.

2003ല്‍ വയറുവേദനയെ തുടര്‍ന്ന്‌ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കിടന്നപ്പോഴാണ്‌ ട്രൈമോള്‍ കള്ളിയങ്കാട്ട് നീലിയെക്കാള്‍ ഭയങ്കരിയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.


വൃക്കയില്‍ ക്രയാറ്റിനിന്റെ അംശം കൂടുതലാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എന്റെ ആരോഗ്യ, ചികിത്സാ ചരിത്രങ്ങള്‍ ചികഞ്ഞുപോയ ഡോക്‌ടര്‍മാര്‍ ആ കുടലയുടെ ക്രൂരകൃത്യമാണിതെന്ന്‌ ഒടുവില്‍ കണ്ടെത്തുകയായിരുന്നു. പക്ഷെ, ഒരുവെടിക്കുള്ള സംഗതിയില്ലാതെ എനിക്ക്‌ മുന്നോട്ടു പോകാമ്പറ്റുവോ? അങ്ങനെയാണ്‌ ട്രോമോള്‍ക്കു പകരം സ്‌പാസ്‌മോപ്രോക്‌സിവോണിന്റെ രംഗപ്രവേശം.

ഡോക്‌ടര്‍തന്നെയാണ്‌ പുതിയ വേദനാസംഹാരി കുറിച്ചത്‌. നീലനിറത്തിലുള്ള സുന്ദരന്‍ ക്യാപ്‌സൂളാണ്‌ കഥാനായകന്‍. വൃക്കയെയും മറ്റും ദ്രോഹിക്കുമെന്ന പേടിവേണ്ട. വേദന ദൂരേന്നു പുറപ്പെട്ടിട്ടുണ്ടെന്ന സിഗ്നല്‍ കിട്ടുമ്പോള്‍ അവനെ നൈസായി അകത്തോട്ടു വിടും. പിടിച്ചു നിര്‍ത്തിയപോലെ വേദന ക്ലോസ്‌!. അവിടംകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. പതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ ഒരു പെഗ്‌ കഴിച്ച സുഖം. ചെറിയൊരു ഉന്‍മാദാവസ്ഥ, ശരീരത്തിനു കനം കുറയുകയും സ്വപ്‌നങ്ങള്‍ക്ക്‌ നിറമേറുകയും ചെയ്യുന്നപോലെ. കക്കുസില്‍ പോയാല്‍ കൊള്ളാമെന്നൊരു തോന്നല്‍. രണ്ടെണ്ണം ഒന്നിച്ചുകഴിച്ചാല്‍ പിന്നെ ആലീസിന്റെ അത്ഭൂതലോകത്തോ തൃശൂര്‍ പൂരത്തിന്റെ കമ്പക്കെട്ടിനു നടുവിലോ ചെന്നെത്തിയ പ്രതീതി.

ഡോക്‌ടറുടെ കുറിപ്പടി ഉപയോഗിച്ച്‌ ഞാന്‍ സ്‌പാസ്‌മോപ്രോക്‌സിവോണ്‍ കുറെ വാങ്ങി കരുതിവെച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്റ്റോക്ക്‌ തീര്‍ന്നു, കുറിപ്പടി കാണാതെ പോയി. നോക്കണെ ഗതികേടു വരുന്ന വഴി. ഒരു ദിവസം എറണാകുളം നഗരത്തില്‍ സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തലവേദന സിഗ്നലിട്ടു. കലൂരിലെ ഒരു മെഡിക്കല്‍ ഷോപ്പിലേക്ക്‌ ഓടിക്കയറി.


``ചേട്ടാ നാലു സ്‌പാസ്‌മോ പ്രോക്‌സിവോണ്‍''

``ഇല്ല''

മറുപടി പെട്ടെന്നായിരുന്നു. തൊട്ടടുത്ത കടയിലേക്ക്‌ പാഞ്ഞു. അവിടെയും നോ രക്ഷ. ഇപ്പോള്‍ ആ ക്യാപ്‌സൂള്‍ എടുക്കുന്നില്ലെന്നും അടുത്തകാലത്തെങ്ങും വരില്ലെന്നും കടയുടമ വ്യക്തമാക്കി. ലിസി ജംഗ്‌ഷനിലെ മൂന്നു ഷോപ്പുകളിലും കഥാനായകന്‍ ഇല്ലേയില്ല.

``വെറുതെ നമ്മക്ക്‌ പണിയുണ്ടാക്കല്ലേ, പോ.. പോ''

കച്ചേരിപ്പടിയിലെ മെഡിക്കല്‍ ഷോപ്പുടമയുടെ വര്‍ത്തമാനത്തില്‍ എന്തോ ഒരു സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌.

``എന്താ ചേട്ടാ പ്രശ്‌നം. ഗുളിക ചോദിച്ചതിന്‌ എന്തിനാ ചൂടാകുന്നത്‌?''

``ഞാന്‍ ഇവിടെ ഇരിക്കാന്‍ തൊടങ്ങീട്ട്‌ കൊറെയായി. ഇതൊക്കെ ഒരുപാടു കണ്ടതാ''.

അയാള്‍ ഒടക്കു മുറുക്കുകയാണ്‌. തലവേദന കലശലായി. നേരത്തെ ഡോക്‌ടറുടെ കുറിപ്പ്‌ കാണിച്ച്‌ മരുന്നു വാങ്ങിയ ഷോപ്പിലെത്തി. ഇല്ലെന്നായിരുന്നു അവിടെയും ആദ്യ പ്രതികരണം. പത്രപ്രവര്‍ത്തകനാണെന്നും ഡോക്‌ടറുടെ കുറിപ്പുമായി നേരത്തെ വന്നിരുന്നെന്നും പറഞ്ഞ്‌ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ചു. ഷോപ്പുടമയ്‌ക്ക്‌ ദയനീയാവസ്ഥ ബോധ്യമായി.

``അത്‌ സംഗതി അല്‍പ്പം പെശകാ. പിള്ളാരുസെറ്റ്‌ കോളേല്‌ കലക്കിക്കുടിക്കുന്ന സാധനാ. പൂസാകാനേയ്‌. അതോണ്ട്‌ പ്രിസ്‌ക്രിപ്‌ഷന്‍ ഇല്ലാതെ കൊടുക്കുന്നില്ല''

സംഗതീടെ കെടപ്പുവശം അപ്പഴാ പിടികിട്ടിയത്‌. ക്യാപ്‌സൂള്‍ കഴിച്ചശേഷമുള്ള ഉന്‍മാദാവസ്ഥയെക്കുറിച്ച്‌ ഞാന്‍ ഓര്‍ത്തു. രണ്ടോ മൂന്നോ ക്യാപ്‌സൂളിലെ പൊടി കൊക്കക്കോളയിലോ പെപ്‌സിയിലോ ഇട്ടു കഴിച്ചാല്‍ പിന്നെ പറയാനൊണ്ടോ?പിന്നീട്‌ ഗൂഗിള്‍ സെര്‍ച്ചില്‍ പോയി സ്‌പാസ്‌മോപ്രോക്‌സിവോണ്‍ എന്ന്‌ അടിച്ചപ്പോള്‍ കഥാനായകന്റെ അപദാനങ്ങളുടെ നീണ്ടനിര. മികച്ചൊരു വേദനാസംഹാരി എന്നതിലുപരി ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമാണ്‌ ഏറെ.

പിറ്റേന്നുതന്നെ ഡോക്‌ടറെക്കണ്ട്‌ വിവരം പറഞ്ഞ്‌ ഒരു കുറിപ്പു വാങ്ങി മുന്‍കരുതലായി സൂക്ഷിച്ചു.കയ്യില്‍ ക്യാപ്‌സൂളും കുറിപ്പും ഇല്ലാത്ത വേളകളില്‍ തലവേദന വന്നപ്പോഴൊക്കെ കടക്കാരുടെ കാലുപടിക്കുകയും ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ച്‌ ഇരക്കുകയുമൊക്കെ ചെയ്യാന്‍ ജാള്യം തീരെയില്ലാതായി.


``നിന്നെയൊക്കെപ്പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുയാണ്‌ വേണ്ടത്‌''

അരിശത്തോടെ ആക്രോശിച്ച എറണാകുളം സൗത്തിലെ ഷോപ്പുടമ പ്രസ്‌കാര്‍ഡ്‌ കണ്ടപ്പോള്‍ തണുത്തു. കാര്യം വിശദമാക്കിയപ്പോള്‍ ഒരു ക്യാപ്‌സൂള്‍ തന്നു.

കോളാവിദ്യയെക്കുറിച്ച്‌ അറിവില്ലാഞ്ഞിട്ടാണോ എന്നെ അറിയാവുന്നതുകൊണ്ടാണോ എന്തോ നാട്ടിമ്പുറത്തെ ഷോപ്പുകളില്‍നിന്ന്‌ ഒരിക്കലും ഇല്ല എന്ന വാക്ക്‌ കേള്‍ക്കേണ്ടിവന്നിട്ടില്ല. 2006ല്‍ സൗദി അറേബ്യയിലേക്ക്‌ പോകുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള സ്റ്റോക്ക്‌ വാങ്ങിയത്‌ അവിടുത്തെ രണ്ടു ഷോപ്പുകളില്‍നിന്നായാണ്‌.

എനിക്കൊപ്പം മൈഗ്രൈനും സൗദിയിലേക്ക്‌ പോന്നിരുന്നു. മൂന്നു വര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച്‌ വീണ്ടും എറണാകുളത്ത്‌ വേരുറപ്പിക്കുമ്പോള്‍ ഡോക്‌ടറുടെ കുറിപ്പ്‌ കരുതാന്‍ മറന്നു.നഗരം വെയിലില്‍ തിളച്ച ഒരു പകലില്‍ തലവേദനയില്‍ ഞാന്‍ പുളഞ്ഞു. ഗത്യന്തരമില്ലാതെ മെഡിക്കല്‍ ഷോപ്പിലേക്ക്‌ നടക്കുമ്പോള്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ അറിയാമായിരുന്നു.നാലു ഷോപ്പുകളില്‍ കയറിയിറങ്ങി കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. എന്തെങ്കിലും ഒരു വേദനാസംഹാരി തന്നാല്‍ മതിയെന്ന എന്റെ യാചനയ്‌ക്കു മുന്നില്‍ നാലാമത്തെ ഷോപ്പിലെ സെയില്‍സ്‌മാന്‍ കനിഞ്ഞു. എതോ ഒരു ഗുളിക കിട്ടി. അര മണിക്കൂറിനുള്ളില്‍ വേദന തെല്ലു ശമിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി നഗരമധ്യത്തിലെ ഒരു ലോഡ്‌ജില്‍ സ്‌നേഹിതന്‍ രാജേഷിനെ സന്ദര്‍ശിക്കാനിടയായി. ലോഡ്‌ജിലെ ജൂനിയര്‍ താരങ്ങള്‍ ടെറസ്സില്‍ ഒരു മദ്യപാനസദിരിലാണ്‌. ഭൂരിഭാഗവും നഗരത്തില്‍ വിവിധ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍. രാജേഷിന്റെ സഹമുറിയനായ കണ്ണൂരുകാരന്‍ എംബിഎ വിദ്യാര്‍ഥി ഫെലിക്‌സിന്റെ ക്ഷണം സ്‌നേഹത്തോടെ നിരസിച്ച്‌ ഞങ്ങള്‍ മുറിയില്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫെലിക്‌സ്‌ മുകളില്‍നിന്ന്‌ മുറിയിലേക്കു വന്നു.


``ചേട്ടാ, സാധനം തീര്‍ന്നു. അവമ്മാര്‌ ഒച്ചപ്പാടാ''.

``പന്ത്രണ്ടരയായി. ഇനി എവിടെ കിട്ടാനാ? ബാറും ഇപ്പം അടച്ചിട്ടൊണ്ടാകും''-രാജേഷ്‌ പറഞ്ഞു.

``സാധനം കിട്ടത്തില്ല, അറ്റകൈ തന്നെ, അല്ലാതെന്തു ചെയ്യാനാ''-മേശവലിപ്പു തുറന്ന്‌ പഴ്‌സ്‌ എടുത്ത്‌ ജീന്‍സിന്റെ പോക്കറ്റില്‍ തിരുകി ഫെലിക്‌സ്‌ പുറത്തേക്കിറങ്ങി.

``അവന്‍ തിരിച്ചുവരുന്നതുവരെ വെയ്‌റ്റ്‌ ചെയ്‌താല്‍ നിനക്ക്‌ ഡെസ്‌ക്‌ ടോപ്പ്‌ ഡിസ്റ്റിലറി കാണാം''-രാജേഷ്‌ എന്നോടു പറഞ്ഞു.

പതിനഞ്ചു മിനിറ്റിനുള്ളില്‍ ഫെലിക്‌സ്‌ രണ്ടു കുപ്പി പെപ്‌സിയുമായി തിരിച്ചെത്തി. മേശവലിപ്പില്‍നിന്ന്‌ ഒരു പൊതിയെടുത്തു തുറന്നു. അതില്‍ എനിക്ക്‌ സുപരിചിതമായ സ്‌പാസ്‌മോ പ്രോക്‌സിവോണ്‍ ക്യാപ്‌സൂളിന്റെ പത്തോളം സ്‌ട്രിപ്പുകള്‍. ഒരു കുപ്പിയിലെ പെപ്‌സി ഒരു പാത്രത്തിലേക്ക്‌ പകര്‍ത്തിയശേഷം ക്യാപ്‌സൂളുകള്‍ ഒന്നൊന്നായി പൊട്ടിച്ച്‌ അതിലെ പൊടി കോളയിലേക്ക്‌ ഇട്ടു. വീര്യമേറുന്നതിന്റെ സൂചനക നല്‍കി കോള വിറച്ചുയര്‍ന്ന്‌ താഴുന്നു. പിന്നെ പാത്രത്തില്‍നിന്ന്‌ കുപ്പിയിലേക്ക്‌ പകര്‍ന്ന്‌ ടെറസ്സിലേക്ക്‌.

തലപിളര്‍ക്കുന്ന വേദന പിടിച്ചുനിര്‍ത്താന്‍ ഒരു ക്യാപ്‌സൂളിനായി ഞാന്‍ യാചിക്കുന്ന നഗരത്തില്‍തന്നെയാണ്‌ ഇതും നടക്കുന്നത്‌. മെഡിക്കല്‍ ഷോപ്പുകാരെ എന്തിനു പഴിക്കണം?.ഇതുവരെ അവരെ പ്‌രാകിയതിന്‌ ഈശോ മറിയം ഔസേപ്പേ...!എന്നോടു പൊറുക്കണേ...
--------------------------------------------------
ഇതിലെ വരുന്നവരുടെ ശ്രദ്ധയ്ക്ക്
ഇതു വായിച്ചിട്ട് സ്പാസ്മോപ്രോക്സിവോണ്‍ നേരിട്ടോ കോള മുഖേനയോ പരീക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഈയുള്ളവന് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.