Wednesday, September 26, 2007

മലയാളി നയിക്കുന്നു, ആന്ധ്ര എയ്ഡ്സിനെതിരെ പൊരുതുന്നു

ഹൈദരാബാദില്‍ നടന്ന എച്ച്.ഐ.വി ബാധിതരുടെ സംഗമം

വാലന്‍റൈന്‍സ് ദിനം പ്രണയിക്കുന്നവരുടെ ഉത്സവമായാണ്‌ ലോകമെമ്പാടും കൊണ്ടാടപ്പെടുന്നത്‌.
കഴിഞ്ഞ ഫെബ്രുവരി 14നും പതിവു തെറ്റിക്കാതെ ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും പ്രണയോത്സവങ്ങള്‍ അരങ്ങേറിയപ്പോള്‍ ആന്ധ്രാപ്രദേശിലെ നാലു നഗരങ്ങള്‍ വേറിട്ട ഒരു ആഘോഷത്തിന്‌ ആതിഥ്യമരുളുകയായിരുന്നു. ഹൈദരാബാദിലും ഗുണ്ടൂരിലും വിജയവാഡയിലും വിശാഖപട്ടണത്തും എച്ച്‌.ഐ.വി ബാധിതരായ ദമ്പതികള്‍ ഒത്തു ചേര്‍ന്നു.

ആയുസിന്‍റെ പുസ്തകത്തില്‍ തങ്ങള്‍ക്ക്‌ അധിക നാളുകളില്ലെന്ന സത്യം ഉള്‍ക്കൊണ്ട ഭാര്യാഭര്‍ത്താക്കന്‍മാരും ദുരിത നാളുകളില്‍ പങ്കാളിയെ കൈവിടാതെ വേദന പങ്കുവെക്കാന്‍ തീരുമാനിച്ചവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ഉദാത്ത സാക്ഷ്യം നല്‍കുന്ന ദമ്പതികളെ അഭിനന്ദിക്കാന്‍, അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ചലച്ചിത്ര, കായിക മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ സകുടുംബം എത്തി. അനുഭവങ്ങള്‍ പങ്കുവെച്ച്‌, വിനോദങ്ങള്‍ ആസ്വദിച്ച്‌ ഉല്ലാസ യാത്രയും അത്താഴ വിരുന്നും കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ അവരുടെ ആഹ്ളാദം വാക്കുകള്‍ക്ക്‌ അതീതമായിരുന്നു.

ഇന്ത്യയില്‍ എയ്ഡ്സ്‌ രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ആന്ധ്രാപ്രദേശില്‍ നടന്നുവരുന്ന എച്ച്‌.ഐ.വി വിരുദ്ധ മുന്നേറ്റത്തിലെ ശ്രദ്ധേയമായ ഒരു അധ്യായം മാത്രമായിരുന്നു ഈ സംഗമം. മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും എച്ച്‌.ഐ.വി ബാധക്കും കുപ്രസിദ്ധമായ തെലുങ്കുനാടിനെ കാത്തിരിക്കുന്ന വാന്‍ ദുരന്തം മുന്നില്‍ കണ്ട്‌ ആന്ധ്രാപ്രദേശ്‌ സ്റ്റേറ്റ്‌ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റി(എ.പി.എസ്‌.എ.സി.എസ്‌) ആസൂത്രണം ചെയ്ത പദ്ധതി വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്‌ ഒന്നാം വാര്‍ഷികത്തോടടുക്കുകയാണ്‌.

എച്ച്‌.ഐ.വി/എയ്ഡ്സ്‌ ബാധ അനുദിനം വര്‍ധിച്ചുവരുമ്പോള്‍ ഒന്നും കണ്ടില്ലെന്ന്‌ നടിച്ചിരുന്ന പല സംസ്ഥാനങ്ങളും ഇന്ന്‌ ആന്ധ്രയുടെ വഴി പിന്തുടരുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യാന്തര തലത്തില്‍തന്നെ ആന്ധ്രാ മോഡല്‍ ചര്‍ച്ചാ വിഷയമാകുന്നു. ഐതിഹാസികമായ ഈ വിജയഗാഥയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത്‌ ഒരു മലയാളിയിലാണ്‌- സിവില്‍ സര്‍വീസ്‌ എന്നത്‌ അധികാരത്തിനും അലങ്കാരത്തിനുമപ്പുറം ജനങ്ങളെ സേവിക്കലാണെന്ന ബോധ്യമുള്‍ക്കൊണ്ട ചെങ്ങന്നൂരുകാരന്‍ ജി. അശോക്‌ കുമാര്‍. 1991ലെ ഐ.എ.എസ്‌ ബാച്ചുകാരനായ ഇദ്ദേഹം ആന്ധ്രയില്‍ വിവിധ പദവികളില്‍ ശ്രദ്ധേയമായി സേവനമനുഷ്ടിച്ച ശേഷമാണ്‌ സംസ്ഥാന എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രോജക്ട്‌ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്‌.

എച്ച്‌.ഐ.വി/എയ്ഡ്സ്‌ ബാധയുടെ കണക്കുകള്‍ക്കു മുന്നില്‍ പകച്ചു നിന്നിരുന്ന സംസ്ഥാന സര്‍ക്കാര്‍ അശോക്‌ കുമാറിന്‍റെ നേതൃത്വത്തില്‍ സൊസൈറ്റി രൂപം നല്‍കിയ പദ്ധതികള്‍ക്ക്‌ അകമഴിഞ്ഞ പിന്തുണ നല്‍കി. രാഷ്ട്രീയ ഇച്ഛാശക്തിയും ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യവും ഒന്നു ചേര്‍ന്നപ്പോള്‍ അത്‌ ചരിത്രത്തിലേക്കുള്ള ചുവടുവെയ്പ്പായി.

ചങ്ങൂറ്റം തേടിയ പദ്ധതി
ചങ്കൂറ്റം കാട്ടുക(ബി ബോള്‍ഡ്‌)-എച്ച്‌.ഐ.വി/എയ്ഡ്സിനെതിരായ യുദ്ധത്തിനിറങ്ങുമ്പോള്‍ അശോക്‌ കുമാറും സംഘവും മുന്നോട്ടുവെച്ച ആഹ്വാനം ഇതായിരുന്നു. നാടിനെ അനുദിനം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന വന്‍ വിപത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുമുള്ളവര്‍ ചങ്കൂറ്റം കാട്ടണമെന്ന വിവക്ഷയിലാണ്‌ എച്ച്‌.ഐ.വി വിരുദ്ധ പദ്ധതിക്ക്‌ ഈ പേര്‌ നല്‍കിയത്‌. ഇന്ത്യയില്‍ വിവര സാങ്കേതിക വിദ്യാ വിപ്ളവത്തിന്‌ തുടക്കം കുറിച്ച നഗരങ്ങളിലൊന്ന്‌ ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദായിരുന്നു എന്ന്‌ ഓര്‍ക്കുക. എയ്ഡ്സിനെതിരായ പോരാട്ടത്തിലും അന്ധ്ര ഇപ്പോള്‍ മുന്‍പേ ഓടുകയാണ്‌. സംസ്ഥാനത്തെ വൈറസ്‌ ബാധയുടെ വ്യാപ്തി കണക്കാക്കുമ്പോള്‍ ഈ ഓട്ടം അനിവാര്യമാണെന്ന്‌ കാണാം. 2006 ഡിസംബര്‍ ഒന്നിനാണ്‌ ബി ബോള്‍ഡ്‌ പരിപാടിക്ക്‌ തുടക്കം കുറിച്ചത്‌.

മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡി മുതല്‍ ലെംഗീക തൊഴിലാളികള്‍വരെ ഈ മുന്നേറ്റത്തില്‍ കൈകോര്‍ത്തു. ഉദ്ഘാടന ദിനത്തില്‍ ധനമന്ത്രി കെ. റോസെയ്യയും ഡി.ജി.പി സ്വരജീത്‌ സെനും പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ അഗര്‍വാളും എച്ച്‌.ഐ.വി പരിശോധനക്ക്‌ വിധേയരായി. ഇതേ ചടങ്ങില്‍ കുട്ടികള്‍ക്ക്‌ ആന്‍റീ റിട്രോവൈറല്‍ ചികിത്സക്കുള്ള(എ.ആര്‍.ടി) മരുന്നുകളുടെയും പോഷകാഹാര പാക്കറ്റുകളുടെയും വിതരണത്തിന്‌ തുടക്കം കുറിച്ചു. ലോക എയ്ഡ്സ്‌ ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണ റാലികളും യോഗങ്ങളും അരങ്ങേറി. എച്ച്‌.ഐ.വി പരിശോധനക്ക്‌ ആളുകളെ സന്നദ്ധരാക്കാനും രോഗ ബാധിതര്‍ നേരിടുന്ന അവഗണ അവസാനിപ്പിക്കാനും ലക്ഷ്യമിടുന്ന പരിപാടി തരംഗമാകാന്‍ അധിക നാളുകള്‍ വേണ്ടിവന്നില്ല.

ഒരാഴ്ച്ചക്കുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും ആഭിമുഖ്യത്തില്‍ നടത്തിയ ബോധവല്‍ക്കരണ സമ്മേളനങ്ങളില്‍ അന്‍പതു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. ഗ്രാമസഭകള്‍ മുഖേന ലഘുലേഖകളും ജനങ്ങള്‍ക്ക്‌ സ്വയം വിലയിരുത്തുന്നതിനുള്ള ചോദ്യാവലിയും നല്‍കി. പരിശോധനക്ക്‌ സന്നദ്ധരാകാന്‍ അവരെ പ്രേരിപ്പിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ എഴുപതിനായിരത്തോളം പേര്‍ പരിശോധനക്ക്‌ വിധേയരായി. ഒരു മാസം കൊണ്ട്‌ ഈ സംഖ്യ 1.25 ലക്ഷമായി. മുഖ്യമന്ത്രിയും ആറു മന്ത്രിമാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിയമസഭാകക്ഷി നേതാക്കളും 75 എം.എല്‍.എമാരും ഇതില്‍ ഉള്‍പ്പെടുമെന്നറിയുമ്പോഴാണ്‌ ആന്ധ്രിലെ രാഷ്ട്രീയ നേതൃത്വത്തെ നാം നമിക്കുക.

ആറു മാസത്തിനുള്ളില്‍ പത്തു ലക്ഷം പേരാണ്‌ എച്ച്‌.ഐ.വി സ്ഥിതി പരിശോധിക്കാന്‍ എത്തിയത്‌. എച്ച്‌.ഐ. വി/എയ്ഡ്സിനെക്കുറിച്ച്‌ സംസാരിക്കാനും പരിശോധനക്ക്‌ വിധേയരാകാനും ധൈര്യം കാട്ടുക, പരിശോധനാ ഫലം എന്തായാലും അംഗീകരിക്കാനും അതിന്‌ അനുസരിച്ച്‌ ജീവിത ശൈലിയില്‍ മാറ്റം വരുത്താനും തയാറാകുക, രോഗ ബാധ കണ്ടെത്തുന്നവര്‍ ജീവിതത്തോട്‌ ക്രിയാത്മക സമീപനം സ്വീകരിക്കുക, എച്ച്‌.ഐ. വി/എയ്ഡ്സിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ടെലിഫോണ്‍ ഹെല്‍പ്പ്‌ ലൈനില്‍ ബന്ധപ്പെടുക, രോഗമില്ലെന്ന്‌ സ്ഥിരീകരിക്കുന്നവര്‍ രോഗബാധക്കുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക തുടങ്ങി സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങളാണ്‌ ബീ ബോള്‍ഡ്‌ പദ്ധതി മുന്നോട്ടു നീങ്ങിയത്‌.

എച്ച്‌.ഐ.വി ബാധിതര്‍ക്ക്‌ പരിചരണം നല്‍കാന്‍ കുടുംബാംഗങ്ങളെയും ചികിത്സിക്കാന്‍ ഡോക്ടര്‍മാരെയും വൈറസ്‌ ബാധിച്ച കുട്ടികള്‍ക്ക്‌ സ്കൂളുകളില്‍ പ്രവേശനം നല്‍കാന്‍ അധ്യാപകരെയും രോഗികളായ സുഹൃത്തുക്കളെ അംഗീകരിക്കാനും രോഗത്തിനെതിരായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും യുവതലമുറയെയും സന്നദ്ധരാക്കുന്നതിനുള്ള നീക്കങ്ങള്‍ ഫലപ്രദമാണെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഗള്‍ഭനിരോധന ഉറയില്ലാതെ ലൈംഗീക ബന്ധത്തിന്‌ തയാറെല്ലെന്ന്‌ പറയാന്‍ സ്ത്രീകളും വിവാഹവേളയില്‍ വരന്‍റെ എച്ച്‌.ഐ.വി സ്ഥിതി അന്വേഷിക്കാന്‍ യുവതികളും ധൈര്യം കാട്ടണമെന്ന്‌ പദ്ധതി ആഹ്വാനം ചെയ്തു.

കൂടുതല്‍ ആളുകളെ പരിശോധനക്ക്‌ വിധേയരാക്കുന്നതാണ്‌ എച്ച്‌.ഐ.വി/എയ്ഡ്സിനെതിരായ ഫലപ്രദമായ പോരാട്ടമെന്ന്‌ ഈ വര്‍ഷം ജൂണില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നയരേഖയില്‍ വ്യക്തമാക്കിയിരുന്നു. രോഗ ബാധിതരില്‍ കേവലം 13 ശതമാനം ആളുകള്‍ക്കു മാത്രമാണ്‌ തങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ അറിവുള്ളത്‌. പരിശോധനക്കു വിധേയമാകുന്നതിനുള്ള വിമുഖതയും എച്ച്‌.ഐ.വി. പോസിറ്റീവായവര്‍ക്ക്‌ ലഭിക്കുന്ന പരിചരണണം, പിന്തുണ, ആരോഗ്യ സേവനം തുടങ്ങിയവയെ കുറിച്ചുള്ള അറിവില്ലായ്മയും മൂലമാണ്‌ ആളുകള്‍ പരിശോധനാ കേന്ദ്രങ്ങളില്‍ എത്താന്‍ മടിക്കുന്നത്‌. ഫലപ്രദമായ ഇടപെടലുകളിലൂടെയും ബോധവല്‍ക്കണത്തിലൂടെയും ഈ സ്ഥിതിയില്‍ മാറ്റം വരുത്താനാകുമെന്ന്‌ അന്ധ്രയിലെ അനുഭവം വ്യക്തമാക്കുന്നു.

മാറ്റങ്ങളുടെ വര്‍ഷം
എച്ച്‌.ഐ.വി/എയ്ഡ്സ്‌ മറ്റേതു രോഗവും പോലെയാണെന്ന യാഥാര്‍ത്ഥ്യം ഒരു സംസ്ഥാനം മുഴുവന്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ പദ്ധതിയുടെ പ്രധാന വിജയം. പരിശോധനക്ക്‌ വിധേയമാകുന്നതില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന അപകര്‍ഷതാ ബോധം പാടെ മാറിയിരിക്കുന്നു. രോഗമുണ്ടെന്ന്‌ കണ്ടെത്തുന്നവര്‍ നിരാശരാകാതെ ആരോഗ്യ പരിരക്ഷയില്‍ ശ്രദ്ധിക്കുന്നു. ആന്‍റീ റിട്രോവൈറല്‍ തെറാപ്പിക്ക്‌ വിധേയരാകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 3000 ല്‍നിന്ന്‌ 16400 ആയി വര്‍ധിച്ചിരിക്കുന്നു.

"മുന്‍പ്‌ പരിശോധനക്ക്‌ എത്തുമ്പോള്‍ ആളുകള്‍ക്ക്‌ പലവിധ ആശങ്കകളാണ്‌ ഉണ്ടായിരുന്നത്‌. പോസിറ്റീവെന്ന്‌ കണ്ടെത്തിയാല്‍ എന്തു ചെയ്യും എന്നതായിരുന്നു അവരുടെ മനസിലെ പ്രധാന ചോദ്യം. ഇപ്പോള്‍ ഇതിന്‌ ഉത്തരമുണ്ട്‌. എ.ആര്‍.ടി കേന്ദ്രങ്ങളിലും മറ്റും പോസിറ്റീവായവര്‍ക്ക്‌ പരിചരണം നല്‍കിവരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകള്‍ പരിശോധനക്ക്‌ വിധേയരാകുന്നു. പോസീറ്റീവെന്ന്‌ കണ്ടെത്തുന്നവര്‍ രോഗം പകര്‍ത്താതിരിക്കാന്‍ ശ്രദ്ധചെലുത്തുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ തോത്‌ ഗണ്യമായി കുറഞ്ഞതായി അടുത്തയിടെ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു"-അശോക്‌ കുമാര്‍ പറയുന്നു.

ഇന്ന്‌ ജനപ്രതിനിധികളും പൊതുജനങ്ങളുമൊക്കെ മറ്റ്‌ ഏതു രോഗങ്ങളെയും കുറിച്ചെന്ന പോലെ എയ്സിനെക്കുറിച്ച്‌ സംസാരിക്കാന്‍ ധൈര്യം കാട്ടുന്നു. പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാര്‍ എച്ച്‌.ഐ.വി ബാധിതരെ ചികിത്സിക്കാന്‍ സന്നദ്ധത കാട്ടുന്നു. "ഈ വര്‍ഷം ഡിസംബര്‍ ഒന്നിന്‌ പദ്ധതി ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്ത്‌ പുതിയതായി എച്ച്‌.ഐ.വി ബാധിക്കുന്നവരുടെ സംഖ്യയില്‍ ശ്രദ്ധേയമായ കുറവുണ്ടാകും. എച്ച്‌.ഐ.വി പോസീറ്റിവായ അമ്മമാരില്‍നിന്ന്‌ കുട്ടികളിലേക്ക്‌ രോഗം പകരുന്നത്‌ തടയുന്നതിനുള്ള ശ്രമങ്ങള്‍ വാന്‍ വിജയം നേടിയിട്ടുണ്ട്‌"-അശോക്‌ കുമാര്‍ വ്യക്തമാക്കി.

വിജയം വന്ന വഴി
അസാധ്യമെന്ന്‌ പ്രവചിക്കപ്പെട്ട പലതും സാധ്യമാക്കിയ ചരിത്രമാണ്‌ അസോക്‌ കുമാറിന്‍റേത്. അതുതന്നെയാണ്‌ ബി ബോള്‍ഡ്‌ പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചത്‌. എച്ച്‌.ഐ.വിയുമായി ബന്ധപ്പെട്ട്‌ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള പ്രചാരണ വിഭാഗമായി മാത്രം കരുതപ്പെട്ടിരുന്ന എ.പി.എസ്‌.എ.സി.എസിനെ ലോകം ഉറ്റുനോക്കുന്ന ഒരു മുന്നേറ്റത്തിന്‍റെ സിരാകേന്ദ്രമാക്കി മാറ്റിയത്‌ അദ്ദേഹത്തിന്‍റെ ശുഭാപ്തി വിശ്വാസവും കഠിനാധ്വാനവുമാണ്‌. ശൂന്യതയില്‍നിന്ന്‌ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായുള്ള ഓരോ ചുവടുവെയ്പ്പുകളും വാര്‍ത്തകളില്‍ ഇടംനേടി.

നിലവില്‍ നിര്‍ജീവമായിരുന്ന ചില പദ്ധതികള്‍ക്ക്‌ ആര്‍ജവം പകര്‍ന്നതിനൊപ്പം തികച്ചും വ്യത്യസ്തമായ പരിപാടികളിലൂടെയാണ്‌ ബീ ബോള്‍ഡ്‌ പുരോഗമിച്ചത്‌. എച്ച്‌.ഐ.വി ബാധ രൂക്ഷമായിരുന്ന നിസാമബാദ്‌ ജില്ലയില്‍ ദിനപ്പത്രത്തിനൊപ്പം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തത്‌ ഉള്‍പ്പെടെയുള്ള വേറിട്ട പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും. പ്രാഥമിക നടപടികളുടെ ഭാഗമായി എച്ച്‌.ഐ.വി ടെസ്റ്റിംഗ്‌ കേന്ദ്രങ്ങളുടെയും കെയര്‍ സപ്പോര്‍ട്ട്‌ സെണ്റ്ററുകളുടെയും എസ്‌.ടി.ഡി ക്ളിനിക്കുകളുടെയും മേല്‍വിലാസം അടങ്ങുന്ന ഡയറക്ടറി പ്രകാശനം ചെയ്തു. എച്ച്‌.ഐ.വിയുമായി ബന്ധപ്പെട്ട ചോദ്യാവലിയും ജില്ലകളില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രണ്ട്‌ പ്രധാന തെലുങ്ക്‌ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന്‌ ഹെല്‍പ്‌ ലൈനിലേക്കുള്ള ടെലിഫോണ്‍ കോളുകളുടെ എണ്ണം എട്ടു മടങ്ങ്‌ വര്‍ധിച്ചു. എച്ച്‌.ഐ.വി പരിശോധനക്കുള്ള സൌകര്യങ്ങളെക്കുറിച്ചായിരുന്നു കൂടുതല്‍പേര്‍ക്കും അറിയേണ്ടിയിരുന്നത്‌.

പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമഗ്രമാക്കുന്നതിന്‌ ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി രക്ഷാധികാരിയും ചീഫ്‌ സെക്രട്ടറിയും ഡി.ജി.പിയും പതിനാറു വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും എച്ച്‌.ഐ.വി ബാധിതരുടെ സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട ഉന്നത തല കമ്മിറ്റിക്ക്‌ സര്‍ക്കാര്‍ രൂപം നല്‍കി. 2006 ഡിസംബര്‍ രണ്ടിന്‌ ജില്ലാ ലെപ്രസി ഓഫീസര്‍മാര്‍ക്ക്‌ എയ്ഡ്സ്‌ അനുബന്ധ പരിപാടികളുടെ കൂടി ചുമതല നല്‍കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായി. ഡ്രൈവിംഗ്‌ ലൈസന്‍സിനുള്ള എഴുത്തു പരീക്ഷയില്‍ എച്ച്‌.ഐ.വിയുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ഗതാഗത വകുപ്പ്‌ തീരുമാനമെടുത്തു. സംസ്ഥാനത്തെ 56 ക്യാമ്പുകളിലായി എല്ലാ പോലീസുകാര്‍ക്കും എച്ച്‌.ഐ.വി പരിശോധനക്ക്‌ വിധേയരാകുന്നതിന്‌ സംവിധാനം ഏര്‍പ്പെടുത്തി.

ലൈംഗീക തൊഴിലാളികളുടെ ബോധവല്‍ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പോലീസ്‌ ഡിപ്പാര്‍ട്മെന്‍റ് തിരിച്ചറിയല്‍കാര്‍ഡ്‌ നല്‍കി. 2006 ഡിസംബര്‍ ഏഴിന്‌ ഹൈദരാബാദില്‍ നടന്ന സംഗമത്തില്‍ ഐച്ച്‌.ഐ.വി/എയ്ഡ്സ്‌ ബാധിതരായ 3800 പേര്‍ പങ്കെടുത്തു. വൈറസ്‌ ബാധിതരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‌ ലക്ഷ്യമിട്ടാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഐച്ച്‌.ഐ.വി/എയ്ഡ്സ്‌ ബാധിതരുടെ ലോകത്തിലെ ഏറ്റവും വലിയ സംഗമമായാണ്‌ ഇത്‌ കരുതപ്പെടുന്നത്‌. ഈ ചടങ്ങില്‍ എച്ച്‌.ഐ.വി ബാധിതരുടെ സംഘടനയായ തെലുങ്ക്‌ നെറ്റ്‌വര്‍ക്ക്‌ ഓഫ്‌ പീപ്പിള്‍ ലിവിംഗ്‌ വിത്ത്‌ എച്ച്‌.ഐ.വി എയ്ഡ്സ്‌ പ്രസിഡന്‍റും അശോക്‌ കുമാറും ഹൈദരാബാദ്‌ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു.

അശോക് കുമാര്‍


എയ്ഡ്സ്‌ പ്രതിരോധം, നിയന്ത്രണം, ചികിത്സ, പരിചരണം, പിന്തുണ തുടങ്ങിയവയോടുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചു. വൈറസ്‌ പരത്തില്ലെന്നും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്നും പോസിറ്റീവ്‌ നെറ്റ്‌വര്‍ക്ക്‌ അംഗങ്ങള്‍ പ്രഖ്യാപിച്ചു. 23 ജില്ലകളില്‍നിന്ന്‌ എത്തിയവര്‍ എയ്ഡ്സിനെതിരായ പോരാട്ടത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ഒരു ദിവസം മുഴുവന്‍ വിനോദ പരിപാടികളുമായി ചെലവിടുകയും ചെയ്തു. മുങ്ങിത്താഴുന്ന ജീവിതത്തില്‍ അഞ്ചു വര്‍ഷം കൂടി അധികമായി ലഭിച്ച സന്തോഷമാണ്‌ സംഗമത്തിനു ശേഷമുണ്ടായതെന്ന്‌ ഗുണ്ടൂരില്‍നിന്നുള്ള എച്ച്‌.ഐ.വി ബാധിതയായ രമ പറഞ്ഞു. ഈ കൂട്ടായ്മയില്‍ എച്ച്‌.ഐ.വി ബാധിതരായ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ എ.പി.എസ്‌.എ.സി.എസ്‌ പുതുവത്സര ആസംസാ കാര്‍ഡായി പുറത്തിറക്കി. ഇതില്‍നിന്നുള്ള വരുമാനം ആന്‍റീ റിട്രോവൈറല്‍ തെറാപ്പിക്ക്‌ വിധേരാകുന്ന കുട്ടികള്‍ക്കായാണ്‌ ചെലവഴിക്കുന്നത്‌.

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും എച്ച്‌.ഐ.വി/എയ്ഡ്സ്‌ പ്രതിരോധ വിദ്യാഭ്യാസം നടപ്പാക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഡ്‌ റിബണ്‍ ക്ളബുകള്‍ ആരംഭിക്കണമെന്നാണ്‌ നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ നിര്‍ദേശം. ആന്ധ്രയിലുടനീളം ഇപ്പോള്‍ 25000 റെഡ്‌ റിബണ്‍ ക്ളബുകളാണുള്ളത്‌. എച്ച്‌.ഐ.വി ബാധിതരായ കുട്ടികള്‍ ഇപ്പോള്‍ കേരളത്തില്‍ ‍നേരിടുന്നതിനു സമാനമായ വിവേചനം നിലനിന്നിരുന്ന അന്ധ്രയില്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞതിന്‍റെ
ക്രെഡിറ്റ്‌ റെഡ്‌ റിബണ്‍ ക്ളബുകള്‍ക്കാണ്‌. മാത്രമല്ല വൈറസ്‌ ബാധിതരായ കുട്ടികളോട്‌ വിവേചനം കാട്ടുന്ന സ്കൂളുകള്‍ക്കെതിര സര്‍ക്കാര്‍ കടുത്ത നിലപാട്‌ സ്വീകരിക്കുന്നുമുണ്ട്‌.

"കുട്ടികളോട്‌ വിവേചനം കാണിക്കുന്നതായി വിവരം ലഭിച്ചാല്‍ അവിടുത്തെ ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായി ഓഫീസര്‍മാരെ അയക്കുകയാണ്‌ പതിവ്‌. അതുകൊണ്ട്‌ ഫലമുണ്ടായില്ലെങ്കില്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയോ രോഗബാധിതരായ കുട്ടികള്‍ക്കു വേണ്ടി മാത്രം തുടരുന്നതിനോ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്‌ പതിവ്‌"-അശോക്‌ കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനം റെഡ്‌ റിബണ്‍ ക്ളബുകള്‍ മുഖേന ഇരുപതു ലക്ഷത്തോളം ലഘുലേഖകള്‍ വിതരണം ചെയ്തതും ആളുകളുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ ഇടയാക്കിയിട്ടുണ്ട്‌.

2005 ല്‍ ആന്ധ്രയില്‍ ജനിച്ച പതിനാറു ലക്ഷംകുട്ടികളില്‍ എണ്ണായിരത്തിലധികം കുട്ടികള്‍ എച്ച്‌.ഐ.വി പോസിറ്റിവായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ എച്ച്‌.ഐ.വി ഇല്ലാത്ത പുതു തലമുറയെയാണ്‌ എ.പി.എസ്‌.എ.സി.എസ്‌ ലക്ഷ്യമിടുന്നത്‌. ഇതിനുള്ള നീക്കം വിജയ പാതയിലുമാണ്‌. അമ്മമാരില്‍നിന്ന്‌ നവജാത ശിശുക്കളിലേക്ക്‌ വൈറസ്‌ പകരുന്നത്‌ തടയാനുള്ള മുന്‍കരുതലുകള്‍ ഏറെ ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എച്ച്‌.ഐ.വി പോസിറ്റീവായ എല്ലാ ഗര്‍ഭിണികളെയും കണ്ടെത്തി മതിയായ പരിചരണം നല്‍കുകയും പ്രസവം ആശുപത്രികളില്‍തന്നെ നടത്തുകയും ചെയ്യുകയാണ്‌ ഇതിന്‍റെ ആദ്യ ഘട്ടം. ഇതിനായി കഴിഞ്ഞ ജൂലൈയില്‍ 80 സബ്‌ ഡിവിഷനുകളിലായി സന്നദ്ധ പ്രവര്‍ത്തകരെ സജ്ജരാക്കി. എച്ച്‌.ഐ.വി ബാധിതരായ സ്ത്രീകളുടെ പ്രസവം എടുക്കുന്നതിന്‌ എല്ലാ പ്രാധമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും താല്‍പര്യമുള്ള സ്വകാര്യ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി.

നെവിറാപിന്‍ എന്ന മരുന്നാണ്‌ അമ്മ മാരില്‍നിന്ന്‌ കുഞ്ഞുങ്ങളിലേക്ക്‌ വൈറസ്‌ പകരുന്നത്‌ തടയാന്‍ (പി.പി.ടി.സി.ടി). ഉപയോഗിക്കുന്നത്‌. പ്രസവ വേളയില്‍ മാതാവിന്‌ 200 മില്ലി ഗ്രാം ഗുളിക നല്‍കും. ജനിച്ച്‌ 72 മണിക്കൂറിനുള്ളില്‍ കുട്ടിക്ക്‌ ഒരു സ്പൂണ്‍ സിറപ്പും. രാജ്യത്തെ 235 കേന്ദ്രങ്ങളിലേക്ക്‌ നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഇത്‌ വ്യാപിപ്പിച്ചിട്ടുണ്ട്‌. ആന്ധ്രയില്‍ മാത്രം 37 പിപിടിസിടി കേന്ദ്രങ്ങളുണ്ട്‌. എച്ച്‌.ഐ.വി രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും സന്നദ്ധരായ ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ്‌ ബോള്‍ഡ്‌ ഡോക്ടേഴ്സ്‌ ക്ളബിലൂടെ ലക്ഷ്യമിട്ടത്‌. ഇത്തരം ഡോക്ടര്‍മാര്‍ക്ക്‌ എച്ച്‌.ഐ.വി ബാധിരായവരെയ ചികിത്സിക്കുന്നതിനും അവരുടെ പ്രസവമെടുക്കുന്നതിനും പരിശീലനം നല്‍കിവരുന്നു.

ഇന്ത്യയില്‍ ആകെ അഞ്ചു ദശലക്ഷം ആളുകള്‍ക്ക്‌ എച്ച്‌.ഐ.വി ബാധയുണ്ടെന്നാണ്‌ അനൌദ്യോഗിക കണക്ക്‌. ആന്ധ്രാ പ്രദേശ്‌, കര്‍ണാടകം, മഹാരാഷ്ട്ര, തമിഴ്നാട്‌ എന്നിവയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരൂം നാഗാലാന്‍റുമാണ്‌ കണക്കുകളില്‍ മുന്‍പന്തിയില്‍. ഈ വര്‍ഷം നാകോ നടത്തിയ പഠനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലും എച്ച്‌.ഐ.വി ബാധ വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക്‌ ആന്ധ്രയുടെ മാതൃത പിന്തുടരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന്‌ സാരം.


വിയര്‍പ്പൊഴുക്കി, വിസ്മയങ്ങളൊരുക്കി ചെങ്ങന്നൂരുകാരന്‍

സിവില്‍ സര്‍വീസില്‍ പതിനാറു വര്‍ഷം പിന്നിട്ട അശോക്‌ കുമാര്‍ സമൂഹത്തിന്‍റെ താഴേ തട്ടിലുള്ളവര്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ജനകീയനായ ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി നേടിയത്‌. ആന്ധ്രയിലെ രണ്ടു ഗ്രാമങ്ങള്‍ക്കും ഒരു തടാകത്തിനും ഇദ്ദേഹത്തിന്‍റെ പേരു നല്‍കിയിട്ടുണ്ടെന്ന്‌ അറിയുമ്പോഴാണ്‌ ജനങ്ങളും സര്‍ക്കാരും ഈ മലയാളിക്ക്‌ നല്‍കുന്ന ആദരം വ്യക്തമാവുക. മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡിയുടെ നിയോജക മണ്ഡലമായ പുലിവെണ്ടുലയിലും കടപ്പ ജില്ലയിലെ ചിത്‌വേല്‍ മണ്ഡലത്തിലുമാണ്‌ അശോക്‌ നഗര്‍ എന്ന്‌ അറിയപ്പെടുന്ന ഗ്രാമങ്ങളുള്ളത്‌.

അശോക് കുമാറും കുടുംബവും


ഏറെ വിദൂരമായ മലമുകളിലെ ഗ്രാമത്തിലുണ്ടായിരുന്ന 50 കുടുംബംഗങ്ങളെ പുനരധിവസിപ്പിച്ച സ്ഥലമാണ്‌ പുലിവെണ്ടുലയിലെ അശോക്‌ നഗര്‍. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍പോലും കടന്നു ചെല്ലാതിരുന്ന മലമുകളിലെത്തി ജനങ്ങളെ ബോധവല്‍ക്കരിച്ച്‌ സമതല പ്രദേശത്ത്‌ പുനരധിവസിപ്പിക്കാന്‍ മുന്‍കൈ എടുത്തത്‌ അന്ന്‌ ജില്ലാ കലക്ടറായിരുന്ന അശോക്‌ കുമാറായിരുന്നു. 2005 മേയില്‍ മുഖ്യമന്ത്രി തന്നെയാണ്‌ ഗ്രാമത്തിന്‍റെ നാമകരണം നിര്‍വഹിച്ചത്‌.

ബീഡി വ്യവസായ മേഖലയിലെ ബാല തൊഴിലാളികളുടെ ആധിക്യം കൊണ്ട്‌ കുപ്രസിദ്ധമായിരുന്ന നിസാമാബാദിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ബാലവേല തുടച്ചു നീക്കുന്നതിന്‌ മുന്‍കൈ എടുത്ത അശോക് കമാര്‍ ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷം കക്കുസൂകളുടെ നിര്‍മാണത്തിന്‌ വഴിയൊരുക്കിയ പദ്ധതിയും അനാചാരങ്ങളുമായി കഴിഞ്ഞിരുന്ന പൊതരാജു വിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവന്നതും ശ്രദ്ധ പിടിച്ചുപറ്റി. നിസാമാബാദില്‍ കലക്ടര്‍ മുന്‍കൈ എടുത്ത്‌ നവീകരിച്ച തടാകത്തിന്‌ നാട്ടുകാര്‍ അശോക്‌ സാഗര്‍ എന്ന്‌ നാമകരണം ചെയ്യുകയായിരുന്നു.

ഇന്‍റഗ്രേറ്റഡ്‌ ട്രൈബല്‍ ഡവലപ്മെന്‍റ് ഏജന്‍സി പ്രൊജക്ട്‌ ഓഫീസര്‍, വിവര സാങ്കേതിക വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി വിവിധ നിലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെച്ച അശോക്‌ കുമാര്‍ ഹൈദരാബാദ്‌ അര്‍ബന്‍ ഡവലപ്മെന്‍റ് വൈസ്‌ ചെയര്‍മാനായിരിക്കെ ഇന്ത്യയിലെ ആദ്യത്തെ ലേസര്‍ ഷോ ഗാലറിയായ ലുംബിനി ലേസേറിയത്തിന്‍റെ നിര്‍മാണത്തിന്‌ ചുക്കാന്‍ പിടിച്ചു. ആന്ധ്രാപ്രദേശ്‌ സ്പോര്‍ട്സ്‌ അതോറിറ്റി വൈസ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായിരിക്കെ ആഫ്രോ ഏഷ്യന്‍ ഗെയിംസ്‌ ലോക ബില്യാര്‍ഡ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌, ഹൈദരാബാദ്‌ ഓപണ്‍ ടെന്നീസ്‌ ടൂര്‍ണമെന്‍റ് തുടങ്ങിയവയുടെ നടത്തിപ്പില്‍ പങ്കാളിയായ ഇദ്ദേഹം 2010ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ ജമൈക്ക സന്ദര്‍ശിച്ച്‌ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ ജില്ലാ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ അശോക്‌ കുമാര്‍ കളക്ടറായിരുന്ന നിസാമാബാദായിരുന്നു ഒന്നാം സ്ഥാനത്ത്‌.

കേരള സര്‍ക്കാരിന്‍റെ മുന്‍ ഇന്‍ഷുറന്‍സ്‌ ഡയറക്ടറായിരുന്ന ആറന്‍മുള പൂവത്തൂറ്‍ അയ്യന്‍കോയിക്കല്‍ പി.എന്‍ ഗോപാലപിള്ളയുടെയും ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ അയ്യന്‍കോയിക്കല്‍ കുടുംബാംഗമായ രാജമ്മയുടെയും മകനായ അശോക്‌ കുമാര്‍ പത്താം റാങ്കോടെ എസ്‌.എസ്‌.എല്‍.സിയും സ്വര്‍ണ മെഡലോടെ ഹിന്ദി ഭൂഷണും നേടിയശേഷം ഇലക്ട്രോണിക്സ്‌ ആന്‍റ് കമ്യൂണിക്കേഷനില്‍ ബി.ടെക്‌ ബിരുദം നേടി. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ കോസ്മിക്‌ റേ ഫിസിക്സില്‍ ഗവേഷണം നടത്തുകയും ബാംഗ്ളൂരിലെ സി ഡോട്ടില്‍ ഡിസൈന്‍ എന്‍ജിനിയറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്‌.

ആന്ധ്രാപ്രദേശിലെ ഉത്നൂര്‍ സബ്‌ കളക്ടറാണ്‌ സിവില്‍ സര്‍വീസില്‍ തുടക്കം കുറിച്ചത്‌. ഭാര്യ ഡോ. ബിന്ദു യുനിസെഫിന്‍റെ എച്ച്‌.ഐ.വി കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നു. മുന്നാം ക്ളാസ്‌ വിദ്യാര്‍ഥിയായ ഗൌരവ്‌ ഏകമകനാണ്‌.